TravelBlogue

ഒരു തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മ

Posted on: 21 Nov 2008

അരവിന്ദാക്ഷന്‍.പി.എസ്.



ദില്ലിയില്‍ നിന്ന് ഋഷികേശിലേയ്ക്ക് പുറപ്പെടുന്ന ആദ്യത്തെ ബസ്സ് പുലര്‍ച്ചെ രണ്ടരയ്ക്കാണ്. ബസ്സ് അര മണിക്കൂര്‍ മുമ്പേ സ്റ്റാന്‍ഡില്‍ കൊണ്ടുവന്നിട്ടിരുന്നതു കൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇരിക്കാനിടം കിട്ടി. ദില്ലിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അധോമണ്ഡല ഗുമസ്തന്‍മാരായ സജി, മാത്യു, പിന്നെ ഞാനുമാണ് ഈ യാത്രയിലെ മൂവര്‍ സംഘം. സ്വകാര്യ ടൂറിസ്റ്റ് ഏജന്‍സികള്‍ സംഘടിപ്പിക്കുന്ന കോണ്ടാക്ട് ടൂറുകള്‍ എല്ലാ ദിവസവും ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയി അന്നേ ദിവസം തന്നെ തിരിച്ചെത്തുന്നുണ്ട്. പക്ഷെ, അവരുടേത് ഒരു ഓട്ട പ്രദക്ഷിണമാണ്. അതാതിടങ്ങളില്‍ സന്ദര്‍ശനം കഴിഞ്ഞ് നിശ്ചിത സമയത്തിനുള്ളില്‍ ബസ്സില്‍ വന്ന് ഹാജര്‍ കൊടുത്തിരിക്കണം. ഇത്തരം നിബന്ധനകളോട് കൂടിയ സ്വാതന്ത്ര്യം ബുദ്ധിമുട്ടാണ്. യാത്ര ആസ്വദിക്കാന്‍ കഴിയില്ല. അതു കൊണ്ട് അല്‍പ്പം വളഞ്ഞ വഴിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്.

ഞങ്ങളുടെ പഴയ സുഹൃത്ത് ദാമു എന്ന ദാമോദരന്‍ ഹരിദ്വാറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലക്‌സറില്‍ താമസിക്കുന്നുണ്ട്. അയാള്‍ക്ക് ജോലി ബാങ്കിലാണ്. രണ്ട് കൊല്ലമായി ദാമു ദില്ലിയില്‍ നിന്ന് സ്ഥലം മാറി അങ്ങോട്ട് പോയിട്ട്. അവിടെ ഒരു സൗഹൃദ സന്ദര്‍ശനം നടത്തി അയാളെയും കൂട്ടി ഹരിദ്വാറിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ പദ്ധതി.

പറഞ്ഞ സമയത്തിന് ബസ്സ് പുറപ്പെട്ടു. യാത്രയുടെ ഒരുക്കത്തില്‍ നഷ്ടപ്പെട്ട ഉറക്കം പല ഗഡുക്കളായി തൂക്കിതീര്‍ത്തപ്പോഴേക്കും ബസ്സ് ഗാസിയബാദ്, മീററ്റ് എന്നീ സ്ഥലങ്ങള്‍ പിന്നീട്ട് മുസാഫര്‍ നഗറിലെത്തി.

ഇക്കാലത്തിവിടെ ഊഷരമായ ഭൂപ്രകൃതിയാണ്. താപനില 42-43 സെന്റി ഗ്രേഡ് വരെ ഉയരുന്നു. ബസ്സ് സഞ്ചരിക്കുന്ന റോഡിനിരു പുറവും ധാരാളം തണല്‍ മരങ്ങളുണ്ട്. അകലെ, പുരാതന നഗരാവശിഷ്ടങ്ങള്‍ പോലെ ഇഷ്ടിക നിര്‍മ്മണകളങ്ങള്‍... കൊയ്ത്തു തീര്‍ന്ന നിലങ്ങള്‍... ഇടയ്ക്കിടെ അഞ്ചെട്ടടി ഉയരത്തില്‍ പണിതു വെച്ച ചാണകകൂനകളും കാണാം. ചാണകവരടികള്‍ അട്ടിയായി അടുക്കി മീതെ ചാണകം കൊണ്ടു തന്നെ ഒരഭിഷേകം നടത്തി ചില കരകൗശല പണികളും അടിച്ചേല്‍പ്പിച്ച് നിര്‍ത്തുന്ന ഈ ചാണക പിരമിഡുകള്‍ ഗ്രാമീണരുടെ ഇന്ധന നിക്ഷേപങ്ങളാണ്. ഉത്തരേന്ത്യയിലെ പതിവു ദൃശ്യം.

അവിടവും സഹറന്‍പൂരും കടന്ന് ഞങ്ങള്‍ റൂര്‍ഖി എന്ന സ്ഥലത്ത് ബസ്സിറങ്ങി. ഉന്നതവൃകിഷങ്ങളും വെട്ടി നിര്‍ത്തിയ പൂവാടികളും ബ്രട്ടീഷ്- ഗോഥിക്ക്് വാസ്തു ശില്‍പ്പ മാതൃകയിലുള്ള റൂര്‍ഖി മനോഹരമായ സ്ഥലമാണ്. ഇവിടെ സൈനീകത്താവളവും എഞ്ചിനിയറിങ് കോളേജും ഉണ്ട്.

