TravelBlogue

ഒരു ഇറാഖ് യാത്ര

Posted on: 23 Nov 2008

അജിത് നായര്‍, ബഹറിന്‍.



ഡിസംബര്‍ എന്റെ ജന്മമാസമാണ്. ബഹറിനില്‍ അപ്പോള്‍ മഞ്ഞുകാലമാണ്.. രണ്ടാമത്തെ മകന്‍ ജനിച്ചു. കുറച്ചു ദിവസങ്ങളെ ആയിട്ടൂള്ളൂ. മൂത്തമകന്റെ ജനന സമയത്ത് ഭാര്യയുടെ മാതാപിതാക്കള്‍ വന്നതുകൊണ്ട്, ഇത്തവണ എന്റെ അഛനും അമ്മയും കൂടെയുണ്ട്. അമ്മയുടെ പാചകത്തിന് ഇവിടുത്തെ ഹാര്‍ഡ് വാട്ടറിലും പഴയ രുചി. ജീവിതത്തില്‍ ആദ്യമായി 'പുതിയ' ഒരു കാര്‍ വാങ്ങിയതിന്റെ സന്തോഷവും ഉണ്ട് ഒരു ടൊയോട്ട കൊറോള. അച്ഛന് എത്രയും പെട്ടെന്ന് മടങ്ങി പോകാനുള്ള തിടുക്കം.

രാത്രി വളരെ വൈകിയാണു എന്റെ പ്രൊഡൂസര്‍ സഞ്ജയ് കപൂര്‍ വിളിച്ചത്. ഞാന്‍ തയ്യാറാണെന്നു പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ നേരില്‍ പറയാമെന്ന് പറഞ്ഞു ഫോണ്‍ വച്ചു. അല്പം വ്യത്യസ്തമായ ഒരു ഷൂട്ടിംഗ്. നാഷണല്‍ ജിയൊഗ്രാഫിക്, ബി.ബി.സി, ഹിസ്റ്ററി ചാനല്‍ തുടങ്ങിയവര്‍ക്കു സ്ഥിരമായി ഡോക്കുമെന്ററി പ്രോജക്റ്റുകളില്‍ സഹകരിക്കാറുള്ളതു കൊണ്ട് അതിലുള്ള ആരോ കൊടുത്ത ഒരു റഫറന്‍സ്.

പിറ്റേന്ന് കാലത്ത് തന്നെ സഞ്ജയ് കപൂര്‍ എല്ലാം വിശദമായി സംസാരിച്ചു. നാലു ദിവസം അടുപ്പിച്ചു ഷൂട്ടിംഗ്. ഇ.എന്‍.ജി. (ഇലട്രോണിക് ന്യൂസ് ഗാതെറിംഗ്) രീതിയായതു കൊണ്ട് ജിമ്മി ജിബ്, മിനി ക്രെയിന്‍, ട്രോളി ഇവയൊന്നും വേണ്ട, മാത്രമല്ല ബേസിക് ലൈറ്റ് കിറ്റ് മതി. 'അല്ല, അതു പോട്ടെ, ലോക്കേഷന്‍ എവിടെയാണെന്ന് പറഞ്ഞില്ലല്ലോ?' 'അതാണു അജിത്, ഞാന്‍ പറയാന്‍ പോകുന്നത്, അത് അവര്‍ക്കും അറിയില്ലത്രേ. രണ്ട് പ്രൈം ലൊക്കേഷനുകള്‍ ഉണ്ടാകും അതിലൊന്ന്, ഒരു പടക്കപ്പലിലും, മറ്റൊന്ന്, ഓഷ്യന്‍-8 എന്ന് പേരിട്ട ഒരു ബാര്‍ജ്ജില്‍ ആയിരിക്കും. ഒരു ലക്ഷം ദിനാറിന്റെ ഇന്‍ഷൂറന്‍സ് പോളിസി അവര്‍ അറേഞ്ച് ചെയ്യും'

എനിക്കല്പം പരിഭ്രാന്തിയായി. മാത്രമല്ല ഈ ദിവസങ്ങളില്‍ മൊബൈലില്‍ പോലും കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയില്ലെന്നും പറഞ്ഞു. വേണമെങ്കില്‍ ഒഴിഞ്ഞു മാറാം. പക്ഷെ ഷൂട്ടിംഗിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ എനിക്ക് പിന്നെയും ആവേശം. മൊണ്ടല്‍ വില്യംസ് എന്ന വിഖ്യാതനായി യു.എസ്. ടെലിവിഷന്‍ അവതാരകന്റെ കൂടെയാണ് യാത്ര.

പക്ഷെ, പിന്നെയും നിബന്ധനകള്‍, ഒരാള്‍ മാത്രമെ പോകാന്‍ പാടുള്ളൂ. എല്ലാ സാങ്കേതിക ഉപകരണങ്ങളും ഞാന്‍ ഒറ്റക്ക് കൈകാര്യം ചെയ്യണം. രണ്ട് ക്യാമറ, ഇന്റര്‍വ്യൂ ലൈറ്റിംഗ്, ബൂം മൈക്ക്, ടേപ്പ് മാനേജ്‌മെന്റ് , ലോഗ്ഗിംഗ് എല്ലാം. ഒരേ പോലെയുള്ള രണ്ട് HD ക്യാമറ വേണമെന്നവര്‍ പറഞ്ഞതു കൊണ്ട്, പിറ്റേ ദിവസം തന്നെ ഞങ്ങളുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ഉണ്ണിക്യഷണന്‍ കുന്നത്ത് ദുബായില്‍ നിന്നും രണ്ട് JVC HDV ക്യാമറ പോയി വാങ്ങി. ലെന്‍സ് അടക്കമാണ് പാക്കേജ്. രണ്ട് വൈഡ് ലെന്‍സ് അഡാപ്ടര്‍ കൂടി വാങ്ങി. വീണ്ടും ഒരു പ്രശ്‌നം. അതിന്റെ കൂടെയുള്ള ചെറിയ ബാറ്ററി വെറും 25 മിനുട്ട് മാത്രമെ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. ഇത്തരം യാത്രകളില്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. പുതിയ മോഡല്‍ ക്യാമറയാണ് തേര്‍ഡ് പാര്‍ട്ടി ആക്‌സസ്സറികള്‍ ഒക്കെ മാര്‍ക്കറ്റില്‍ എത്തുന്നതേയുള്ളൂ. ഞാനും സഞ്ജയും കൂടി നെറ്റ് മൊത്തം തപ്പി നോക്കിയപ്പോള്‍ ആന്റന്‍ ബോവര്‍ എന്ന കമ്പനി ഇതിനു വേണ്ടി ബാറ്ററി മൌണ്ട് തയ്യാറാക്കിയിട്ടുണ്ട്. ആ മൌണ്ട് ഘടിപ്പിച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ കൈവശം ഉള്ള വലിയ ബാറ്ററികള്‍ ഉപയോഗിക്കാം. രണ്ട് ദിവസം കൊണ്ട് സാധനം എത്തി.

മകന്‍ ജനിച്ചപ്പോള്‍ ബിലിറൂബിന്‍ കൌണ്ട് കൂടുതല്‍ ആയതിനാല്‍ ദിവസവും രാവിലെയുള്ള സൂര്യ പ്രകാശം കാണിക്കാന്‍ ടെറസ്സില്‍ കൊണ്ടു പോകണം. രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല പുതിയ ക്യാമറയുടെ കാറ്റലോഗ് മുഴുവനും വായിച്ചു മെനു ഒക്കെ ശരിക്കും മനസ്സിലായില്ലെങ്കില്‍ ഫീല്‍ഡില്‍ പോകുമ്പോള്‍ ബുദ്ധിമുട്ടും. 'Inventor of home video' എന്ന് അവകാശപ്പെടുന്ന JVC, സാങ്കേതിക വിദ്യകളില്‍ സോണി, പാനസോണിക്ക് എന്നിവയെക്കാള്‍ എത്രയോ പുറകില്‍ ആണെന്നു വീണ്ടും തിരിച്ചറിഞ്ഞു. എന്റെ വിരല്‍ തുമ്പില്‍ ഞാനാഗ്രഹിക്കുന്ന രീതിയില്‍ റിസള്‍ട്ട് തരുന്ന എന്റെ പ്രിയപ്പെട്ട സോണി ഡിജിറ്റല്‍ ബീറ്റാകാമിനെ ഞാന്‍ നന്ദിയോടെ സ്മരിച്ചു.

