goodnews head

വിശക്കുന്ന ബാല്യങ്ങള്‍ക്ക് സമൂഹത്തിന്റെ കൈത്താങ്ങ്‌

Posted on: 21 Nov 2008


കോഴിക്കോട്: വിശപ്പിന്റെ പാഠങ്ങള്‍ പഠിച്ചു തളര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് ഒടുവില്‍ സമൂഹത്തിന്റെ സഹായഹസ്തം. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥിനികള്‍ക്കാണ് സഹായമെത്തുന്നത്. വിദ്യാര്‍ഥിനികള്‍ക്കായി പ്രഭാതഭക്ഷണം പദ്ധതി സ്‌കൂളില്‍ ബുധനാഴ്ച ആരംഭിച്ചു. സ്‌കൂളിലെ 120 നിര്‍ധനരായ വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.രാവിലെ 8.15 മുതല്‍ 9.30 വരെയുള്ള സമയത്താണ് പ്രഭാത ഭക്ഷണം നല്കുന്നത്. എം.എസ്.എസ്. നടക്കാവ് യൂണിറ്റാണ് ഇത്തരമൊരു ആശയവുമായി എത്തിയത്.

സ്‌കൂളിലെ ഒരു ക്ലാസ് മുറിയാണ് ഭക്ഷണം നല്‍കുന്നതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത 'മെനു'വിലുള്ള ഭക്ഷണമാണ് നല്‍കുകയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആദ്യദിവസമായ ബുധനാഴ്ച ഇഡ്ഡലിയും ചട്ണിയുമാണ് വിതരണം ചെയ്തത്.സ്‌കൂളിലെ 1200 വിദ്യാര്‍ഥിനികളില്‍ 120ഓളം പേര്‍ക്ക് ഒരുനേരംപോലും കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ മുന്‍കൈ എടുത്ത് 'പ്രഭാതഭക്ഷണം' പദ്ധതി ആരംഭിച്ചത്.

വീട്ടിലെ സാമ്പത്തിക പരാധീനതകളാണ് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷണം പോലും അന്യമാക്കിയത്. സ്‌കൂള്‍ അധ്യാപകര്‍ അംഗങ്ങളായ സമിതി നടത്തിയ പഠനത്തിലാണ് വിദ്യാര്‍ഥിനിയുടെ ദയനീയാവസ്ഥ പുറത്തറിയുന്നത്. പഠനറിപ്പോര്‍ട്ട് വാര്‍ത്താമാധ്യമങ്ങളില്‍ വന്നതോടെ എം.എസ്.എസ്, മണ്ണൂര്‍ സംസ്‌കാര, സൗദി കള്‍ച്ചറല്‍ഫോറം, സിറ്റി സക്കാത്ത് സെല്‍ തുടങ്ങിയ സംഘടനകള്‍ സഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

ഒരുവര്‍ഷത്തേക്ക് പ്രഭാതഭക്ഷണം നല്കുന്നതിനുള്ള വാഗ്ദാനമാണ് എം.എസ്.എസ്. മുന്നോട്ടുവെച്ചിട്ടുള്ളത്. ഒരു ദിവസം ശരാശരി 1200 രൂപയോളം ചെലവുവരും. പ്രഭാതഭക്ഷണം നല്കാന്‍ കഴിയുന്നതോടെ സ്‌കൂളില്‍നിന്നുതന്നെ വിദ്യാര്‍ഥിനികള്‍ക്ക് രണ്ടുനേരം ഭക്ഷണം ലഭിക്കും. നിലവില്‍ ഇവിടെ ഉച്ചഭക്ഷണവിതരണം നടക്കുന്നുണ്ട്. അഞ്ചുമുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷണം നല്കുന്നത്.

 

 




MathrubhumiMatrimonial