NagaraPazhama

ശ്രീമൂലം പ്രജാസഭയിലെ അധഃസ്ഥിത ശബ്ദത്തിന് നൂറ് വയസ്സ്

Posted on: 14 Jan 2012

മലയന്‍കീഴ് ഗോപാലകൃഷ്ണന്‍




ശ്രീമൂലം സഭയില്‍ പങ്കെടുത്ത അയ്യന്‍കാളി കുടുംബസമേതം ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ക്ക് ഒപ്പം. മുന്‍നിരയില്‍ കസേരയില്‍ ഇരിക്കുന്നവരില്‍ ഇടത്തുനിന്ന് പത്താമതാണ് അയ്യന്‍കാളി


ഇന്ന് അതെല്ലാം ഞെട്ടിപ്പിക്കുന്ന ഓര്‍മകള്‍ മാത്രം. ഇങ്ങനെയൊരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നുവെന്ന് യുവതലമുറ വിശ്വസിച്ചുവെന്ന് വരില്ല. തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍, ദൃഷ്ടിയില്‍ പെട്ടാല്‍ ദോഷമുള്ളവര്‍, വഴിനടക്കുമ്പോള്‍ മറ്റുള്ളവരെ അറിയിക്കാന്‍ 'ഹോയ് ഹോയ്' ശബ്ദം പുറപ്പെടുവിക്കേണ്ടവര്‍, പ്രധാന റോഡുകളിലോ അമ്പലങ്ങളുടെ പരിസരങ്ങളിലോ നടക്കാന്‍ പാടില്ലാത്തവര്‍, മാറുമറയ്ക്കാന്‍ അനുവാദമില്ലാത്തസ്ത്രീകള്‍. ഇങ്ങനെയുള്ള ഒരു കാലഘട്ടം ഏകദേശം മുക്കാല്‍ നൂറ്റാണ്ടുമുമ്പുവരെ കേരളത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്തവിധം സാമൂഹിക രംഗമാകെ മാറിയിരിക്കുന്നു. എന്നാല്‍ ഇതിനുവേണ്ടി നടത്തിയ സമരങ്ങളും പോരാട്ടങ്ങളും എത്രയാണെന്നറിയാമോ?

അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് ചുറ്റുമുള്ള നാലു കോട്ടവാതിലുകളിലും ഒരുകാലത്ത് അയിത്തജാതിക്കാര്‍ കടക്കാതിരിക്കാന്‍ ശക്തമായ കാവല്‍ ഉണ്ടായിരുന്നു. കോട്ടയ്ക്കകത്ത് മത്സ്യ-മാംസങ്ങള്‍ നിരോധിച്ചിരുന്നതുപോലെ ചില ജാതിക്കാരെയും പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ പ്രധാന കച്ചേരികള്‍ കോട്ടയ്ക്കകത്ത് ആയതിനാല്‍ എല്ലാവര്‍ക്കും എത്തുന്ന സ്ഥലത്ത് അത് സ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിന്റെ ഫലമായിട്ടാണ് ഹജൂര്‍കച്ചേരിയുടെ ഒരു ഭാഗം ഇന്നത്തെ പങ്കജ് ഹോട്ടലിന്റെ എതിര്‍വശത്തുള്ള 'ആനക്കച്ചേരി'യിലേയ്ക്ക് മാറ്റിയത്. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞാണ് സെക്രട്ടേറിയറ്റ് പണിതത്. തിരുവിതാംകൂറിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ട് ആനകളും ശംഖും ഉണ്ടായിരുന്നതുകൊണ്ടാണ് ആനക്കച്ചേരിയെന്ന് ജനങ്ങള്‍ വിളിച്ചിരുന്നത്. ഇന്ന് ആ കെട്ടിടത്തിന്റെ സ്ഥാനത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ബഹുനില കെട്ടിടം ഉയര്‍ന്നുനില്‍ക്കുന്നു.