പിറ്റേന്ന് പുലര്‍ച്ചെ യാത്ര തിരിക്കണം. അന്നു സന്ധ്യക്ക് മൊണ്ടല്‍ വില്യംസിന്റെ കൂടെയുള്ള സ്റ്റീവ് എന്ന പ്രോഡൂസര്‍ ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി കാണാന്‍ വരുന്നുണ്ട്. ജോലിയുടെ വിശദാംശങ്ങള്‍ സംസാരിക്കുക, ഉപകരണങ്ങള്‍ കാണുക, പരിശോധിക്കുക.
സ്റ്റീവ് വളരെ സൌഹ്യദപരമായി പെരുമാറുന്ന ഒരു പ്രൊഡ്യൂസര്‍ / ക്യാമറമാന്‍ ആണെന്ന് മനസ്സിലായപ്പോള്‍ എനിക്കു പകുതി ആശ്വാസമായി. യു. എസ്. പൌരനാണ്. ക്യാമറാ മൈക്കിനു പകരം അദ്ദേഹം കൊണ്ടു വന്ന Sennheiser Boom Mic ക്യാമറയിലും പിടിപ്പിച്ചു. വളരെ കുറച്ചു ലൈറ്റുകള്‍ മാത്രം കൊണ്ടു പോയാല്‍ മതി എന്നദ്ദേഹം പറഞ്ഞു. ഏങ്കിലും ഒരു Kino Flow, രണ്ട് Arri 300, രണ്ട് Arri 650 എന്നിവ ഞാന്‍ എടുത്തു വച്ചു.

അപ്പോള്‍ വരുന്നു അടുത്ത പ്രശ്‌നം. കപ്പലിലും മറ്റും കറണ്ട് 110V ആണ്. അതിനായി ഒരു സ്‌റ്റെപ് അപ്പ് ട്രാന്‍ഫോര്‍മര്‍ കൂടി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ഉണ്ണി എവിടെ നിന്നോ സംഘടിപ്പിച്ചു. ഒരു കെട്ട് ബാറ്ററി, ഗാഫര്‍ ടേപ്പുകള്‍ തുടങ്ങി ഒരു മിനി പ്രൊഡക്ഷന്‍ കിറ്റ് തന്നെ ഞാന്‍ ഒരുക്കി വെച്ചു. സ്റ്റീവ്, ഡിപ്ലോമാറ്റിക് ഹോട്ടലിലേക്കു മടങ്ങി. ഞാനും ഉണ്ണിയും മടങ്ങുമ്പോള്‍ രാത്രി 12 മണി. രാവിലെ 4 മണിക്കാണ് കോള്‍. ഹോട്ടലില്‍ എത്തണം. ഉണ്ണി വരാമെന്നു പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നു. മൂത്ത മകന്‍ എന്നെ കാണാതെ വാശി പിടിച്ചു കരഞ്ഞു ഉറങ്ങിയെന്നു പറഞ്ഞു. ബെഡ് റൂമിലെ അരണ്ട വെളിച്ചത്തില്‍ ചെറിയ ആള്‍ സുഖമായി ഉറങ്ങുന്നു. എന്നെ കണ്ടപ്പോള്‍ ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഭാര്യ എഴുന്നേറ്റു.

എനിക്കു കൊണ്ടു പോകേണ്ടതെല്ലാം എടുത്തു വച്ചിരിക്കുന്നുവെന്ന് ആഗ്യം കാണിച്ചു. എടുത്തു വച്ചിരിക്കുന്ന സാധങ്ങളുടെ കുറിപ്പും കൂടെ ഉണ്ടാകും. അവള്‍ അങ്ങിനെയാണ്. ഒരു നഴ്‌സിന്റെ ചിട്ട എല്ലാത്തിലും കാണും.

ഒരു സ്ട്രിപ് പാരസെറ്റമോള്‍, ഒരു ഷാള്‍, അങ്ങിനെ കുറെ പക്ഷെ എന്നെ ഏല്പിച്ച ഒരു നിസാര കാര്യം ഞാന്‍ മറന്നു. തണുപ്പായതു കൊണ്ട് ഒരു നെബുലൈസര്‍ വാങ്ങാന്‍ പറഞ്ഞിരിരുന്നു. അമ്മ ചോറു വിളമ്പി. ഞാന്‍? ഇത്തരം യാത്രകള്‍ എപ്പോഴും നടത്താറുണ്ടോ എന്നും ഇനിയും ഇത്തരം യാത്രകള്‍ ഉണ്ടാകുമോ എന്നു അമ്മയ്ക്ക് അറിയണം. സാധാരണ കുറച്ചു ദിവങ്ങള്‍ക്കായി ഞാന്‍ രാജ്യം വിട്ടു പോകുന്ന കാര്യം നാട്ടില്‍ അറിയിക്കാറില്ല. ഭാര്യ കൂടി ജോലിക്കു പോയാലും ഒരു വീടു മുഴുവനും വളരെ ഭംഗിയായി കൊണ്ടു നടക്കുന്ന രുഗ്മിണിയേടത്തി എന്ന മഹാപ്രതിഭ ഞങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന കാലഘട്ടം. പിന്നെ എന്തിനു പറയണം എന്നു കരുതും?

പുലര്‍ച്ചെ മൂന്നുമണിക്കു എഴുന്നേറ്റു. അമ്മ എഴുന്നേറ്റിരുന്നു. ദോശയും റെഡി. കുറച്ച് പൊതിഞ്ഞ് എടുക്കുന്നോ എന്നു ചോദിച്ചു പാവം അമ്മ. ഉണ്ണിയുടെ മിസ്സ് കോള്‍ കിട്ടി. ഞങ്ങള്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ 4 മണി ആയിട്ടില്ല. പക്ഷെ അവരെല്ലാം താഴെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. മൊണ്ടല്‍ വില്യംസിനെ സ്റ്റീവ് പരിചയപ്പെടുത്തി. ഒപ്പം ഡോണ എന്ന ഒരു സ്ത്രീയും. ടേപ്പ് (ഷൂട്ടിംഗ് കഴിഞ്ഞ കേസറ്റ്) മേനേജ്‌മെന്റും. ലോഗിംഗും ഡോണ ചെയ്യുമെന്ന് സ്റ്റീവ് പറഞ്ഞു. ജോലി ഭാരം പിന്നെയും കുറയുന്നു. സ്റ്റീവിന്റെ കൈയ്യില്‍ ഒരു പാനസോണിക് P2 ക്യാമറ ഉണ്ട്. മെമ്മറി സ്റ്റിക്കി? 30 മിനുട്ടോളം HD quality യില്‍ റിക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ക്യാമറയാണത്.

അതില്‍ അയാള്‍ ഒരു വൈഡ് ആങ്കിള്‍ അഡാപ്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഹോട്ടലിനു പുറത്തുള്ള ദ്യശ്യങ്ങള്‍ പകര്‍ത്തുകയാണയാള്‍. ഉണ്ണിയും ഞാനും കൂടി ഞങ്ങളുടെ ഗീറുകള്‍ (ഷൂട്ടിംഗ് സാമഗ്രികള്‍ക്കുള്ള ഓമനപ്പേര്) വാനില്‍ നിന്നും പുറത്തെടുത്തു. ഒരു വലിയ GMC വന്നു നിന്നു. നേവല്‍ ബേസിന്റെതാണ്. പബ്ലിക് റിലേഷന്‍സിലെ ഒരു ഉദ്യോഗസ്ഥ ഞങ്ങളെ അഭിവാദ്യം ചെയ്തു. ഗീറുകള്‍ GMCയില്‍ കയറ്റാന്‍ സഹായിച്ചതിനുശേഷം ഉണ്ണി യാത്ര പറഞ്ഞു.

'നെബുലൈസര്‍ മെഷ്യന്‍ ഞാന്‍ ഇന്നു തന്നെ വാങ്ങി കൊടുക്കാം.. ടേക്ക് കേര്‍.. ഓള്‍ ദ് ബെസ്റ്റ്'. വാനിലുള്ള യാത്രയില്‍ മൊണ്ടല്‍
എന്നോടു വളരെ ഫ്രീ ആയി സംസാരിച്ചു. എനിക്കു ദിവങ്ങള്‍ മാത്രം പ്രായമുള്ള ഒരു മകന്‍ ഉള്ള കാര്യമൊക്കെ അയാളോട് പറഞ്ഞു.
ബഹറിന്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ഒരു ഗേറ്റ്. യു.എസ്. മിലിട്ടറി ആവശ്യങ്ങള്‍ക്കായുള്ള ഒരു പ്രത്യേക ഇമിഗ്രേഷന്‍ സംവിധാനം.
അവിടെയുള്ള വെള്ളക്കാരൊക്കെ മൊണ്ടലിനെ ആരാധനയോടെ നോക്കുന്നുണ്ട്. ചിലരൊക്കെ അടുത്തു വന്നു സംസാരിക്കുന്നുമുണ്ട്.
ചിലതൊക്കെ സ്റ്റീവ് ക്യാമറയില്‍ പകര്‍ത്തുന്നു.

