
മാര്‍ത്താണ്ഡവര്‍മ്മയ്ക്കുമുമ്പ് അനന്തപുരിയില്‍ 'ചെമ്പകശ്ശേരി' വന്ന കഥ
Posted on: 14 Jan 2012
മലയന്‍കീഴ് ഗോപാലകൃഷ്ണന്‍

ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ ഉള്‍ക്കൊണ്ട പുറക്കാട് അല്ലെങ്കില്‍ ചെമ്പകശ്ശേരി രാജ്യത്തെ 'പൊര്‍ക്ക' എന്നാണ് യൂറോപ്യന്മാര്‍ വിളിച്ചിരുന്നത്. ദേവനാരായണന്മാര്‍ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാര്‍ ആണ് ഇവിടത്തെ ഭരണാധികാരികള്‍. സാഹിത്യത്തിനും വിജ്ഞാനത്തിനും മതസൗഹാര്‍ദ്ദത്തിനും ഈ രാജകുടുംബം നല്‍കിയ സഹായ-സഹകരണങ്ങള്‍ പ്രസിദ്ധമാണ്. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും എല്ലാം ചെമ്പകശ്ശേരിയുമായി കച്ചവട ബന്ധം ഉണ്ടാക്കിയിരുന്നു. മേല്പത്തൂര്‍ നാരായണ ഭട്ടതിരി, കുഞ്ചന്‍നമ്പ്യാര്‍ തുടങ്ങിയവരുടെ പുരസ്‌കര്‍ത്താക്കള്‍ ചെമ്പകശ്ശേരി രാജാവായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് പടയോട്ടം നടത്തുന്ന കാലത്ത് ചെമ്പകശ്ശേരി, കായംകുളം രാജാവിനെ സഹായിച്ചു. ഇതില്‍ ക്ഷുഭിതനായിട്ടാണ് മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരിയെ കീഴടക്കി 1746-ല്‍ തിരുവിതാംകൂറിനോട് ചേര്‍ത്തത്. എന്നാല്‍ 1587-ല്‍ തന്നെ അനന്തപുരിയില്‍ 'ചെമ്പകശ്ശേരി' എന്ന സ്ഥലം ഉണ്ടായത് എങ്ങനെയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ചരിത്രകാരനായ കെ. ശിവശങ്കരന്‍നായരുടെ അനുമാനം ഇതാണ്: മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദാനശീലത്തിനും മതസൗഹാര്‍ദ്ദത്തിനും പേരുകേട്ട ചെമ്പകശ്ശേരി രാജ്യത്തുനിന്നും ഏതോ കുടുംബം തിരുവനന്തപുരത്ത് എത്തിക്കാണും. അവര്‍ താമസിച്ച സ്ഥലമായിരിക്കാം ഇന്നത്തെ ചെമ്പകശ്ശേരി. ഇന്ന് ഡോ. എസ്. മധുസൂദനന്‍നായര്‍ താമസിക്കുന്ന വീടിന് പണ്ടേ പേര് 'ചെമ്പകശ്ശേരി' എന്നായിരുന്നു. അതിനു സമീപത്ത് ഒരു കുടുംബത്തിന്റെ ഏക്കറോളം ഭൂമി ഉണ്ടായിരുന്നു. അതാണ് സിറ്റി ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ് ഏറ്റെടുത്ത് പിന്നീട് കെട്ടിടം തീര്‍ത്തത്. ഇപ്പോള്‍ അതെല്ലാം ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴിലാണ്. ചെമ്പകശ്ശേരിയിലെ 'ഇരവിപേരൂര്‍' ക്ഷേത്രത്തെ സംബന്ധിച്ച ഒരു രേഖയും ശിവശങ്കരന്‍നായര്‍ ഓര്‍ക്കുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തും ഇരവിപേരൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റവും ഒരു ദിവസമായിരുന്നു. ഇതുവഴി ആറാട്ടുഘോഷയാത്ര കടന്നുവന്നത് പ്രശ്‌നമായി. അത് വഴക്കായപ്പോള്‍ അന്നത്തെ വേണാട് രാജാവ് രവിവര്‍മ്മ (1684-1718) ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇതുപ്രകാരം ആറാട്ട് ദിവസം പൊളിക്കുന്ന ഇരവിപേരൂര്‍ ക്ഷേത്രത്തിലെ പന്തല്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചെലവില്‍ കെട്ടിക്കൊടുക്കാന്‍ നടപടി ഉണ്ടായി. പില്‍ക്കാലത്ത് ചെമ്പകശ്ശേരിയുടെ ഇടതുവശത്തുകൂടി ആറാട്ട് എഴുന്നള്ളത്തിന് നിര്‍മ്മിച്ച പുതിയ വഴിയാണ് ഇപ്പോഴത്തെ ആറാട്ടുറോഡ്. മതിലകം രേഖയില്‍ പറയുന്ന 'രാമശരത്ത്' കുളമായിരിക്കാമെന്നും ഇതാണ് പിന്നീട് പേട്ടയുടെ പടിഞ്ഞാറ് ഭാഗത്തുള്ള 'രാമേശ്വരം' എന്ന സ്ഥലമായി മാറിയതെന്നും ശിവശങ്കരന്‍ നായര്‍ അനുമാനിക്കുന്നു. ഏതായാലും ഇതുസംബന്ധിച്ച നിജസ്ഥിതി അറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണ്.