റൂര്‍ഖിയിലെ മിലിട്ടറി ഹോസ്​പിറ്റലിനു മുന്നില്‍ വെച്ച് വലത്തോട്ട് തിരിയുന്ന റോഡിലൂടെ 18 കി.മി യാത്ര ചെയ്താല്‍ ഞങ്ങള്‍ക്ക് പോകേണ്ട ലസ്‌ക്കറിലെത്താം.

ഞങ്ങള്‍ക്കവിടെ നിന്ന് ലഭിച്ച ബസ്സ് സര്‍ക്കസ്സില്‍ കുതിച്ചു ചാട്ടത്തിനുപയോഗിക്കുന്ന വാഹനങ്ങളുടെ മാതിരിയുള്ളതായിരുന്നു. അടിത്തറ പലയിടത്തും പൊളിഞ്ഞ് ബസ്സിന്റെ തിരിയുന്ന നട്ടെല്ല് കാണാം. സീറ്റില്‍ അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്ന് സ്‌പോഞ്ചിന്റെ ശകലങ്ങള്‍ അതിന് ശോഭനമായ ഒരു കാലമുണ്ടായിരുന്നു എന്നറിയിക്കുന്ന്ു. കയറിന്റെ ഉറപ്പിലാണ് വാതിലുകള്‍ വീഴാതെ നില്‍ക്കുന്നത്. ചില്ലില്ലാത്ത ജാലകത്തിലൂടെ ചൂട് കാറ്റുമടിക്കുന്നു.

ഗംഗയുടെ സമീപവര്‍ത്തിയായതുകൊണ്ട് ഈ പ്രദേശത്തെ മണ്ണിന് ഈര്‍പ്പവും ഫലഭൂയിഷ്ടിയുമുണ്ട്. ധാന്യങ്ങളുടെയും എണ്ണവിളകളുടെയും ഉത്പാദനത്തില്‍ ഉത്തര്‍പ്രദേശന് രാജ്യത്ത് പ്രഥമസ്ഥാനമാണ്. ആകെ ഉത്പാദനത്തില്‍ മൂന്നിലൊന്ന് ഭാഗം. കറുത്ത 'അലുവിയല്‍' മണ്ണില്‍ ഗോതമ്പ്, ചോളം, ബാര്‍ലി, കരിമ്പ്, കടുക്, പരിപ്പ്, എന്നീ വിളകള്‍ സമൃദ്ധിയായി വളരുന്നു.

പ്രകൃതി നിരീക്ഷണത്തിന് ശബ്ദായമാനമായ വിരമമിട്ടു കൊണ്ട് പെട്ടന്നാണ് ഞങ്ങളുടെ ബസ്സിന്റെ ടയര്‍ പൊട്ടിയത്. സാഹസികതയ്ക്ക് വേണ്ടിയുളള സാഹസികതയ്ക്ക് പുറപ്പെടേണ്ടിയിരുന്നില്ലെന്ന് ആ നിമിഷം ഞങ്ങള്‍ക്ക് തോന്നി. പക്ഷെ, ബസ്സിന് ഒരു കുലുക്കവുമില്ലതെ പിന്നെയും ഓടി തുടങ്ങി. പിറകിലത്തെ ടയറുകളിലൊന്നാണ് പഞ്ചറായത്. അതു കൊണ്ട് ഒരു മെച്ചമുണ്ടായി, ബസ്സിന് സ്​പീഡു കൂടി. അടുത്ത ടയര്‍ വെടി തീരുന്നതിന് മുമ്പ് ലക്ഷ്യസ്ഥാനത്തെത്തണമല്ലോ?

ഞങ്ങള്‍ എട്ടരമണിക്ക് ലക്‌സറിലെത്തി. ഇനി ഞങ്ങള്‍ക്ക് പോക്ണ്ടത് ഖാണ്‍പൂരെന്ന സ്ഥലത്തേ്ക്കാണ്. അവിടെയാണ് ദാമുവിന്റെ ബാങ്ക്. ഖാണ്‍പൂരില്‍ പോയി അയാളെ പിടികൂടണം. അയാളുടെ വാടക വീട് ഞങ്ങള്‍ ബസ്സിറങ്ങിയ ലക്‌സറില്‍ തന്നെയാണ്. പക്ഷേ ഞങ്ങളുടെ കയ്യില്‍ ദാമുവിന്റെ വീട്ടഡ്രസ്സില്ല. പത്ത് മണിക്കാണ് ആ കുഗ്രാമത്തില്‍ നിന്നും ഖാണ്‍പൂരിലേക്ക് പുറപ്പെടുന്ന ആദ്യ ബസ്സ്. ഞങ്ങള്‍ അതില്‍ കയറി ഇരിപ്പായി.

കറുത്ത് വിരൂപനായ ഒരു കുരുടനേയും അയാളുടെ സന്തത സഹചാരിയായ ഭാണ്ഡകെട്ടിനേയും ഗോവര്‍ദ്ധന്‍പൂരില്‍ ഇറക്കണമെന്ന്് ചട്ടം കെട്ടി അയാളുടെ കൂടെ വന്നയാള്‍ യാത3 പറഞ്ഞു പോയി. വൃദ്ധന്‍ തന്റെ പല്ലില്ലാത്ത വായില്‍ ആഹാരം തുഴഞ്ഞ് രസിച്ചു കൊണ്ടിരുന്നപ്പോഴാണ് ദാമു വന്നു കയറിയത്. ഞങ്ങളെ കണ്ട് അയാള്‍ ഞെട്ടി. കേരളത്തിലെ മന്ത്രിമാര്‍ക്കുണ്ടാകുന്ന ഞെട്ടലല്ല, ശരിക്കും ഞെട്ടി. അത്ര അപ്രതീക്ഷിതമായിരുന്നു ഞങ്ങളുടെ ആഗമനം. ഞങ്ങള് മൂന്നു പേരും പലപ്പോഴായി അയച്ച കത്തുകളൊന്നും അയാള്‍ക്ക കിട്ടിയിരുന്നില്ല. ഖാണ്‍പൂരിലേത് പിന്‍കോഡ് പതിച്ചു കിട്ടാത്ത ഒരു ഋഉ പോസ്റ്റ് ഓഫീസാണ്. അതിലെ പോസ്റ്റ് മാസ്റ്റര്‍ കൃഷിക്കളങ്ങളില്‍ പുറം പണിക്കും പോകും. ചുരുക്കത്തില്‍ ഗ്രാമത്തിലെ ഗോതമ്പരിയലും പരിപ്പുമെതിക്കലും കഴിഞ്ഞാലേ കത്തുകള്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തു.