മൊണ്ടലിനു നടക്കാന്‍ അല്പം പ്രയാസം ഉണ്ട്. 12 വര്‍ഷം നേവിയില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരുന്ന ആളാണ്. Multiple sclerosis ബാധിച്ചിട്ടുണ്ട്. ഒരു athletഉം സംഗീതഞ്ജനും കൂടിയാണ്. കാലിന്റെ മുട്ടിന് ഒരു ശസ്ത്രക്രിയ നടത്തിയതു കൊണ്ട് നടക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

എങ്കിലും 50 വയസ്സുള്ള ഒരാളെക്കാള്‍ എത്രയോ ആവേശം ആ നാവികനിലുണ്ട്. 'hi sweety. merry Xmas & Happy New Year' യൂണിഫൊമിലുള്ള ഒരു യു.എസ്. സൈനികന്റെ ആശംസ ക്യാമറയില്‍ പകര്‍ത്തി സ്റ്റീവ്. വിവിധ സൈനിക താവളങ്ങളില്‍ സൈനികരുമായി അഭിമുഖം. ഒപ്പം അവരില്‍ നിന്നും ക്രിസ്തുമസ് ആശംസകള്‍ സ്വീകരിക്കുക. നമ്മുടെ ചാനലുകള്‍ ചെയ്യുന്നതു പോലെ തന്നെ, പക്ഷെ രീതി ഒത്തിരി വ്യത്യസ്തമാണ്.

ഞങ്ങളുടെ പാസ് പോര്‍ട്ടുകള്‍ ഒക്കെ നേവി ഉദ്യോഗസ്ഥ വാങ്ങി കൊണ്ടു പോയി. ഗീറുകള്‍ സ്‌കാനിങിന് ഇട്ടു. കുറെ ചാര നിറത്തിലുള്ള സൈനിക വിമാനങ്ങള്‍. കാണാന്‍ നമ്മുടെ സുരേഷ് ഗോപിയെ പോലെയുള്ള ഒരു പട്ടാളക്കാരന്‍ വന്നു

ഞങ്ങളുടെ ഗീറുകള്‍ ഒക്കെ കൊണ്ടു പോയി. ഇരുപതു മിനിട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വിമാനത്തില്‍ കയറി. മുപ്പതോളം ആളുകള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ഒരു ചെറിയ വിമാനം. അതു സി130 എന്ന യുദ്ധ വിമാനങ്ങളുടെ ശ്രേണിയില്‍പ്പെട്ടതാണെന്ന് ഞാന്‍ പിന്നെ അറിഞ്ഞു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പുറം തിരിഞ്ഞ് ഇരിക്കണം. വിമാനത്തിന്റെ പുറക് വശത്തേക്ക് നോക്കിയിരിക്കണം. വിന്‍ഡോ കുറവ്. ദേഹം മുഴുവനും വരിഞ്ഞു കെട്ടുന്ന ഒരു തരം സീറ്റ് ബെല്‍ട്ട്. അതു കെട്ടി തന്ന സുരേഷ് ഗോപി പട്ടാളക്കാരന്‍ അയാള്‍ക്കുള്ള സീറ്റില്‍ ഈ ബാന്ധവങ്ങള്‍ ഒന്നും ഇല്ലാതെ നില ഉറപ്പിച്ചു. റണ്‍വേയില്‍ അധികം ഓടാതെ തന്നെ എളുപ്പം പറന്നുയര്‍ന്നു. യുദ്ധ വിമാനങ്ങള്‍ അങ്ങിനെയാണത്രെ. ഒന്നര മണിക്കൂറോളം പറന്നു.

ലാന്റ് ചെയ്യാന്‍ പോവുകയാണെന്ന സന്ദേശം വന്നു. 'He we go..' സുരേഷ് ഗോപി പട്ടാളക്കാരന്‍ വിളിച്ചു കൂവി. ലാന്റിംഗ് smooth അല്ല, ഇടിച്ചിറങ്ങിയത് നന്നായി അറിഞ്ഞു. 'We missed the cable...will go again' അപ്പോഴാണറിഞ്ഞതു ലാന്റ് ചെയ്യാ്്ന്‍ പോകുന്നത് ഒരു കപ്പലിനു മുകളിലാണെന്നും, ലാന്റ് ചെയ്തതിനു ശേഷം സാധാരണ വിമാനങ്ങളെ പോലെ റണ്‍ വേയിലൂടെ കുറെ ഓടിയതിനു ശേഷം വേഗത കുറച്ച് നിര്‍ത്താന്‍ കഴിയാത്തതു കൊണ്ട്, ഉദ്ദേശം ആറു മീറ്റര്‍ നീളമുള്ള സ്റ്റീല്‍ കമ്പി ഉപയോഗിച്ചു തടുത്തു നിര്‍ത്തുകയാണ് പതിവെന്നും ആ കേബിള്‍ ആണ് കിട്ടാതെ മിസ്സായത്. കപ്പലിന്റെ തട്ടില്‍ നിന്നും വന്ന പോലെ തന്നെ വിമാനം ആകാശത്തിലേക്കു പറന്നുയര്‍ന്നു. ഒന്നു കൂടി വട്ടം കറങ്ങി വീണ്ടും. 'He..We..go' ഓടുന്ന ഒരു വണ്ടിയുടെ അടിയില്‍ പെട്ടന്ന് ഒരു തടിക്കഷണം ഇട്ടു തടഞ്ഞു നിര്‍ത്തിയ പോലെയുള്ള ഒരു ശബ്ദം.

വിമാനം നിന്നു. ചെറിയ മഴച്ചാറല്‍ ഞങ്ങളെ ആ കപ്പലിലെ പി.ആര്‍.ഒ, ഫോട്ടോ ഓഫീസര്‍ എന്നിവര്‍ സ്വീകരിച്ചു. അവരുടെ ഓഫീസിലെത്തി അല്പം ചൂടു കാപ്പി കുടിച്ചു. കപ്പലിന്റെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കി ലോകത്തില്‍ വച്ച് ഏറ്റവും വലിയ രണ്ടാമതെ പടക്കപ്പലായ USS Dwight D. Eisenhower CVN 69 എന്ന ന്യൂക്ലിയര്‍ കാരിയറിലാണ് ഞാനിപ്പോള്‍ ഏകദേശം 1000 അടി നീളവും, 250 അടി വീതിയും ഫ്‌ലൈറ്റ് ഡെക്ക്. എന്നുവെച്ചാല്‍ 75 യുദ്ധവിമാനങ്ങള്‍ക്കായി നാലര ഏക്രയോളം വിസ്തീര്‍ണ്ണമുള്ള കപ്പല്‍തട്ട്. അയ്യായിരത്തോളം ജോലിക്കാര്‍. അതില്‍ മിക്കവരും പതിനെട്ടിനും പത്തൊന്‍പതിനും മധ്യേ പ്രായമുള്ളവര്‍. ക്യാപ്റ്റന്റെ പ്രായം 26 വയസ്സ്. ഇനിയും ഒരു 20 വര്‍ഷം പ്രവര്‍ത്തിക്കാനുള്ള ആണവ ഇന്ധനം അതില്‍ ഉണ്ടത്രേ. മൊണ്ടല്‍ ഒരു നേവി ഉദ്യോഗസ്ഥനായിരുന്നതു കൊണ്ട് എനിക്കും സ്റ്റീവിനും ഡോണയ്ക്കും എല്ലാം വിശദമായി പറഞ്ഞു തന്നു കൊണ്ടേയിരുന്നു.

