NagaraPazhama

ബാഴ്‌സലോണയുടെ സ്വപ്നവും ശ്രീമൂലം തിരുനാളിന്റെ കടലോര നഗരപദ്ധതിയും

Posted on: 14 Jan 2012


സ്‌പെയിനിലെ പ്രശസ്തമായ ബാഴ്‌സലോണ നഗരവും അനന്തപുരിയും ചേര്‍ന്ന് ഒരു പുതിയ പദ്ധതിയെപ്പറ്റി ചര്‍ച്ചകള്‍ തുടരുന്നു. മുമ്പ് ഇംഗ്ലണ്ടിലെ ഒരു നഗരവുമായി ഇതുപോലെ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിനും ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നുവെന്നാണ് അറിവ്. പക്ഷേ പിന്നീട് അതുപേക്ഷിച്ചു. സ്‌പെയിനിലെ 'ഇരട്ടനഗര' പദ്ധതിയും ഇതുവഴിക്കാകുമോ എന്ന് കണ്ടറിയണം. പക്ഷേ രണ്ട് നഗരത്തിന്റെയും അധികാര-അവകാശങ്ങള്‍ വിഭിന്നങ്ങളാണ്. കേരളത്തിന്റെ തലസ്ഥാന നഗരിയായിരുന്നിട്ടുപോലും അനന്തപുരി അല്ലെങ്കില്‍ തിരുവനന്തപുരം നഗരസഭയ്ക്കുള്ള അധികാരം പരിമിതമാണ്. സംസ്ഥാനത്തെ പൊതുനിയമങ്ങള്‍ അനുസരിച്ചേ ഇവിടെ പ്രവര്‍ത്തിക്കാനാകൂ. അതുപോലെ തന്നെ നിയമങ്ങള്‍ പാസ്സാക്കി നടപ്പിലാക്കാനൊന്നും നഗരസഭയ്ക്ക് അധികാരം ഇല്ലതാനും. പക്ഷേ ബാഴ്‌സലോണ നഗരത്തിന് ഒരു പരിധിവരെ നിയമങ്ങള്‍ പാസ്സാക്കാനും നടപ്പിലാക്കാനും പോലീസിനെപ്പോലും നിയന്ത്രിക്കാനും അധികാരം ഉണ്ടെന്നാണ് അറിയുന്നത്. ബാഴ്‌സലോണ സംഘം ഈ നഗരത്തിന്റെ അധികാരപരിധികളോര്‍ത്ത് ഒരുപക്ഷേ അത്ഭുതപ്പെട്ടുകാണും. എന്നിരുന്നാലും കടലിന്റെയും കായലിന്റെയും നദികളുടെയും സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ ഈ നഗരത്തില്‍ ഇന്നും ഒരുപാട് നന്മകള്‍ അവര്‍ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ പല രംഗത്തും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നദ്ധരാണ്. അത് ഏത് ഘട്ടംവരെ യാകണമെന്നതാണ് ഇനിയുള്ള ചര്‍ച്ചാവിഷയം.