ദാമുവിന്റെ വാടകവീട്ടില്‍ വൈകിപ്പോയ നിത്യകര്‍മ്മങ്ങളും ശാപ്പാടും കഴിഞ്ഞ് വൈകുന്നേരം നാല് മണിക്ക് ഞങ്ങള്‍ ലക്‌സറില്‍ നിന്ന് ഹരിദ്വാറിലേക്ക് ട്രെയിനില്‍ പിറപ്പെട്ടു.
ഓടുന്ന വണ്ടിയില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ ഭഗവതികളങ്ങളുടെ നിറപ്പകിട്ടാണ്. പല പാകത്തിലുള്ള പലതരം വിളകള്‍. കൊയ്ത്തു കാത്തുകിടക്കുന്ന ഗോതമ്പു കൃഷികളുടെ ചതുരങ്ങള്‍ പോക്കുവെയില്‍ നാളങ്ങളേറ്റു പൊന്‍തകിടു പോലെ തിളങ്ങുന്നു. മാങ്കുട്ടങ്ങളുടെ കൊഴുത്ത തണലില്‍ അയവിറക്കുന്ന് പുല്‍മേടുകള്‍. പ്ലാശുകളുടെ കറുത്ത, മുരടിച്ച, കവരങ്ങളില്‍ സാന്ധ്യ സൗന്ദര്യം കുറുകി കിടക്കുന്നു.

സമ്പല്‍ സൃദ്ധമായ ഈ സമതലഭൂമി ഏക്കറുകണക്കിന് പലര്‍ക്കും സ്വന്തമായുണ്ട്്. കൊയ്ത്തു തീര്‍ന്നാല്‍ ഈ ഭൂപ്രഭുക്കന്‍മാരുടെ കൈവശം ഒരു പാട് പണമടിയും. ഈ ചാകര കുറച്ചു നാളത്തേക്കേ കാണു. നൂറിന്റെയും അമ്പതിന്റെയും കെട്ടുകളില്‍ നിന്ന് മാറി മാറി വലിച്ചെടുത്ത്് കുറഞ്ഞ കാലത്തിനുളളില്‍ ദീപാളി കുളിക്കും. സര്‍ക്കാര്‍ ബാങ്കുകളില്‍ ഇവര്‍ക്കു വിശ്വാസമില്ല. പാക്കിസ്ഥാനില്‍ നിന്നും ഓടിപ്പോന്ന പല സര്‍ദാര്‍ജിമാരും ഇവിടെ വലിയ പാടശ്ശേഖരങ്ങളുടെ ഉടമകളാണ്. ഇത്രയും വളരെ ഭൂമി കൈമാറ്റം ചെയ്യുവാന്‍ 10 രൂപയുടെ സറ്റാമ്പ് പേപ്പര്‍ മതി. ഇത്തരം കീറക്കടലാസുകള്‍ പണയമായി ബാങ്കിലെത്താറുണ്ടെന്ന്് ദാമു പറഞ്ഞു.

വണ്ടി വൈകുന്നേരം അഞ്ചരമണിക്ക് ഹരിദ്വാറിലെത്തി. സറ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങളെ സമീപത്തുള്ള തൊഴുത്തില്‍ നിന്ന്ും ഉയരുന്ന് കുതിരാലയത്തിന്റെ ദുര്‍ഗന്ധവും വീഥിയിലൂടെ മൊപ്പഡില്‍ പാഞ്ഞു പോകുന്ന ഒരു സംന്യാസിയുടെ ദൃശ്യവും വരവേറ്റു.

ഞങ്ങള്‍ ആദ്യം പോയത് അയ്യപ്പ ക്ഷേത്രത്തിലേക്കാണ്. ഇതിന്റെ സ്ഥാപനവും നടത്തിപ്പും പയ്യന്നൂര്‍ സ്വദേശികളായ ചില നമ്പൂതിരിമാരാണ്്. ഉത്തരേന്ത്യന്‍ മാതൃകയിലാണ് നിര്‍മ്മാണമെങ്കിലും ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള നാലു നില സത്രവും കമനീയമാണ്. 1950ല്‍ പണികഴിപ്പിച്ച ക്ഷേത്രത്തില്‍ ശാസ്താ പ്രതിഷ്ഠ കൂടാതെ ഉപദൈവങ്ങളായി ശിവന്‍, പാര്‍വ്വതി, വിഷ്ണു, ലക്ഷ്മി, ഹനുമാന്‍ തുടങ്ങിയവരുമുണ്ട്. മുന്‍കൂട്ടി ഏല്‍പ്പിച്ചിരുന്നില്ലെങ്കിലും ഭാഗ്യത്തിന് ഞങ്ങള്‍ക്കവിടെ ഒരു ഡബിള്‍ റൂം കിട്ടി. ദാമുവിന് മേല്‍ശാന്തിയെ പരിചയമുണ്ട്. കൂടെ കൊണ്ടുവന്ന 'പൊക്കണം' റൂമിലിട്ട് ഞങ്ങള്‍ ദേശാടനത്തിനിറങ്ങി.