'പത്തു മിനിട്ടു കൊണ്ട് നമുക്കു ജോലി തുടങ്ങാം' ഞങ്ങള്‍ക്ക് ഫോട്ടോ ഓഫീസര്‍ ഒരു റൂം കാണിച്ചു തന്നു. ഞങ്ങള്‍ ഗീറുകള്‍ എല്ലാം പുറത്തെടുത്തു. ഒരു ക്യാമറയില്‍ വയര്‍ലസ്സ് ക്ലിപ് മൈക്ക് ഇട്ടു ആ ക്യാമറ ഞാന്‍ എടുത്തു. പക്ഷെ കപ്പലിലുള്ള മറ്റു സിഗ്‌നലുകളുടെ തടസ്സം കാരണം ശബ്ദം ശരിയാകുന്നില്ല. ഫോട്ടൊ ഓഫീസര്‍ എന്നെ അവരുടെ സ്‌റ്റോറിലേക്ക് കൊണ്ടു പോയി ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയെ വെല്ലുന്ന തരത്തിലുള്ള ആധുനിക ഓഡിയോ വീഡിയോ സാമഗ്രികള്‍, കളര്‍ ഫോട്ടൊ പ്രിന്റ് ചെയ്യുന്നു, ഏറ്റവും പുതിയ ഡിജിറ്റല്‍ മിഷ്യനുകള്‍. ജര്‍മ്മന്‍ നിര്‍മ്മിതമായ ഒരു വയര്‍ലസ്സ് മൈക്ക് അയാള്‍ എനിക്കു എടുത്തു തന്നു. 'തിരിച്ചു പോകുന്നതിനു മുന്‍പ് എനിക്ക് തന്നെ ഇതു ഭദ്രമായി തിരിച്ചേല്‍പ്പിക്കണം' അല്പം വലുപ്പം കൂടുതലാണെങ്കിലും വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ ഉള്ളതായതു കൊണ്ട്, ആ മൈക്ക് നല്ല ശബ്ദം തന്നെ എന്റെ ക്യാമറയില്‍ എത്തിച്ചു. ആദ്യത്തെ ഇന്റര്‍വ്യൂ കപ്പലിന്റെ ബ്രിഡ്ജില്‍ വെച്ചായിരുന്നു. ചുറുചുറുക്കുള്ള കപ്പിത്താന്‍. ഞാന്‍ കപ്പിത്താനില്‍ ഫോക്കസ് ചെയ്തപ്പോള്‍, ഇന്‍സേര്‍ട്ട് ഷോട്ടുകളായി അവിടുള്ള ഉപകരണങ്ങള്‍, കോമ്പിനേഷന്‍ ഷോട്ടുകള്‍ എന്നിവ സ്റ്റീവ് പകര്‍ത്തി. കപ്പലിലെ ബഹളത്തിനിടയില്‍ ശബ്ദം ക്യത്യമായി പതിയുന്നുവോ എന്നുള്ള ഒരു ശങ്ക എന്നെ ഇടയ്ക്കിടെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് ചിത്രത്തിനോടൊപ്പം ശബ്ദവും വളരെ പ്രാധാന്യമുള്ളതാണ്. സ്ഥിരം ജോലികളില്‍ ശബ്ദത്തിന്റെ കാര്യം കൈകാര്യം ചെയ്യുവാന്‍ ഞങ്ങള്‍ക്ക് ഒരു ലൊക്കേഷന്‍ സൌണ്ട് എന്‍ജിനീയര്‍ തന്നെയുണ്ട്. ബ്രയാന്‍ നാട്ടേലി എന്ന ഐറിഷ്‌കാരനെ ഞാന്‍ ഓര്‍ത്തു.

വളരെ പെട്ടെന്ന്, പെട്ടെന്ന് കുറെ അഭിമുഖങ്ങള്‍, എല്ലാം ക്രിസ്തുമസ് ആശംസകളില്‍ അവസാനിക്കുന്നു. പുതിയ ക്യാമറയിലെ പരിചയക്കുറവ് എന്നെ ആദ്യമൊക്കെ നന്നായി ബുദ്ധിമുട്ടിച്ചു. ആ ക്യാമറയെക്കുറിച്ചു സ്റ്റീവിനുള്ള സംശങ്ങളും ഞാന്‍ തീര്‍ത്തു കൊടുക്കണം. പുതിയതായി വാങ്ങിയതാണെന്ന സത്യം അറിയുന്ന സ്റ്റീവ് അധികം ശല്യപ്പെടുത്തിയില്ല. കപ്പലിലെ എല്ലാ വിഭാങ്ങളിലേക്കും ഞങ്ങള്‍ നീങ്ങിക്കൊണ്ടേയിരുന്നു, കപ്പിത്താനോളം, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യം ഉള്ള മറ്റു പല ഓഫീസര്‍മാരും ഉണ്ട്. അതിലൊരാളെയാണ് അടുത്തത്.

അമേരിക്കയുടെ ഫ്്‌ളാഗും കപ്പലിലെ ഫ്‌ളാഗും ചേര്‍ത്ത് ഒരു ബാക്ക് ഗ്രൗണ്ട് വച്ചു. ഇരുന്നുള്ള ഒരു ഇന്റര്‍വ്യൂ ആണ്. മൊണ്ടലും അദ്ദേഹവും അഭിമുഖമായി ഇരുന്നു. ഡോണ ഒരു ലാപ്‌ടോപ്പില്‍ ഒരു വീഡിയോ ക്ലിപ്പിംഗ് തയ്യാറാക്കി വെച്ചിരുന്നത് ഞാനറിഞ്ഞില്ല Capt. you have a message from home .. do you like to watch it now? ലാപ് ടോപ്പിലൂടെ വരുന്ന മകളുടെ സംസാരവും ഭാര്യയുടെ സ്‌നേഹപ്രകടനവും കണ്ട് ആ ഓഫീസറുടെ കണ്ണു നനയുന്നത് ഞാന്‍ പകര്‍ത്തി. അപ്രതീക്ഷിതമായി തന്റെ കുടുംബത്തെ കണ്ട സന്തോഷം അയാള്‍ മറച്ചു വെച്ചില്ല.

ഇത്തരത്തില്‍ അമേരിക്കയില്‍ നിന്നും ആറോളം ഓഫീസര്‍മാരുടെ വീട്ടില്‍ നിന്നും പ്രീ റിക്കോര്‍ഡ് ചെയ്ത സന്ദേശങ്ങള്‍ അവരവര്‍ക്ക് കൈമാറുകയും അവരുടേ വികാരഭരിതമായ പ്രതികരണങ്ങള്‍ ഞങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇതു കുറച്ചു കമന്റുകള്‍ ചേര്‍ത്ത്
അമേരിക്കയിലെ ഒരു പ്രധാന ടി.വി. ചാനല്‍ ക്രിസ്തുമസ് ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ഡോണ പറഞ്ഞു. വളരെ സത്യസന്ധമായ ഒരു ചിത്രീകരണ രീതിയായി ഞാന്‍ ഇതിനെ ഇപ്പോഴും കാണുന്നു. കപ്പലിലുടനീളം മൊണ്ടലിനു നല്ല സ്വീകരണമാണ് ലഭിച്ചത്. പലരും കൂടെ നിന്ന് ഫോട്ടോകള്‍ എടുത്തു. എല്ലാവരോടും ഒരേ വാത്സല്യത്തോടെ അദ്ദേഹം പെരുമാറി. കപ്പലില്‍ എല്ലാ ജോലിക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം ഉണ്ട്. കാന്റീനിലെ ജോലിക്കാരോടും പോലും ഉയര്‍ന്ന ഉദ്യോഗസഥന്മാര്‍ വളരെ
നന്നായി പെരുമാറുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും നല്ല ഭക്ഷണം. എല്ലാവരും അവരുടെ ജോലിയോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നു. കപ്പല്‍ ഏതു തീരത്താണ് നങ്കൂരമിട്ടിരിക്കുന്നതു എന്നറിയാന്‍ എനിക്കൊരാകാംഷ. ചില സുരക്ഷാ കാരണങ്ങളാല്‍ അതു പറയാന്‍ സാധിക്കുകയില്ലെന്ന് ഒരാള്‍ പറഞ്ഞു. (എന്റെ മൊബൈലിലുള്ള Gramin Mobile XT എന്ന സംവിധാനം ഉപയോഗിച്ചപ്പോള്‍
കിട്ടിയ അക്ഷാംശവും രേഖാംശവും പരിശോധിച്ചപ്പോള്‍ ചാവുകടലിനു സമീപമാണ് കപ്പലെന്ന്് പിന്നീട് മനസ്സിലായി ) അവരുടെ ജോലിയിലുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്തം എനിക്ക് ബോധ്യമായി.

കപ്പലിന്റെ നാലാമത്തെ തട്ടിലെ ഒരു കോണ്ഫറന്‍സ് മുറിയില്‍ ഒരു ഗ്രൂപ്പ് ഷൂട്ടിംഗ് സെറ്റ് ചെയ്തു. ഏഴോളം അമ്മമാര്‍ പതൊന്‍പതു വയസ്സിനു താഴെ പ്രായമുള്ള അമ്മമാര്‍ അവര്‍ അവരുടെ കുട്ടികളെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചു. ഭര്‍ത്താവില്ലാത്ത അമ്മമാരും കൂടെയുണ്ട്.