തമ്പാനൂരില്‍ നിന്ന് കടല്‍ കാണാന്‍ തക്കവണ്ണം നഗരത്തില്‍ പുനഃസംവിധാനം വേണമെന്ന് ബാഴ്‌സലോണ സംഘത്തിലെ ഒരാള്‍ നിര്‍ദ്ദേശിച്ച വാര്‍ത്ത അത്ഭുതത്തോടെയാണ് നഗരവാസികള്‍ വായിച്ചത്. തമ്പാനൂരില്‍ നിന്നും കടപ്പുറത്തേക്ക് വേഗത്തിലെത്താനുള്ള ഒരു റോഡ് വെട്ടുക. പോകട്ടെ, നഗരത്തിലെ പ്രധാന ഭാഗങ്ങളില്‍ മൂത്രപ്പുര നിര്‍മ്മിക്കാന്‍പോലും നഗരസഭയ്ക്ക് അധികരമില്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പണശക്തിക്ക് മുമ്പില്‍ നിയമങ്ങള്‍ മാറിമറിയുന്ന ഇവിടത്തെ സംവിധാനത്തില്‍ ബാഴ്‌സലോണക്കാരുടെ ഏതെങ്കിലും ന്യായമായ പദ്ധതി നടപ്പിലാക്കാന്‍ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യന്ത്രസഹായങ്ങളോ മറ്റ് സാങ്കേതിക വിജ്ഞാനങ്ങളോ ഒന്നും ഇല്ലാതിരുന്ന രണ്ടര നൂറ്റാണ്ടിന് മുമ്പ് ഭൂമിക്കടിയിലൂടെ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലുള്ള 'പത്മതീര്‍ത്ഥ'ത്തിലേക്ക് നദീജലം കൊണ്ടുവന്ന നഗരമാണിത്. വൈദ്യുതിയുടെ സഹായം കൂടാതെ അരുവിക്കരയില്‍ നിന്നും 'ഗ്രാവിറ്റേഷന്‍ ഫോഴ്‌സി'ല്‍ കുടിവെള്ളം എത്തിച്ച ഈ നഗരം, ആ രംഗത്ത് ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പറയേണ്ടതില്ല. ശുദ്ധജലം മുടങ്ങാത്ത ഒരൊറ്റ ദിവസംപോലും ഇല്ല. വേണമെങ്കില്‍ ശുദ്ധജല വിതരണം ഇന്ന് ജനകീയവത്ക്കരിച്ചുവെന്നും പാവപ്പെട്ടവനോ, പണക്കാരനോ ഇല്ലാതെ എല്ലാവര്‍ക്കും അത് നല്‍കുന്നുവെന്നും വാദിക്കാം. അത് അംഗീകരിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ, ഇന്ന് ഈ പദ്ധതികള്‍ക്ക് ചെലവാക്കുന്ന തുകയും ഉന്നത ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും എണ്ണവും എത്രയാണ്? അരുവിക്കരയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ (ഉണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കാം) അനന്തപുരിക്ക് വെള്ളം നല്‍കാന്‍ ഏതെങ്കിലും രൂപം നല്‍കാന്‍ ഇവിടത്തെ വിദഗ്ദ്ധ സംഘത്തിനോ, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും ഇതേവരെ കഴിഞ്ഞോ? ലോകത്ത് പുതുതായി ഉണ്ടാകുന്ന കെട്ടിടങ്ങളുടെയും പാലങ്ങളുടെയും മാതൃക തിരുവിതാംകൂറിലും കല്‍ക്കട്ടയിലും കാണാന്‍ കഴിഞ്ഞിരുന്നതായി റോബിന്‍ ജഫ്രിയെപ്പോലുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാജഭരണകാലത്ത് നിര്‍മ്മിച്ചിരുന്ന കെട്ടിടങ്ങളെല്ലാം കേരളീയ വാസ്തുശില്പകലയുടെയും കൊളോണിയല്‍ വാസ്തുശില്പ സൗന്ദര്യത്തിന്റെയും നിദര്‍ശനങ്ങളായിരുന്നു. നൂറ്റാണ്ടുകള്‍ പിന്നിട്ട ആ കെട്ടിടങ്ങളാണ്, നഗരത്തിലെത്തുന്ന വിദേശികളെ ആകര്‍ഷിച്ച് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നഗരത്തില്‍ കോടികള്‍ മുടക്കി എത്രയോ വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. സെക്രട്ടേറിയറ്റ് അനക്‌സും വികാസ് ഭവനും നിയമസഭാ മന്ദിരവും എല്ലാം നഗരത്തിലെ 'സിമന്റ് കൂടാരങ്ങ'ളായി നില്‍ക്കുന്നു.

ബാഴ്‌സലോണക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചതുപോലെ ഒരു കടലോര നഗരത്തെപ്പറ്റിത്തന്നെ രാജഭരണകാലത്ത് ആലോചന നടന്നതായിട്ടുള്ള രേഖ പുരാരേഖ വകുപ്പിലുണ്ട്. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ ഭരണാന്ത്യമായ 1924-ല്‍ അന്നത്തെ എക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡാണ് ചീഫ് സെക്രട്ടറിക്ക് കടലോര നഗരം പണിയാന്‍ നിര്‍ദ്ദേശം നല്‍കിയത്. റെയില്‍വേ ലൈനിനും കടലിനും ഇടയ്ക്കുള്ള ശംഖുംമുഖത്തെ കടപ്പുറത്താണ് നഗരം ഉയരേണ്ടതെന്നും സ്‌കൂള്‍, ആസ്പത്രി, ഹൈക്കോടതി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍, നഗരവാസികള്‍ക്കുള്ള ഭവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടേയ്ക്ക് മാറ്റണമെന്നും നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. ഈ പദ്ധതി എന്തുകൊണ്ടോ നടക്കാതെ പോയി. അത് പ്രവാര്‍ത്തികമായിരുന്നുവെങ്കില്‍ നഗരത്തിന്റെ ഇന്നത്തെ മുഖഛായതന്നെ മാറുമായിരുന്നു.



MathrubhumiMatrimonial