സ്‌നാന ഘട്ടങ്ങളിലേക്ക് നയിക്കുന്ന പാതയിലൂടെ ഞങ്ങള്‍ മോത്തിബസാര്‍ എന്ന് ഹരിദ്വാറിലെ പ്രധാന വാണിജ്യത്തെരുവിലെത്തി. ഇരുപുറവും കടകളാണ്. തുണികള്‍, രോമക്കുപ്പായങ്ങള്‍, കളിമണ്‍ പാത്രങ്ങള്‍, മാല-വള-മുടിപ്പിന്നുകള്‍, ഭക്തിപ്പുസ്തകങ്ങള്‍, മഞ്ഞപ്പുസ്തകങ്ങള്‍ എല്ലാമുണ്ട്. കൗതുകമുണര്‍ത്തുന്ന വാക്കിങ് സ്റ്റിക്കുകള്‍ക്കുവേണ്ടിയുളള ഒരു പീടികയും നാലടിപ്പൊക്കത്തില്‍ കുങ്കുമശൈലം വാര്‍്ത്തുവെച്ച മറ്റൊരു കടയും ശ്രദ്ധയില്‍പ്പെട്ടു. (സുഹാഗ് സിന്ദൂരം മനസാദേവിക്ഷേത്രത്തിലെ പ്രധാന അര്‍ച്ചനാ ദ്രവ്യമാണ്)

വൃത്തിയും വെടിപ്പുമുളള നിരത്തുകള്‍ കഴുകിയിട്ടതുപോലെയാണ്. അതിലൂടെ ജനക്കൂട്ടം അലയടിക്കുന്നു. നാനാദേശത്തുനിന്നും വന്ന് ഭക്തരും നാസ്തികരുമുണ്ടതില്‍ പണക്കൊഴുപ്പ് മധ്യപ്രദേശത്ത് അടിഞ്ഞുകൂടിയ മധ്യവയസ്സക്കകളും വളരെയൊന്നും ഭാവനയ്ക്ക് വിട്ടുകൊടുക്കാത്തമട്ടില്‍ വേഷമിട്ട് ഫാഷന്‍ സുന്ദരികളും തിരക്കിലലിഞ്ഞു ചേരുന്നു. ഈ ആള്‍ക്കുട്ടത്തിന് ഒരാധാരശ്രുതി പോലെ ജടാധാരികളുടെ ഒടുങ്ങാത്ത് പ്രവാഹവുമുണ്ട്.

ഇത്രയേറെ നിറത്തിലും തരത്തിലുമുള്ള സംന്യാസിമാരേയും യാചകരേയും വേറെയെങ്ങും കണ്ടിട്ടില്ല, ഭിക്ഷാടകരുടെ ഒരു കാഴ്ച്ചബംഗ്ലാവാണിത്. മീശകേശാദികള്‍ വളര്‍ത്തി കരിമ്പടത്തിന്റെ 'ഹോള്‍ഡോളും' ചുമന്നു നടക്കുന്നവരും കമണ്ഡലു, യോഗദണ്ഡ്, തുടങ്ങിയ സംന്യാസിയുടെ എല്ലാ ചട്ടവട്ടങ്ങളും ഒപ്പിച്ചവുരും ആപാദചൂടം ത്രിപുണ്‍ഡ്രകങ്ങളണിഞ്ഞ് വരയന്‍ പുലികളെ പോലിരിക്കുന്നവരും അന്ധന്‍മാരും കുഷ്ഠരോഗികളും ഇവരിലുണ്ട്്. ഈ ഭിക്ഷാടകപ്പടയില്‍ നിന്ന് വരിപിരിക്കുന്ന് ചില 'ചില ഇല നക്കി പട്ടികളുടെ ചിറിനക്കി പട്ടികളും' ഉണ്ടത്രേ! കൂംഭമേളക്കാലത്ത് നാഗസംന്യാസിമാരും ദേശാടനപക്ഷികളെ പോലെ ഇവിടെ വന്നെത്തുന്നു. ഒരു ചെട്ടിപ്പുമാല കൊണ്ട് കഴുത്ത് മറക്കുമെന്നതൊഴിച്ചാല്‍ ഇവര്‍ മറ്റൊന്നും കൊണ്ട് മറയ്ക്കുകില്ല. ഗംഗയിലെ പുണ്യതമാമയ തീര്‍ത്ഥസ്ഥാനത്ത് കുളിക്കാനുളള അവകാശം പിറന്ന പടി നടക്കുന്ന് ഈ നാഗ സംന്യാസിമാര്‍ക്കാണ്.

മോത്തി ബസാര്‍ തെരുവ് ഗംഗാതീരത്ത് അവസാനിക്കുന്നു. അവിടെ 'ഗൗ ഘാട്ട്' എന്നറിയപ്പെടുന്നു. പിന്നെ സുഭാഷ് ഘാട്ട് അതെ തുടര്‍ന്ന് 'ഹര്‍ കേ പൈഡി' എന്നീ സ്‌നാന ഘട്ടങ്ങളാണ്. അവിടെ അപ്പോള്‍ ആരതിയുടെ ഒരുക്കങ്ങളാണ്. ജനക്കൂട്ടം പതുക്കെ പെരുകി വരുന്നു.