ഏതു നാട്ടിലായാലും, എത്ര മനശ്ശക്തി വേണ്ടി വരുന്ന ജോലി ആയാലും ശരി അമ്മമാര്‍, അമ്മമാര്‍ തന്നെ. അവരും കുറെ കണ്ണുനീര്‍ ഒഴുക്കി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നതൊക്കെ വളരെ ക്യത്യമായി ലോഗ് ചെയ്ത് കേസറ്റുകള്‍ ലേബല്‍ ചെയ്തു സൂക്ഷിക്കുന്നുണ്ടായിരുന്നു ഡോണ. അതിമനോഹരമായിരുന്നു കപ്പലിലെ ഗിഫ്റ്റ് ഷോപ്പ്. അവിടെ നിന്നും എന്തെങ്കിലും വാങ്ങണമെങ്കില്‍ നേവി മണിയായി പണം എക്‌സേഞ്ച് ചെയ്യണം. അവിടെ നിന്നും എനിക്കും സ്റ്റീവിനും മൊണ്ടല്‍ ഓരോ മള്‍ട്ടിപര്‍പ്പസ് ടൂള്‍ കിറ്റ് വാങ്ങി സമ്മാനിച്ചു .

കപ്പലിന്റെ മുകലിലുള്ള നിലയില്‍ രണ്ടായിരത്തിലധികം പേര്‍ക്ക് ഒരുമിച്ചു കൂടാന്‍ പറ്റിയ ഒരു വലിയ ഹാള്‍ ഉണ്ട്. ഇവിടെയാണ്
വിമാനങ്ങളുടെ മെയിന്റെനന്‍സ് നടത്തുന്നത്. ആരോ ഒരാള്‍ പാടുന്നു..നിര്‍ത്തിയപ്പോ? നല്ല കൈയ്യടി. ഒരു പക്ഷെ ആ പാട്ടു പാടിയ ബ്രയാന്‍ ആഡത്തിനു പോലും അത്രക്കു കയ്യടി കിട്ടിയിരിക്കാന്‍ വഴിയില്ല എല്ലാ ഞായറാഴചകളിലും ഇങ്ങനെ ഒരു സംസ്‌കാരിക കൂട്ടം പതിവുണ്ടത്രെ. രണ്ടാഴ്ച കൂടുമ്പോള്‍ ഒരാള്‍ക്ക് 2 ബിയര്‍ വീതം ലഭിക്കും ഇത് മാത്രമാണ് കപ്പലില്‍ അനുവദനീയമായ ലഹരി.
പുകവലി പാടില്ല. ആ്ണ്‍ പെണ്‍ ഇടപെടലുകള്‍ക്ക് നല്ല പരിമിതികള്‍ ഉണ്ട്. രാത്രിയായി... കപ്പലിനു സ്വന്തമായി ഒരു ടി.വി. ചാനല്‍ ഉണ്ട്.
വിശിഷ്ട വ്യക്തികള്‍ ആരെങ്കിലും വരുമ്പോള്‍ അവരെ കപ്പലിലുള്ള സ്റ്റുഡിയോ റൂമിലേക്കു കൊണ്ടു പോയി ലൈവ് ഇന്റവ്യൂ ഫീഡ് കൊടുക്കും. 10 മണിക്കാണ് ഇന്റ?വ്യൂ..ചാര്‍ട്ട് ചെയ്തിരിക്കുന്നത് പതിനഞ്ചു മിനുട്ടിനു മുന്‍പേ മൊണ്ടല്‍ അവിടെ എത്തി. വലിയ സ്റ്റുഡിയൊ ഒരു കപ്പലിന്റെ ഉള്ളിലാണെന്ന കാര്യം ഞാന്‍ മറന്നു. മൂന്ന് ഹെവി ബേസ് സ്റ്റുഡിയോ ക്യാമറകള്‍ എല്ലാം വളരെ ഭംഗിയായി വച്ചിരിക്കുന്നു. ഒരു ക്യാമറയില്‍ എന്നോട് നില്‍ക്കാന്‍ ഫോട്ടൊ ഓഫീസര്‍ അഭ്യര്‍ഥിച്ചു. സ്റ്റീവ്..ഈ രംഗങ്ങളും, മിക്‌സിംഗ് നടക്കുന്ന കണ്‍ട്രോള്‍ റൂമും ക്യാമറയില്‍ പകര്‍ത്തി. അദ്ദേഹത്തിന്റെ നേവി ജീവിതത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. അക്കാലത്തെക്കാള്‍ മിടുക്കരാണ് ഇന്നത്തെ ചെറുപ്പക്കാരെന്നും ആധുനിക ഉപകരങ്ങള്‍ അവര്‍ വളരെ കാര്യ ക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. മുപ്പതു മിനുട്ടോളം ആ പരിപാടി നീണ്ടുനിന്നു. രാത്രി വൈകിയിട്ടും യതൊരു ക്ഷീണവും മൊണ്ടലില്‍ ഞങ്ങള്‍ കണ്ടില്ല. ഒരേ പ്രസരിപ്പ്. രാത്രിയിലെ കപ്പലിന്റെ കുറെ ദ്യശ്യങ്ങള്‍ എടുക്കാന്‍ ഞാങ്ങള്‍ ഡെക്കിലേക്ക് പോയി തിരിച്ചു വന്നപ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. ബാറ്ററികള്‍ ചാര്‍ജില്‍ ഇട്ടു. സ്റ്റീവ് എത്തിയിട്ടില്ല. ഞാന്‍ കിടന്നു. ഉറങ്ങാന്‍ കഴിഞ്ഞില്ല. കപ്പല്‍ തട്ടില്‍ വിമാനം വന്നിറങ്ങുന്നതിന്റെ ശബ്ദം വിമാനത്തിന്റെ നോസ് ഗിയറില്‍ കേബിള്‍ ഉരയുന്ന ശബ്ദം. കാറ്റാപോര്‍ട്ടിന്റെ നീരാവി ശബ്ദം..

പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ക്യാമറ എടുത്തു ഇറങ്ങി. കപ്പല്‍ തട്ടില്‍ ഡെക്ക് വാക്കിംഗ് എന്ന പ്രക്രിയ നടക്കുന്നു. അതു ഷൂട്ട് ചെയ്യണം. ഒരു നിരയായി ജോലിക്കാര്‍ നടക്കും.. കപ്പല്‍ തട്ടില്‍ നിന്നും അതി സൂക്ഷമമായ ചെറിയ കമ്പി കഷണങ്ങളൊക്കെ പെറുക്കി കളയും.. കപ്പല്‍ തട്ടില്‍ നിന്നും കുറെ പേരുടെ ആശംസകള്‍ റിക്കോര്‍ഡ് ചെയ്തു. പ്രഭാത ഭക്ഷണം കഴിച്ചു.

പത്തു മണിയാകുമ്പോള്‍ മടങ്ങണമെന്ന് സ്റ്റീവ് പറഞ്ഞു. ഞാന്‍ ഗിയറുകള്‍ ഒക്കെ പാക്ക് ചെയ്തു. ഫോട്ടൊ ഓഫീസര്‍ക്ക് വയര്‍ലസ്സ് മൈക്ക് തിരികെ കൊടുത്തു നന്ദി പറഞ്ഞു. ഇനിയും സമയം ഉണ്ട്. ഡെക്കില്‍ പലതരത്തിലുള്ള യുദ്ധ വിമാനങ്ങള്‍.. ഞാന്‍ അതു കൗതുകത്തോടെ നോക്കി നില്‍ക്കുന്നതു കണ്ട് ഒരു നാവികന്‍ അതില്‍ പലതിലും എന്നെ കയറാന്‍ അനുവദിച്ചു. സിറ്റി സ്റ്റാന്റില്‍ ആളെ ഇറക്കി ബസ്സ് പോകുന്ന ലാഘവത്തോടെ വിമാനം ഇറക്കുകയും പറത്തുകയും ചെയുന്ന പയ്യന്മാരായ അമേരിക്കന്‍ സൈനികര്‍. ഈ യുദ്ധവിമാനങ്ങളൊക്കെ നാശം വിതക്കാന്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണെന്ന തിരിച്ചറിവ് എന്റെ കാഴചകള്‍ക്ക് മങ്ങലേല്പിച്ചു.