കേരളത്തില്‍ നിലനിന്ന അയിത്ത പിശാചിനെ നോക്കിയാണ് ഇവിടം 'ഭ്രാന്താലയം' എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത്. ആ ഭ്രാന്താലയം ഇന്നത്തെ 'ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍' എത്രയോ സാമൂഹിക പരിഷ്‌കര്‍ത്താക്കളും സന്ന്യാസിവര്യന്മാരും നേതാക്കളും പോരാടി. അതില്‍ പലര്‍ക്കും മര്‍ദനം ഏറ്റു. ചിലര്‍ ജയിലുകളിലായി. കേരളത്തിലെ അയിത്തകോട്ടയ്ക്കുനേരെ ആദ്യം നടന്ന വെടിപൊട്ടിക്കല്‍ ശ്രീനാരായണഗുരുവിന്റെ 'അരുവിപ്പുറം പ്രതിഷ്ഠ'യായിരുന്നു. വേദങ്ങള്‍ പഠിക്കാന്‍ ശൂദ്രജാതിക്കാര്‍ക്ക് അവകാശം ഉണ്ടെന്ന ചട്ടമ്പിസ്വാമിയുടെ വാദം മറ്റൊരു കൊടുങ്കാറ്റായി. സമസ്ത ഹിന്ദുക്കള്‍ക്കും ക്ഷേത്രംവഴി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിജിയുടെ അനുഗ്രഹാശംസകളോടെ നടന്ന വൈയ്ക്കം സത്യാഗ്രഹം, എല്ലാം ഹിന്ദുക്കളുടെയും പ്രവേശനത്തിനുവേണ്ടി നടന്ന ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയ സമരങ്ങള്‍ പ്രധാനമാണ്. ബ്രഹ്മാനന്ദ ശിവയോഗി, വാഗ്ഭടാനന്ദന്‍, കാലടി രാമകൃഷ്ണാദ്വൈതാശ്രമത്തിലെ ആഗമാനന്ദസ്വാമികള്‍, വിവേകാനന്ദന്റെ സമകാലീനനും കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കംകുറിച്ച നിര്‍മലാനന്ദ സ്വാമി തുടങ്ങിയവരുടെ സേവനം കേരളത്തിന് മറക്കാന്‍ കഴിയില്ല. ജാതിക്ക് എതിരെയുള്ള പോരാട്ടത്തില്‍ അയ്യന്‍കാളി, മിതവാദി പത്രാധിപര്‍ കൃഷ്ണന്‍, ടി.കെ. മാധവന്‍, സി. കേശവന്‍, കെ.പി. കറുപ്പന്‍, മന്നത്ത് പദ്മനാഭന്‍, ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി എത്രയോ നേതാക്കള്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ രംഗത്ത് കൊടുങ്കാറ്റുപോലെ അടിച്ചുകയറുകയുംജാതിക്കോമരങ്ങള്‍ക്ക് പേടിസ്വപ്നമായി മാറുകയും ചെയ്ത നേതാവാണ് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ സ്വദേശി അയ്യന്‍കാളി. അദ്ദേഹത്തിന്റെ ശ്രീമൂലം പ്രജാസഭാ പ്രസംഗത്തിന്റെ നൂറാം വാര്‍ഷികാചരണമാണിപ്പോള്‍.

പൊതുവഴികളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തിയിരുന്ന പുലയ സമുദായത്തിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടന രൂപവത്കരിച്ചുംപൊതുനിരത്തില്‍ വില്ലുവണ്ടിയില്‍ യാത്രചെയ്ത് സവര്‍ണരെ വെല്ലുവിളിച്ചും സ്ത്രീകള്‍ ജാതിയുടെ അടയാളമായി ധരിച്ചിരുന്ന കല്ലുമാല പൊട്ടിച്ചെറിഞ്ഞും പുലയ കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചും സമ്പന്നരുടെ നിലം കൊയ്ത്ത് മുടക്കി പണിമുടക്ക് നടത്തിയും അയ്യന്‍കാളി പുതിയ പോരാട്ടപാതകള്‍ വെട്ടിത്തുറന്നു. ശ്രീനാരായണഗുരു അടക്കമുള്ളവരുമായി ആലോചിച്ചും മഹാരാജാവിനും ദിവാനും നിവേദനം നല്‍കിയും സമുദായത്തിന്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. ചുരുങ്ങിയ കാലംകൊണ്ട് രാജകീയ ഭരണകൂടത്തിന്റെ ശ്രദ്ധപിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1912-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് മഹാരാജാവ് അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തു. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി അധഃസ്ഥിത വര്‍ഗത്തിന്റെ ശബ്ദം സഭകൂടിയ വി.ജെ.ടി. ഹാളില്‍ ഉയരാന്‍ തുടങ്ങി. തന്റെ സമുദായം അനുഭവിക്കുന്ന ദുഃഖകഥകള്‍ അദ്ദേഹം സ്വന്തംഭാഷയില്‍ സഭയില്‍ അവതരിപ്പിച്ചത് പലരുടേയും കണ്ണുകള്‍ ഈറനാക്കിയിട്ടുണ്ട്.

ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ ക്ഷേത്രപ്രവേശന വിളംബര ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മാഗാന്ധി 1937-ല്‍ അയ്യന്‍കാളിയുടെ വെങ്ങാനൂര്‍ ഗ്രാമം സന്ദര്‍ശിച്ചു. തന്റെ സമുദായത്തില്‍ നിന്ന് ഒരു ബി.എ. ക്കാരനെ കണ്ടിട്ട് മരിക്കണമെന്ന ആഗ്രഹം അയ്യന്‍കാളി ഗാന്ധിജിയോട് തുറന്നുപറഞ്ഞു. 1941-ല്‍ അയ്യന്‍കാളി ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം ആഗ്രഹിച്ചതുപോലെ ബി.എ. ക്കാര്‍ മാത്രമല്ല, അഭിമാനകരമായ എത്രയോ ഉന്നത ബിരുദധാരികള്‍ പിന്നീട് ആ സമുദായത്തിലുണ്ടായി. അനന്തപുരിയിലെ പഴമക്കാരില്‍ പലരും അയ്യന്‍കാളിയുടെ വേഷവും ഭാഷയും അദ്ദേഹം കാട്ടിയ സൗഹൃദവും എല്ലാം ഇന്നും ഓര്‍ക്കുന്നുണ്ട്.



MathrubhumiMatrimonial