നദിക്കരയില്‍ ആരതി തുടങ്ങി. അനേകം ഇതളുകളുളള വിളക്കുകളില്‍ തിരിയിട്ട് കത്തിച്ച് പണ്ഡകള്‍ സ്‌നാനഘട്ടത്തിനു ഇരുപുറവും നിന്ന് ഗംഗമയ്യയെ ഉഴിയുന്നു. സ്‌നാനഘട്ടത്തിന്റെ വിസ്താരതയില്‍ പ്രതിബിാബിക്കുന്ന തിരിനാളങ്ങള്‍ വലിയ വട്ടളങ്ങള്‍ സ്വര്‍ണമുരുകിത്തിളക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.

ആരതിയുടെ പരിസമാപ്തിയില്‍, കൂടി നില്‍ക്കുന്ന ആരാധകര്‍, നദീപ്രവാഹത്തില്‍ പൂക്കളും മണ്‍ചെരാതും വെച്ച ഇലത്തോണികള്‍ ഒഴുക്കുന്നു. ഇവ കണ്‍മറയുന്നത് വരെ കെടാതിരുന്നാല്‍ അത് വലിയ ഭാഗ്യമായാണ് കരുതപ്പെടുന്നത്. ആദ്യമൊക്കെ ഭാഗീരഥിയുടെ ഓളക്കൈകളില്‍ അവ സുരക്ഷിതമാണ് ഒഴുക്കിന്റെ തീവ്രതക്കനുസൃതമാണ് തിരിനാളങ്ങളുടെ ആയുസ്സ്. ശിരോലിഖിതം മാത്രം പോരാ,കാലത്തിന്റെ ആനുകൂല്യവും വേണം ഏന്നാണോ ഇതു നല്‍കുന്ന സൂചന? ഏതായാലും സഞ്ചരിക്കുന്ന താരാപഥം പോലെ വെളിച്ചത്തിന്റെ ചഞ്ചലനാളങ്ങള്‍ ഒഴുക്കിലകന്ന് ഇരുട്ടിലലയുന്ന കാഴ്ച്ച ഓര്‍മ്മയിലെ വിരുന്നാണ്.മാഘപൂര്‍ണിമ,ചൈത്രപൂര്‍ണിമ എന്നീ ദിനങ്ങള്‍ക്ക് ഇവിടെ പ്രാധാന്യമുണ്ട്.
ഞങ്ങള്‍ കുളിക്കാന്‍ തിരക്കു കുറഞ്ഞ കടവ് തേടി നടന്നു,അതിനിടയില്‍ ,ദാമു ഗംഗയുടെ മാഹാത്മ്യം വര്‍ണ്ണിക്കാന്‍ തുടങ്ങി...
ഭാരതത്തില്‍ ഗംഗയുടെ സ്ഥാനം അതുല്യമാണ്. ലോകത്തിലെ മഹാനദികളെ അപേക്ഷിച്ച് ഗംഗ തീരെ ചെറുതാണ്. പക്ഷെ ഗംഗാമയി എന്ന് അമ്മയുടെ സ്ഥാനം കൊടുത്ത് ഭാരതീയര്‍ ഒന്നടങ്കം പൂജിക്കുന്നത് ഈ നദിയെ മാത്രമാണ്. ഇതില്‍ കുളിക്കാനും പുണ്യജലം ആചമിക്കാനും ഇതിന്റെ തീരത്ത് സംസ്‌കരിക്കപ്പെടാനും,അതിനുകഴിഞ്ഞില്ലെങ്കില്‍ ചിതാഭസ്മം ഒഴുക്കപ്പെടാനും എല്ലാം നൂറ്റാണ്ടുകളായി ഓരോ ഹിന്ദുവും ആഗ്രഹിക്കുന്നു. വിവാഹത്തിനു തളിക്കാനും,സത്യം ചെയ്യാനും അന്ത്യ ജലം കൊടുക്കാനും ഗംഗതന്നെ വേണം. ഗംഗോദകം കൊല്ലങ്ങളോളം കേടുകൂടാതെ ഇരിക്കുന്നു എന്നത് ശാസ്ത്രജ്ഞന്‍മാരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ്. ഹെന്‍കിന്‍ എന്ന ശാസ്ത്രജ്ഞ്ന്‍ കാശിയില്‍ നിന്ന് ഗംഗാജലമെടുത്ത് നരീക്ഷിച്ചപ്പോള്‍ അതിലുള്ള കോളറ അണുക്കള്‍ ആറുമണിക്കൂറിനകം നശിച്ചു പോയതായി കണ്ടിട്ടുണ്ടത്രെ.

ഹിമവാന്റെ മടിത്തട്ട് വിട്ട് ഗംഗ സമതലങ്ങള്‍ തേടുന്നത് ഹരിദ്വാറില്‍ വെച്ചാണ്. ഹരിദ്വാറിന് വിഷ്ണുദ്വാരമെന്നും പേരുണ്ട്. വിഷ്ണുവും ഹരിദ്വാറുമൊക്കെ പേരില്‍ മാത്രമേയുള്ളു. ചമോലി,ഡറാഡൂണ്‍ ,ഉത്തരകാശി,അല്‍മോറ,ഗഡ്വാള്‍, എന്നീ കുമയോണ്‍ കമ്മീഷണേറ്റ് എന്നറിയപ്പെടുന്ന പര്‍വത പ്രദേശങ്ങളില്‍ വിഷ്ണുവിന് സ്ഥാനമൊന്നുമില്ല. അവ തികച്ചും ശിവന്റെ കോണ്‍സിസ്റ്റുവന്‍സിയാണ്. നന്ദാ ദേവി പര്‍വതത്തില്‍ നിന്നും ഒഴുകിവരുമന്ന അളകനന്ദയും ,ഗോമുഖ ഗിരിയില്‍ നി്ന്നും ഒഴുകിയിറങ്ങുന്ന ഭാഗീരഥിയും ഹരിദ്വാറിന് 94 കി.മീ. അപ്പുറത്തു ദേവപ്രയാഗ എന്ന സ്ഥലത്തു വെച്ച് ഒന്നിക്കുന്നു. അളകനന്ദക്കുണു ദൈര്‍ഘമെങ്കിലും ഭാഗീരഥിയാണ് ഗംഗയുടെ പ്രധാനസ്രോതസ്സായി കണക്കാക്കപ്പെടുന്നത്.