സ്റ്റീവും, മൊണ്ടലും, ഡോണയും വന്നു. റണ്‍വേ എന്ന് പറയാന്‍ കഴിയില്ലെങ്കിലും കപ്പലിന്റെ തട്ടിലെ ആ ചെറിയ സ്ഥലത്ത് നിന്നും എങ്ങിനെ വിമാനം പറന്നുയമെന്ന് മൊണ്ടല്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. നീരാവിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാറ്റാപോര്‍ട്ട് സംവിധാനത്തില്‍ മുന്‍പോട്ട് കുതിക്കുന്ന വിമാനത്തിനെ തടഞ്ഞു വെക്കുകയും പെട്ടെന്നുള്ള ആക്കത്തില്‍
വിമാനം ആകാശത്തിലേക്ക് പറന്നുയരുകയും ചെയ്യുന്നു അല്ലെങ്കില്‍ വിമാനം ഉദ്ദേശിച്ച സമത്ത് ടേക്ക് ഓഫ് ചെയ്തില്ലെങ്കില്‍ കടലില്‍ വീഴും. ഓരോ അഞ്ചു മിനുട്ടുകള്‍ക്കിടയില്‍ ഒരു വിമാനമെങ്കിലും ഇങ്ങനെ പറന്നുയരുന്നതു ഞാന്‍ കണ്ടു.. പോകാനുള്ള സമയം ആയി.
വീണ്ടും പുറംതിരിഞ്ഞിരുന്നു മോണ്ടല്‍ വിവരിച്ചു തന്നുവെങ്കിലും വിമാനം പറന്നുയരുന്നതു വരെ എനിക്കു അല്പം ഭയം ഉണ്ടായിരുന്നു.
അതു തനിക്കുമുണ്ടായിരുന്നുവെന്നു സ്റ്റീവ് പിന്നെ എന്നോട് പറഞ്ഞു. ബഹറിനില്‍ തിരിച്ചെത്തിയപ്പോള്‍ യു.എസ്.നേവി ഉദ്യോഗസ്ഥ
ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ റിഫ്രഷ്‌മെന്റിനു ശേഷം ഞങ്ങള്‍ ഒരു ഹെലിക്കോപ്ടറിനടുത്തേക്കു നീങ്ങി.
ഞങ്ങളുടെ ഗിയറുകള്‍ അതിനിടയില്‍ ഹെലിക്കോപ്ടറിലേക്ക് മാറ്റിയിരുന്നു. എനിക്കു നല്ല ഉറക്ക ക്ഷീണമുണ്ട്. സ്റ്റീവ് പിന്നെയും പാനാസോണിക്ക് ജ2 പുറത്തെടുത്ത് മൊണ്ടലിന്റെ കുറെ ക്ലിപ്പിംഗ്‌സ് എടുത്തു. ഹെലിക്കോപ്ടര്‍ മെല്ലെ പറന്നുയര്‍ന്നു.. ഈ യാത്രയും എങ്ങോട്ടാണെന്ന് അവര്‍ പറഞ്ഞില്ല കടലിനു മുകളിലൂടെ ഹെലിക്കോപ്ടര്‍ പറക്കാന്‍ തുടങ്ങിയിട്ട് മൂന്നു മണിക്കൂറിലേറെയായി. കടല്‍ മാത്രം കാണാം.

ക്രമേണ ദൂരെ കുറെ കപ്പലുകള്‍ കാണാറായി ഒരു ചെറിയ കപ്പലിനു മുകളില്‍ ഹെലിക്കോപ്പ്ടര്‍ ഇറങ്ങി. അതൊരു ഇറ്റാലിയന്‍ കപ്പലായിരുന്നു. അതിലെ ജോലിക്കാരുമായി മൊണ്ടല്‍ കുറെ സംസാരിച്ചു. അവര്‍ ഒരു ബോട്ട് പതുക്കെ കടലില്‍ ഇറക്കി. ഗിയറുകള്‍ തോളത്തു വെച്ചു കൊണ്ട് ഒരു റോപ്പിലൂടെ ഞാന്‍ പതുക്കെ ഇറങ്ങി ബോട്ടിലല്‍ കയറി. തിരമാലകള്‍ ഉണ്ട്.. ബോട്ട് നിന്നതു ഒരു ബാര്‍ജിലാണ്. കടലിനുള്ളിലെ ഒരു വീട് എന്നു പറയാം. ആ ചങ്ങാടത്തിനെ കൊണ്ടു വന്നു ബോട്ട് അല്പം ദൂരെ മാറി നങ്കൂരമിട്ടിരിക്കുന്നു. ബോട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ അല്പം നനഞ്ഞു. മുകളിലുള്ള ഒരു ചെറിയ റൂമില്‍ എത്തി. ഗിയറുകള്‍ ഒക്കെ ഒതുക്കി വച്ച് വീണ്ടും താഴെ വന്നു. ചുവന്ന നിറമുള്ള ഒരു കാന്റീന്‍. സായിപ്പന്മാരുടെ ഭക്ഷണം ഒരോന്നായി ഞാന്‍ പ്ലേറ്റില്‍ എടുക്കുമ്പോള്‍,' മലയാളിയാണൊ?' 'അതെ....ചോറു വേണമെങ്കില്‍ അവിടെയുണ്ട്....നല്ല ഫ്രഷ് മീനും'. ഭക്ഷണം കഴിച്ചു. ഇനി കോള്‍ ടൈം ആറു മണിക്കാണ് ഞാന്‍ റൂമിലേക്കു പോയി. എതിര്‍ മുറിയില്‍ നിന്നും മലയാള സിനിമാ ഡയലോഗുകള്‍. വാതില്‍ അല്പം തുറന്നിട്ടിട്ടുണ്ട്.. ഞാന്‍ ചെന്നു. കാന്റീന്‍ ജീവനക്കാര്‍ ആണ്. കുവൈറ്റിലെ ഒരു കമ്പിനിക്കാരാണ്. അതില്‍ ജലീല്‍ പരപ്പനങ്ങാടിക്കാരനാണ്. അപ്പോള്‍ ഇതു കുവൈറ്റിന്റെ തീരമാണല്ലേ? 'കുവൈറ്റോ? സാറേ ഇത് ബസ്‌റ, ഇറാഖ്'
'ഇറാഖ്?'

ഞങ്ങള്‍ റൂമിനു പുറത്തിറങ്ങി..

'ഈ ബാര്‍ജ് ഇന്ത്യന്‍ കമ്പനിയുടെതാണ്. 20 മുറികള്‍ ഉണ്ട്. ഇതു ഒരു പാടു ഓയില്‍ റിഗ്ഗുകള്‍ ഉള്ള സ്ഥലമാണ്. ആ കാണുന്നത് കെ-ബാര്‍ എന്ന ഓയില്‍ റിഗ്. തീവ്രവാദി ആക്രമണം തടയാന്‍ യു.എസ്.പട്ടാളം അവിടെയുമുണ്ട്. അവരാണ് ഇവിടെ താമസിക്കുന്നത്..
അവര്‍ക്ക് വെച്ചു വിളമ്പാന്‍ ഞങ്ങളും..'

ദൂരെ കപ്പല്‍ വന്നു കിടക്കുന്ന എണ്ണപ്പാടം. അയാള്‍ എനിക്കു കാണിച്ചു തന്നു. ഒരു വശത്തു തന്നെ രണ്ട് കപ്പലുകള്‍ ഉണ്ട്.. 'വൈകുന്നേരമാകുമ്പോഴും കപ്പലുകള്‍ ഭാരം കൊണ്ട് താഴും പിന്നെ മെല്ലെ നീങ്ങും' എണ്ണ പമ്പുകള്‍ ഉള്ള പ്ലാറ്റ്‌ഫോമുകള്‍ക്ക് ചുറ്റും
കപ്പലുകള്‍ കൊണ്ട് ഒരു വ്യൂഹം തന്നെ തീര്‍ത്തിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കപ്പലുകളും രാത്രിയില്‍ പോലും കപ്പലുകള്‍ ലൈറ്റ് ഇടാറില്ല അത്രെ. ബാര്‍ജ്ജില്‍ നിന്നും നോക്കിയാല്‍ കാണുന്ന ദൂരത്തില്‍ ഒരു ചെറിയ എണ്ണ പ്ലാറ്റ് ഫോം ഉണ്ട്.

ഒരാഴ്ച്ച മുന്‍പ് അവിടെ ബോംബ് സ്‌ഫോടനം നടന്നതായി ജലീല്‍ പറഞ്ഞു. ആ ബാര്‍ജ്ജില്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്..
കാന്റീനിലെ ജോലിക്കാര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്.. ഞാന്‍ സഞ്ജയ് കപൂറിനും, ഉണ്ണിക്കും എന്റെ ഒഞ ാമിമഴലൃ സുബൈര്‍ഷംസിനും മെയില്‍ അയച്ചു.

