NagaraPazhama

ഗവര്‍ണര്‍ ജനറലിന്റെ വരവും ആധുനിക ഫയര്‍സര്‍വീസിന്റെ തുടക്കവും

Posted on: 14 Jan 2012

മലയന്‍കീഴ് ഗോപാലകൃഷ്ണന്‍



കൊല്ലത്തെ പുത്തന്‍തെരുവ് ടാങ്കര്‍ലോറി അപകടത്തിന്റെ ആഘാതത്തില്‍ നിന്നും നാട്ടുകാരും ഭരണകൂടവും വിമുക്തമായിട്ടില്ല. തേക്കടി ബോട്ടപകടം സംബന്ധിച്ച പ്രസ്താവനകളും പ്രഖ്യാപനങ്ങളും ഇപ്പോള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇനി അടുത്തൊരു ദുരന്തംവരെയുള്ള ചര്‍ച്ച പുത്തന്‍തെരുവ് ടാങ്കര്‍ലോറി അപകടമായിരിക്കും. ഇവിടെ ക്ഷാമമില്ലാത്തത് പ്രഖ്യാപനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും മാത്രം.

1924-ല്‍ ഈ മഹാനഗരത്തെയും കേരളത്തെ ആകെയും ഞെട്ടിപ്പിച്ച 'റഡിവര്‍' ബോട്ടപകടം പഴമക്കാര്‍ മറന്നിട്ടില്ല. മഹാകവി കുമാരനാശാനടക്കം നിരവധിപേരുടെ ജീവനപഹരിച്ച ആ ബോട്ടപകടത്തെ തുടര്‍ന്ന് അന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ അന്വേഷണകമ്മീഷനെ നിയോഗിച്ചു. അവര്‍ സമയബന്ധിതമായി നല്‍കിയ റിപ്പോര്‍ട്ടും അതിന്റെ നിര്‍ദ്ദേശങ്ങളും ഇന്നും പുരാരേഖ വകുപ്പിലുണ്ട്. ജനാധിപത്യം ശക്തിപ്പെടാത്ത ഒരുകാലത്താണ് ഈ സംഭവം നടന്നതെന്ന് ഓര്‍ക്കുക. എന്നാല്‍ അതില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതുകാരണം ബോട്ടപകടങ്ങള്‍ കുറയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. ഇന്നത്തെ സ്ഥിതി അതല്ല. കമ്മീഷനുകളും അന്വേഷണങ്ങളുമെല്ലാം പ്രഹസനമായിക്കൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്ക് നന്നായി അറിയാം.
കൊല്ലത്തെ പുത്തന്‍തെരുവ് ടാങ്കര്‍ലോറി അപകടം നടന്നപ്പോഴാണ് കേരളത്തില്‍ ഫയര്‍ സര്‍വീസിന്റെ 'നിസ്സഹായവസ്ഥ' ജനം കണ്ടത്. തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ജീവനക്കാര്‍ വിളിച്ചുപറഞ്ഞു. വെള്ളവും അവരുടെ കായികശക്തിയും മാത്രമാണ് ആകെയുള്ള ആയുധം. പക്ഷേ ഗ്യാസോ, പെട്രോളോ കത്തിപ്പടര്‍ന്നാല്‍ അണയ്ക്കാനുള്ള ആധുനിക യന്ത്രോപകരണങ്ങളും മറ്റ് സാമഗ്രികളും പലേടത്തും ഫയര്‍ സര്‍വീസിനില്ല.

തീപിടിക്കുമ്പോള്‍ വെള്ളം ഒഴിച്ചും മരക്കൊമ്പുകള്‍ വെട്ടിഅടിച്ചും തീകെടുത്തുന്ന പ്രാകൃതരീതിയാണ് ഈ കമ്പ്യൂട്ടര്‍ യുഗത്തിലും ഫയര്‍ സര്‍വീസിനുള്ളത്. ലോകത്ത് ഈ രംഗത്ത് എത്ര പരിഷ്‌കരണങ്ങളും പരിവര്‍ത്തനങ്ങളും ശാസ്ത്ര-സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉണ്ടായി. ഇതൊന്നും ഫയര്‍ സര്‍വീസ് വകുപ്പില്‍ എത്തിയിട്ടില്ലെന്നാണോ ഇതിന്റെ അര്‍ഥം. അതോ ഉപകരണങ്ങള്‍ ഉണ്ടായിട്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതാണോ? ആര്‍ക്കറിയാം ഇതെല്ലാം.