വ്യാഴം സൂര്യനു ചുറ്റും ഒരു ശയന പ്രദ്ക്ഷിണം വെക്കുമ്പോള്‍ ഇവിടെ കുംഭമേള നടക്കുന്നു. അന്ന് ലക്ഷങ്ങള്‍ ഇവിടെയും അലഹബാദിലും കുംഭമേളക്കായെത്തും.ദേവാസുര സംഗ്രാമസമയത്ത്കുടത്തില്‍ നിന്നും അമൃതം ചിതറിപ്പോയ സഥലങ്ങളിലാണത്രെ കുഭമേളകള്‍ നടക്കുന്നത്.

ഗംഗ,ഹരിദ്വാര്‍ നഗരത്തെ ഇതുപോലെ മുട്ടിയുരുമ്മിയല്ലായിരുന്നു പണ്ട് പോയ്‌ക്കൊണ്ടിരുന്നത്. ഗഡ്‌വാള്‍ രാജാവ് ബ്രിട്ടീഷ് പക്ഷത്ത് ചേര്‍ന്നതോടെ ഗംഗ രാജാതിര്‍ത്തിയില്‍ നിന്ന് അപ്രത്യക്ഷയായി.അദ്ദേഹം ഗംഗയെ തോടുകെട്ടി തന്റെ നഗരപാര്‍ശ്വത്തിലൂടെ ഒഴുക്കി എന്നത് ചരിത്രം. ഇത് ഇന്നു കാണുന്ന രൂപത്തില്‍ വിപുലീകരിച്ച് ഗംഗാ കനാലുമായി ബന്ധിപ്പിച്ചത് പില്‍ക്കാലത്താണ്.


നദീതീരത്ത് അച്ചാലും,പിച്ചാലും നടക്കുന്ന കാഷായാംബരധാരികളെയും പേടിക്കേണ്ടിയിരിക്കുന്നു. ഇവരില്‍ കള്ളന്‍മാരും കൊലപാതകികളും കണ്ടേക്കാം. അല്ലെങ്കിലും സംന്യാസിമാരുടെ ഭൂതകാലവും പാപികളുടെ ഭാവികാലവും ആരുമന്വഷിക്കാറില്ലല്ലോ. ഞങ്ങള്‍ രണ്ടു ബാച്ചുകളായാണ് കുളിക്കാനിറങ്ങിയത്.

ഇവിടെ ഗംഗാജലം നിര്‍മ്മലമാണ്. ജനാര്‍പ്പുകൂടിയ സമതലങ്ങളുടെ ഒഴുകി കാശിയിലേക്കും മറ്റു മാലിന്യക്കൂമ്പാരങ്ങളേറ്റു വാങ്ങുമ്പോള്‍ ഇത് കാളകൂടമാകുന്നു. വഴുക്കലുള്ള കല്‍പ്പടവുകളില്‍ അടിതെറ്റി ഒഴുക്കിലൊലിച്ച് പോകാതിരിക്കാന്‍ ചങ്ങലകള്‍ കൊണ്ട് കോര്‍ത്തിട്ടുണ്ട്. അവ പിടിച്ചു വേണം മുങ്ങാന്‍. ചെയ്ത പാപങ്ങള്‍ മുങ്ങിയപ്പോള്‍ കഴുകിപ്പോയോ എന്നറിയില്ല. ആ പ്രവാഹത്തോട് മല്ലിട്ട് ഏറെ നേരം കിടക്കാന്‍ കഴിയാഞ്ഞതിലായിരുന്നു ഞങ്ങളുടെ സങ്കടം.

കുളികഴിഞ്ഞ് തിരക്കില്ലാത്ത കോണില്‍ ഗംഗയുടെ സംഗീതവും കേട്ടിരുന്നപ്പോള്‍ സജി അയാളുടെ പഴംപുരാണക്കെട്ടഴിച്ചു. ' സഗരന്‍ എന്ന രാജാവ് തൊണ്ണൂറ്റി ഒന്‍പതാമത്തെ അശ്വമേധം പൂര്‍ത്തിയാക്കി. നൂറ് തികഞ്ഞാല്‍ ഇന്ദ്രപദം കിട്ടും. നിലവിലുണ്ടായിരുന്ന ഇന്ദ്രന്‍ അസ്വസ്ഥനായി. യാഗ കുതിരയെ പിടിച്ചു കെട്ടി പാതാളത്തില്‍ തപസ്സനുഠിക്കുന്ന കപില മുനിയുടെ അരികത്തു കെട്ടി. കാണാതായ കുതിരയെ കണ്ടെത്താന്‍ സഗരന്‍ തന്റെ പുത്രന്‍മാരെ അയച്ചു. ആസുത്രണമില്ലാത്ത കാലം സഗര പുത്രന്‍മാര്‍ അറുപതിനായിരം പേരാണ്. കുതിരയെ കട്ടത് കപില മുനിയാണെന്ന് നിനച്ച് അവര്‍ അദ്ദേഹത്തോട് വഴക്കിന് ചെന്നു. കപിലന്‍ എല്ലാവരെയും വെണ്ണീറാക്കി.