'ഒന്നു ഫോണ്‍ വിളിക്കാനുള്ള സൌകര്യം ഉണ്ടോ?' ബാര്‍ജ്ജിന്റെ ക്യാപ്ടന്റെ മുറിക്കടുത്ത് sky phone ഉണ്ട്. ഒരു മിനുട്ടിനു 10 ഡോളര്‍.
ഞാന്‍ കയ്യിലുള്ള ഡോളറൊക്കെ എടുത്തു അവിടേക്കു ചെന്നു. 'പൈസ ദേനാ പടേകാ.ഭായി..' എന്നെ കണ്ട പാടെ മുഖം ചുളിച്ചു കൊണ്ട് ആ സര്‍ദ്ദാര്‍ പറഞ്ഞു. ഞാനൊന്നു ചിരിച്ചു. പരസ്​പര ബഹുമാനം അറിയാത്തവര്‍ക്ക് ചിരിയാണ് എളുപ്പവഴി. എന്തൊ ഞാന്‍ ചെയ്യുന്നതു ഒരു അപരാധം പോലെ നോക്കി നിന്നു സര്‍ദ്ദാര്‍.

കപ്പിത്താന്‍ മാതാപിതാക്കളോടും ഭാര്യയോടും മോനോടും അല്പം സംസാരിച്ചു. അമ്മയ്ക്ക് നല്ല ആശ്വാസമായി..

15 ഡോളര്‍ എന്ന് പറഞ്ഞു സര്‍ദ്ദാര്‍. ഞാന്‍ 20 ഡോളര്‍ കൊടുത്തു.. ചില്ലറയില്ലെന്നായി അയാള്‍ ഞാന്‍ 2 ദിവസം കൂടി ഇവിടെ തന്നെ ഉണ്ടാകുമെന്നും, ഇനിയും വിളിക്കേണ്ടി വരുമെന്നും പറഞ്ഞതു അയാള്‍ക്ക് ഇഷ്ടമായില്ല. ബാക്കി 5 ഡോളര്‍ വാങ്ങതെ തിരിച്ചു വന്നു. (പിന്നീട് ഒരു പ്രാവശ്യം ഫോണ്‍ ചെയ്യാന്‍ പോയെങ്കിലും സര്‍ദ്ദാറിന് ഇതേ സ്വഭാവം ആയിരുന്നു) ഇതാണ് നമ്മുടെ നാടിന്റെ ഗുണം.. 5000 പേരുള്ള Eisenhower എന്ന പടക്കപ്പലിന്റെ ക്യാപ്ടന്‍ ഓര്‍മ്മ ഫലകം സമ്മാനിച്ചു സ്‌നേഹത്തോടെയാണ് എന്നെ പുണര്‍ന്നത്..

കോള്‍ ടൈം ആയി.

വ്യൂഹത്തിലുള്ള കപ്പലുകളില്‍ ഓരോന്നായി പോകണം. കല്യാണം കഴിഞ്ഞു വിരുന്ന് പോകുന്നതു പോലെ.. ചെറിയ ഒരൊ ബോട്ടിലാണ് പോകേണ്ടത്.. കടല്‍ വെള്ളം തെറിച്ചു നാശമാകാതിരിക്കാന്‍ ഞാന്‍ ക്യാമറ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു. ഒരു പ്രത്യേക തരം ജാക്കറ്റ് ധരിക്കാന്‍ തന്നു. അഥവാ നമ്മള്‍ മുങ്ങി പോയാല്‍ ആ ജാക്കറ്റില്‍ നിന്നും സിഗ്നല്‍ പുറപ്പെടുമത്രേ മുങ്ങിത്താഴും മുന്‍പേ കണ്ടു പിടിക്കാന്‍ കഴിയും.. ആദ്യ വിരുന്ന്...ഒരു ഇംഗ്ലണ്ട് കപ്പലില്‍ ആയിരുന്നു.. ഇരുട്ട് പരന്നിരുന്നു. അവര്‍ ഞങ്ങക്ക് പിടിച്ചു കയറാന്‍ ഒരു റോപ്പ് ഇട്ടു തന്നു ഒപ്പം ദേഹത്തിനു കുടുക്കാന്‍ മറ്റൊരു..റോപ്പും.. എന്റെ കൈയ്യിലെ ആകെ ഭാരം 20 കിലോവിനു മുകളില്‍ വരും. 10 മീറ്ററോളം ഉയരത്തില്‍ കയറണം. ദേഹത്തുള്ള റോപ്പില്‍ വലിച്ചു പിടിച്ചാല്‍ എനിക്കു വളരെ സഹായകമായിരിക്കും പക്ഷെ അവര്‍ വളരെ സോഫ്റ്റ് ആയി പിടിച്ചു. പകുതിയെത്തിയപ്പോള്‍ ഞാനാകെ തളര്‍ന്നു.. പിന്നെ നിലവിളിച്ചു. അപ്പോള്‍ അവര്‍ മനസ്സില്ലാ മനസ്സോടെ എന്നെ പൊക്കിയെടുത്തു ബ്രിട്ടീഷുകാരുടെ മനസ്സും ഇതു പോലെ തന്നെ.. പക്ഷെ ചിരികൊണ്ടും, ഔപചാരികമായ വാക്കുകള്‍ കൊണ്ടും വളരെ ഊഷ്മളമായ സ്വാഗതമായിരുന്നു. കപ്പലിനുള്ളില്‍ ബാറു പോലെ ചുവന്ന ഇരുണ്ട ലൈറ്റ്. വിവിധ തരത്തിലുള്ള കള്ളുകുപ്പികളും കണ്ടു. എനിക്ക് ഒരു കപ്പ് കാപ്പി കിട്ടി എന്നോ ഒരിക്കല്‍ മഴ പെയ്തു തീര്‍ന്ന ഒരു സന്ധ്യക്ക് തണുത്തു വിറച്ചു വീട്ടിലെത്തിയപ്പോള്‍ കിട്ടിയ ഒരു കാപ്പിയുടെ സുഖം. അവിടെയും പതിവു പോലെ കുറെ ഷൂട്ടിംഗ്. എല്ലാവരും രാത്രി ഭക്ഷണം അവിടെ നിന്നും കഴിച്ചു. ഞാന്‍ ബാര്‍ജില്‍ നിന്നും കഴിച്ചോളാമെന്ന് പറഞ്ഞു. 'his country men are waiting' എന്നു പറഞ്ഞ് സ്റ്റീവ് എന്നെ നോക്കി ചിരിച്ചു. തിരികെ പോരുമ്പോള്‍ എന്തോ ഭാഗ്യത്തിനു റോപ്പ് വഴി ഇറങ്ങേണ്ടി വന്നില്ല. കപ്പലിന്റെ തട്ടിലുള്ള ഒരു ചെറിയ ബോട്ടില്‍ കയ്യറ്റി വശത്തിലൂടെ താഴെ ഇറക്കി, ഞങ്ങളുടെ ബോട്ടില്‍ കയറി. അതിനിടെ ക്യാമറയുടെ വ്യൂ ഫൈന്റര്‍ പൊട്ടിപ്പോയി.

ഗിയറുകള്‍ക്ക് ഇന്‍ഷൂറന്‍സ് ഉള്ളതു കൊണ്ട് അതെന്നെ അലട്ടിയില്ല. തിരികെ ബാര്‍ജിലെത്തിയപ്പോള്‍ എല്ലാവരും ഭക്ഷണം കഴിച്ചു
കാന്റീന്‍ അടച്ചിരുന്നു. എന്റെ മുറിയിലെത്തിയപ്പോള്‍ ചോറും മീന്‍ കറിയും, പിന്നെ കുറെ സൈഡ് ഡിഷുകളും പാര്‍സല്‍. കഴിക്കുന്നതിനു മുന്‍പേ ഞാന്‍ അവരുടെ മുറിയില്‍ ഒന്നു പോയി നോക്കി 'ക്ലാസ് മേറ്റ്‌സ്.. പടം കാണുകയാ' 'എവിടെ നിന്നും കിട്ടുന്നു ഈ ഇഉ ഒക്കെ?' 'ഭക്ഷണ സാധനങ്ങള്‍ കൊണ്ടുവരുന്ന കപ്പലിലെ മലയാളികള്‍ തരുന്നതാ. അവര്‍ ഇവിടെ ഒരു ദിവസം തങ്ങും..
ആറുമാസം കൂടുമ്പോള്‍ കുവൈറ്റിലേക്കു പോകും.. നല്ല ശമ്പളമാണ്' അവര്‍ സന്തോഷത്തിലാണ്..

ഞാന്‍ ഇറങ്ങി.. നന്നായി ഭക്ഷണം കഴിച്ചു.. രാവിലെ കോള്‍ ടൈം പത്തുമണിക്കാണ്. നന്നായി ഉറങ്ങി..