മോട്ടോര്‍വാഹനങ്ങള്‍ വരുന്നതിനുമുമ്പ് തന്നെ ഫയര്‍ സര്‍വീസുകള്‍ വിദേശത്ത് ഉണ്ടായിരുന്നു. കുതിരകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനുള്ള വെള്ളം നിശ്ചിത സ്ഥലത്ത് അന്ന് എത്തിച്ചിരുന്നത്. ഇതിനുശേഷം ഫയര്‍എന്‍ജിനുകളുടെ വരവായി. രാജഭരണകാലത്ത് അനന്തപുരിയിലെത്തിയ ഒരു ഗവര്‍ണര്‍ താമസിച്ച സ്ഥലത്തുണ്ടായ തീപ്പിടിത്തമാണ് തിരുവിതാംകൂറില്‍ ആധുനിക ഫയര്‍ സര്‍വീസിന്റെയും പ്രത്യേക സേനയുടെയും തുടക്കമായത്. 1930 ഫിബ്രവരി 21ന് ആയിരുന്നു ആ സംഭവം. ഗവര്‍ണര്‍ ജനറലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗസ്റ്റ്ഹൗസി (ഇന്നത്തെ രാജ്ഭവന്‍) ന് സമീപം നിര്‍മ്മിച്ചിരുന്ന ഓലമേഞ്ഞ കെട്ടിടത്തില്‍ തീപിടിച്ചു. എന്നാല്‍ ഫയര്‍ സര്‍വീസുകാര്‍ എത്തുന്നതിന് മുമ്പുതന്നെ ഷെഡ് പൂര്‍ണമായി കത്തിനശിച്ചു. തീയണയ്ക്കാനുള്ള ഉപകരണങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വര്‍ക്ക്‌ഷോപ്പിലായിരുന്നു. സംഭവസമയത്ത് അത് പൂട്ടിയിട്ടിരുന്നതിനാല്‍ കതക് തല്ലിത്തകര്‍ത്താണ് ഉപകരണങ്ങള്‍ പുറത്തെടുത്തത്.

ഈ കാലതാമസമാണ് ഓലഷെഡ് മുഴുവന്‍ കത്താന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് അന്നത്തെ ചീഫ്എന്‍ജിനീയര്‍ ആല്‍ഫ്രെട്ട് വിപിന്‍ ഫയര്‍സര്‍വീസ് വിഭാഗത്തെ പൊതുമരാമത്ത് വകുപ്പില്‍നിന്നും മാറ്റി പോലീസിന്റെ കീഴിലാക്കണമെന്ന് നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പില്‍വരുത്തി. എന്നാല്‍ ഫയര്‍സര്‍വീസ് വിഭാഗം ആധുനീകരിക്കണമെന്നും കൂടുതല്‍ അംഗങ്ങളുള്ള പ്രത്യേക സേന രൂപവത്കരിക്കണമെന്നും 1934-ല്‍ അന്നത്തെ പോലീസ് കമ്മീഷണര്‍ രാമാനുജ അയ്യങ്കാര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തന്റെ മുന്‍ഗാമിയായ ബിഷപ്പ് അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ നിര്‍ദ്ദേശങ്ങളെക്കാള്‍ വ്യത്യസ്തമാണ് താന്‍ നല്‍കുന്നതെന്നും ഇപ്പോള്‍ ഈ രംഗം കൂടുതല്‍ ആധുനീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

പുതിയ ഫയര്‍എന്‍ജിന്‍ വാങ്ങുന്നതോടൊപ്പം രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍, 13 കോണ്‍സ്റ്റബിള്‍മാര്‍, ഡ്രൈവര്‍, ക്ലീനര്‍, ലാസ്‌ക്കര്‍ എന്നിവരെ പ്രത്യേകം നിയമിച്ചു.

ഫയര്‍ ബ്രിഗേഡ് ഉണ്ടാക്കണമെന്നായിരുന്നു കമ്മീഷണറുടെ നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. ബജറ്റില്‍ ഫയര്‍ ബ്രിഗേഡിന് വേണ്ടി 10,035 രൂപ അനുവദിച്ച് 1934 ജൂണില്‍ ഉത്തരവുണ്ടായി.

കേരളത്തില്‍ ഫയര്‍സര്‍വീസിന്റെ പ്രവര്‍ത്തനം എത്രയോ വന്‍തീപിടിത്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഗ്യാസ്, പെട്രോള്‍ എന്നിവമൂലമുണ്ടാകുന്ന തീയണയ്ക്കാനുള്ള ആധുനിക ഉപകരണങ്ങളൊന്നും വകുപ്പില്‍ കൂടുതല്‍ സ്റ്റേഷനുകളില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഒരിക്കല്‍ ഈ വകുപ്പ് ഹെലികോപ്റ്റര്‍വരെ വാങ്ങാന്‍ ആലോചിച്ചിരുന്നതായി പറയുന്നുണ്ട്.



MathrubhumiMatrimonial