ഭഗീരഥന്‍ വിയദ് ഗംഗയെ താഴേക്ക് കൊണ്ടുവന്നാല്‍ അവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ശാപമോക്ഷവും കൊടുത്തു. അംശുമാന്റെ പൗത്രനായ ഭഗീരഥന്‍ നെടുനാള്‍ തപം ചെയ്ത് ഗംഗയെ സംപ്രീതയാക്കി. ഗംഗ നിലത്തിറങ്ങന്‍ സമ്മതിച്ചു. ഔന്നിത്യത്തില്‍ നിന്ന് പതിക്കുന്ന തന്നെ ആരു താങ്ങും? ശങ്കരന്‍ മാത്രം. ഭഗീരഥന്‍ ശിവനെയും പ്രസാദിപ്പിച്ചു. എല്ലാം മംഗളം. മന്ദാകിനി ഗംഗാധരന്റെ ജടാകലാപത്തില്‍ വന്നു വീണു, ഭൂമിയിലൊഴുകി. പാതാളത്തിലെത്തി. ത്രിപഥഗയായി. സഗരന്‍മാര്‍ക്ക് ജീവന്‍ വെച്ചു.'

പത്തുമണിക്ക് സത്രം അടയ്ക്കുന്നതിന് മുന്‍പായി ഞങ്ങള്‍ അതില്‍ കയറിപ്പറ്റി. അപരിചിതമായ സ്ഥലത്ത് കിടന്നതിനാലാവണം ഉറക്കം ശരിയായില്ല. കാലത്ത് അടുത്തുള്ള അവമ്പലത്തില്‍ നിന്നുളള ഭക്തിഗാനപ്രഭാഷണം കേട്ടാണുര്‍ന്നത്. വരന്തയില്‍ ന്ിന്ന് പുറത്തേയ്ക്ക് നോക്കുമ്പോള്‍ ഭിക്ഷാടകരുടെ നിര. ശുഭ്ര വസ്ത്ര ധാരിണിയായ ഒരു മഹിള സാരിത്തലപ്പു കൊണ്ട് തലമറച്ച് ഒരു കുട്ടയില്‍ നിന്നും പൂരിയും കറിയും അവരുടെ ഇടയില്‍ വിതരണം ചെയ്യുന്നു.

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ അയ്യപ്പനെ കൈകൂപ്പി മനസാദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ശിവാലിക മലയുടെ മുകളിലാണ് മനസാ ദേവി ്‌ക്ഷേത്രം. 1300 മീറ്റര്‍ കയറ്റമാണ്. അല്ലലറിയാതെ കയറുവാന്‍ റോപ്പ് വേയുമുണ്ട്. നാലു പേര്‍്ക്കിരിക്കാവുന്ന് വര്‍ണ്ണപ്പെട്ടികള്‍ ഇരുമ്പുവടങ്ങളിലൂടെ നിരങ്ങി നീങ്ങികൊണ്ടിരിക്കുന്നത് കാണാം. ഞങ്ങള്‍ നടപ്പാതയാണ് മലകയറുവാന്‍ സ്വീകരിച്ചത്. മനസാ ദേവി അമ്പലത്തിലേക്ക് വേണ്ട അര്‍ച്ചനാദ്രവ്യപ്പാക്കറ്റ് വാങ്ങാന്‍ ബാലികമാര്‍ പിറകേ നടന്ന് ശല്യപ്പെടുത്തും. വഴിയോരത്ത് യാചകന്‍മാരുടെയും കുരങ്ങന്‍മാരുടെയും സംഘമുണ്ട് കൂട്ടിന്. മലമുകളില്‍ ഗ്രീഷ്മത്തിന്റെ താണ്ഡവമാണ്. ഇലകള്‍ പൊഴിച്ച മരങ്ങള്‍ ശുഷ്‌ക്കിച്ച കരങ്ങളുയര്‍്ത്തി മഴക്ക് വേണ്ടി മുറവിളികൂട്ടുന്നു.

ഞങ്ങള്‍ ശിവാലിക മലയുടെ മുകളിലെത്തി. മനസാദേവിയെ തൊഴുതു. വനമധ്യത്തില്‍ പള്ളികൊണ്ട ഈ ദേവത ദുര്‍ഗ്ഗയുടെ അവതാരം തന്നെ. ഭാഗ്യവശാല്‍ അപ്പോള്‍ ദേവിയുടെ പ്രാതല്‍ കഴിഞ്ഞ സമയമായിരുന്നു. പ്രസാദ വിതരണം നടന്നു കൊണ്ടിരിക്കുന്നു. കടല വേവിച്ച് ഉപ്പും മുളകും പൊടിയും തൂകിയതും വറുത്ത് റവ പാലും ധാരാളം നെയ്യും ചേര്‍ത്ത് പാകം ചെയ്തതുമായിരുന്നു വിഭവങ്ങള്‍.

മനസാദേവിയെ വണങ്ങി ഞങ്ങള്‍ മലയിറങ്ങുമ്പോള്‍, മധ്യേമാര്‍ഗ്ഗം, പിച്ചള ടെലിസ്‌ക്കോപ്പുമായി നില്‍ക്കുന്ന ഒരു 'ദൂരദര്‍ശ്ശകനെ' കണ്ടു. മൂന്നു രൂപ കൊടുത്ത് മലമുകളില്‍ ഒളിച്ചിരിക്കുന്ന ചണ്ഡീദേവീക്ഷേത്രവും അഞ്ജനീ ദേവിക്ഷേത്രവും അടുത്തു കണ്ടു.