ജീവിതത്തില്‍ അടുത്ത കാലത്തൊന്നും ഞാനങ്ങനെ ഉറങ്ങിയിട്ടില്ല. കടലില്‍ ഒരു പ്രഭാതം. രാവിലെ മഴ തുള്ളിയിട്ടു. കടലില്‍ മഴ പെയ്യുന്നതു കാണാന്‍ നല്ല ഭംഗി.. ഞാനെവിടെ പോയാലും മഴ എന്നെ പിന്‍തുടരുന്നു എന്നുള്ള ഒരു സന്തോഷം. മഴ നിന്നു..
വെയിലും..പിന്നെ അല്പം മഴയും.. കടലിന്റെ മണം. ഇന്ന് ആദ്യം പോകേണ്ടതു അക്കരെ കാണുന്ന ഓയില്‍ പ്ലാറ്റ് ഫോമിലാണ്.

പുഴ തീരത്ത് മണല്‍ കൊണ്ടു പോകാന്‍ വന്ന ടിപ്പര്‍ ലോറി പോലെ ഒരു കപ്പല്‍ വന്നിട്ടുണ്ട് അനാഥമായ ഒരു രാജ്യത്തിന്റെ
എണ്ണ ചോര്‍ത്തിയാല്‍ ആരു ചോദിക്കാന്‍? ഒരു ബോട്ടില്‍ ഞങ്ങള്‍ അങ്ങോട്ടു തിരിച്ചു. അവിടെയും റോപ്പില്‍ പിടിച്ചു ഉയരത്തില്‍ കയറണം.. പകലായതു കൊണ്ട്, ലൈറ്റുകള്‍ എടുത്തില്ല ഭാരം കുറവാണ്. കടലില്‍ നിന്നും എണ്ണ കുഴിക്കുന്ന പഴഞ്ചന്‍ യന്ത്രങ്ങള്‍.
എവിടെ നോക്കിയാലും. അമേരിക്കന്‍ പട്ടാളക്കാര്‍. അതിനിടയിലും സാങ്കേതിക ജോലികള്‍ ചെയ്യുന്ന ഇന്ത്യക്കാര്‍. വിശാലമായ പ്ലാറ്റ് ഫോം. സദ്ദാമിന്റെ ഒരു ഗന്ധമുണ്ടവിടെ. അവിടെയുള്ള പട്ടാളക്കാര്‍ ഡിപ്ലോമാറ്റിക് രീതിയില്‍ മൊഴി നല്‍കി. 'Terrorist attack is being suspected. we are here to protect the rig'

നാലു വശത്തും നാലു കപ്പലുകള്‍..... കപ്പം കൊടുക്കാതെ എണ്ണയൂറ്റാന്‍. വ്യത്യസ്തമായി ഒരു യൂണിഫോം എന്റെ ശ്രദ്ധയില്‍ പെട്ടു.
ഇറാഖി പട്ടാളക്കാരാണ്. തല ഉയര്‍ത്താതെ , ഷേവ് ചെയ്യാതെ.. എങ്കിലും കൈയ്യില്‍ തോക്കുണ്ട്.. അതില്‍ തിരയുണ്ടാകുമോ? റിഗ്ഗിന്റെ ചുമതല ഉള്ള ഒരു സായിപ്പു സംസാരിച്ചു തുടങ്ങി. മൊണ്ടലും അയാളും കൂടി മരപ്പലകയിലുണ്ടാക്കിയ ഒരു പാലത്തിലൂടെ നടന്നു സംസാരിക്കുന്നു. ഞാനതു ഫോളോ ചെയ്തു കൊണ്ട് പുറകോട്ട് നടന്ന് ഷൂട്ട് ചെയ്യുന്നു. പെട്ടെന്ന് കാലുകള്‍ താഴോട്ടു പോകുന്നതു ഞാനറിഞ്ഞു.. ഇളകിയ ഒരു പലക, താഴെ കടല്‍ എന്റെ കൈകള്‍ ക്യാമറ എന്നിവ. എന്നെ തടഞ്ഞു നിര്‍ത്തി.. ആരൊക്കെയോ ഓടി വരുന്നതു ഞാന്‍ കണ്ടു. എന്റെ ജാക്കറ്റില്‍ നിന്നും ഒരു ബ്ലാങ്ക് ടേപ്പ് തെറിച്ചു പോയി. ഭാഗ്യം.. ഷൂട്ട് ചെയ്തു കഴിഞ്ഞ ടേപ്പുകള്‍
ഒന്നും ഉണ്ടായിരുന്നില്ല. കാലിന്റെ മുട്ടിനു താഴെ അല്പം മുറിഞ്ഞു.. അവരുടെ ഇന്റര്‍വ്യൂ അവിടെ മുറിഞ്ഞു. തെളിഞ്ഞ പകല്‍,
നല്ല കാറ്റ്. എവിടെ നോക്കിയാലും ആകാശം. എനിക്കൊരു ഹോളിഡേ മൂഡ് തോന്നി. സ്റ്റീവ് കുറെ ഷോട്ടുകള്‍ എടുത്തു..
ഞാന്‍ ആ അന്തരീക്ഷം നന്നായി ആസ്വദിച്ചു. ഒരു തമിഴനെ പരിചയപ്പെട്ടു.. ഉച്ചയായപ്പോള്‍ ഞങ്ങള്‍ മടങ്ങി.. കാന്റീനില്‍ പുതിയ ഷിഫ്റ്റ്
മിക്കവാറും മലയാളികള്‍. പരസ്​പര ബഹുമാനത്തോടെ പെരുമാറുന്ന വെള്ളക്കാര്‍. അവര്‍ക്കിടയില്‍ വീര്‍ത്ത മുഖ ഭാവത്തോടെ ഭക്ഷണം
കഴിക്കുന്ന സര്‍ദ്ദാര്‍. എന്നെ കണ്ടപ്പോള്‍ അയാള്‍ എനിക്ക് ദേഷ്യ ഭാവത്തില്‍ 5 ഡോളര്‍ തന്നു.. ഉച്ച്ക്ക് ഞാന്‍ സായിപ്പിന്റെ രീതിയില്‍ ഭക്ഷണം കഴിച്ചു. ഇനി വൈകിട്ടാണ് കോള്‍ ടൈം.. അതിനിടെ റഡാര്‍ നന്നാക്കാന്‍ രണ്ട് മലയാളികള്‍ വന്നിരുന്നു. ഒരാള്‍ തിരുവല്ലക്കാരന്‍ ജെയിംസ്.. ഞാനൊന്നു മയങ്ങി.. കടലില്‍ ഒരു നല്ല സായാഹ്നം ചുവന്ന അസ്തമയം കണ്ടു. ഒരു ബോട്ടില്‍ അല്പം ദൂരെ പോയി പ്ലാറ്റ് ഫോം ചേര്‍ത്തു കുറെ ഷൂട്ട് ചെയ്തു.

സന്ധ്യക്ക് ഫ്രഞ്ച് കപ്പലില്‍ പോയി.. കുടിക്കാന്‍ ഒരു ഗ്ലാസ്സ് വെള്ളം പോലും തന്നില്ല അവര്‍. ഒന്നു ചിരിക്കാന്‍ പോലും അവര്‍ക്ക് പഞ്ഞമാണ്.. പിന്നെ ജര്‍മനിയുടെ ഒരു കപ്പലും.. ഒടുവില്‍ എട്ടുമണിക്കു ബാര്‍ജ്ജില്‍ തിരിച്ചെത്തി.. സ്റ്റീവ് പറഞ്ഞതുപോലെ കണ്‍ട്രിമെന്റെ കൂടെ ഉറങ്ങാത്ത ഒരു രാത്രി. പലരും അവരുടെ കഥകള്‍ പറഞ്ഞു.. പരിഭവങ്ങളും ചിലര്‍ എഴുത്തുകള്‍ പോസ്റ്റ് ചെയ്യാന്‍ തന്നു. പിറ്റേന്നു 9 മണിക്ക് ഇറ്റാലിയന്‍ കപ്പലിലേക്ക് പോയി അവിടെ നിന്നും ഹെലിക്കോപ്ടര്‍ പ്രതീക്ഷിച്ചതിനു വിപരീതമായി രാവിലെ നല്ല മഴ.. കടലില്‍ മഴ പെയ്യുന്നതുമാത്രം നോക്കി നിന്ന ഒരു പകല്‍.. പിറ്റേന്ന് ഉച്ചക്ക് ബഹറനില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെയും ചെറിയ മഴച്ചാറല്‍. ഇറാഖ് യാത്രയെക്കുറിച്ചുള്ള വിശേഷങ്ങള്‍ സുഹ്യത്തുക്കളുമായി പങ്കുവെച്ചു കൊണ്ടിരുന്ന ആ വലിയ പെരുന്നാള്‍ ദിനത്തില്‍ ഞങ്ങള്‍ ആ വാര്‍ത്ത കേട്ടു.. സദ്ദാമിനെ തൂക്കിലേറ്റിയെന്ന ദുരന്ത വാര്‍ത്ത.




MathrubhumiMatrimonial