അടിവാരത്തില്‍ നിന്ന് 'വിക്രം' എന്ന ഒരു തരം വണ്ടിയില്‍ കനഖലിലേക്ക് തിരിച്ചു. ഓട്ടോറിക്ഷയുടെ ഒരു വല്യേട്ടനാണ് ഈ സിക്‌സ് സീറ്റര്‍.

ഹരിദ്വാറില്‍ നിന്ന് 3 കി.മീ.ദൂരെ നഗരത്തിന്റെ ബഹളത്തില്‍നിന്ന് ഒട്ടൊഴിഞ്ഞ് മാറികിടക്കുന്ന വെളിമ്പ്രദേശമാണ് കനഖല്‍. വഴിക്ക് ഭേദപ്പെട്ടവര്‍ പാര്‍ക്കുന്ന പാര്‍പ്പിടങ്ങളും തിരക്കേറിയ ചന്തകളും കാണാന്‍ കഴിഞ്ഞു.
കനഖല്‍ ദക്ഷയാഗ ഭൂമിയാണ്. ഇങ്ങോട്ടാണ് പണ്ട് സതി '' എന്നാലും താതനല്ലേ, പുനരവിടെ നടക്കുന്നതും യാഗമല്ലേ? '' എന്നൊക്കെ പറഞ്ഞ് പരമസവിധത്തില്‍നിന്ന് ചാടിപുറപ്പെട്ടത്. മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച വലിയ എടുപ്പുകളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. ദക്ഷന്‍ യാഗം നടത്തിയ യജ്ഞകുണ്ഡമാണോ എന്നറിയില്ല, മാര്‍ബിള്‍ളില്‍ അങ്ങനെയൊന്ന് അവിടെ പണിതുവെച്ചതു കാണാം. അത്ഭുതം! ദക്ഷനും,ശിവനും അവിടെ ക്ഷേത്രങ്ങളുണ്ട്. ചത്തവനും കൊന്നവനും അമ്പലങ്ങള്‍!

അമ്പല മതില്‍ക്കെട്ടിനകത്ത് ഒരു മൂലയില്‍ ജടാവല്‍ക്കങ്ങളണിഞ്ഞ താപസനെപ്പോലെ എമ്പാടും വേരുകള്‍ വളര്‍ന്ന ഒരു പേരാല്‍ വൃക്ഷം. അതിന്റെ ഇലച്ചാര്‍ത്തണിഞ്ഞ നീണ്ട ശാഖകള്‍ പ്രാക്രാരവും കടന്ന് കനഖലിനെ ഉമ്മ വെച്ചൊഴുകുന്ന ഗംഗയുടെ കൈത്തോടിനു മുകളില്‍ പടര്‍ന്നു നില്‍ക്കുന്നു. അമ്പലവും നദീതീരവും കല്‍പ്പടവുകളും മരത്തണലുമെല്ലാം ഇപ്രദേശത്തിന് ഒരു തിരുന്നാവായ ഛായ പകരുന്നുണ്ട്.

'പൊന്നരഞ്ഞാണം കിലുങ്ങിയടിവെച്ചും കൊഞ്ചും ചിലങ്കയുടെ ഗീതം പൊഴിച്ചും' ഒഴുകുന്ന ഗംഗാതരംഗിണിയുടെ മര്‍മ്മരങ്ങള്‍ക്ക് ചെവികൊടുത്തു കൊണ്ട് ഞങ്ങള്‍ കുറേനേരം പുഴക്കടവിലിരുന്നു. ഒഴുക്ക് നല്ലവണ്ണമുണ്ടെങ്കിലും ആഴം കുറവാണ്. ഇവിടെയിരുന്നു നോക്കുമ്പോള്‍ വലിയ ടയറുകള്‍ പുഴയിലെറിഞ്ഞ് അതിനു മുകളില്‍ സവാരി നടത്തുന്ന കുട്ടികളെ കാണാം...

മാത്യു അതുവരെയും കുതിരവണ്ടിയില്‍ കയറിയിട്ടില്ലെന്ന് പറഞ്ഞതുകൊണ്ട് കനഖലില്‍ നിന്നുള്ള മടക്കയാത്രക്ക് കുതിരവണ്ടിയാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. റെയില്‍വെസ്റ്റേഷന്‍ വരെ. 11 മണിക്കാണ് അവിടെനിന്ന് ദില്ലിയിലേക്കുള്ള തീവണ്ടി.

കുതിരവണ്ടിക്കാരന്‍ കിളവന്‍ വലിയ ഭേദ്യമൊന്നും ചെയ്യുന്നത് കണ്ടില്ല. കുടമണികള്‍ കിലുക്കിക്കൊണ്ട് ഒരേ താളത്തില്‍ ാ കുതിരകള്‍ ഓടിക്കൊണ്ടിരുന്നു. കനഖലും കനഖലിലേക്കുള്ള വഴികളും ചന്തകലും ഭേദപ്പെട്ടവരുടെ പാര്‍പ്പിടങ്ങളും ആ തീര്‍ത്ഥാടന നഗരവും കാഴ്ച്ചവട്ടത്തുനിന്ന് കുലുങ്ങി കുലുങ്ങി അകന്നകന്ന് മറഞ്ഞു കൊണ്ടിരുന്നു.



MathrubhumiMatrimonial