goodnews head

പുതുവര്‍ഷം ചിരിക്കുന്നു; ഈ അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം

Posted on: 01 Jan 2012

പി. എസ്. ജയന്‍





തിരുവനന്തപുരം: പാറമുകളില്‍ നരച്ച പച്ചയ്ക്കിടയില്‍ അഞ്ച് പൂക്കള്‍ വിടര്‍ന്നു. ചെറുകാറ്റില്‍ പൂക്കള്‍ ചിരിച്ചു. സമസ്ത ദുഃഖങ്ങളേയും അലിയിച്ച് ഇല്ലാതാക്കുന്ന ചിരി. വര്‍ഷം മുഴുവനും ഉയിരിന് അമൃതമേകുന്ന ചിരി. ഒരേദിനത്തില്‍ പിറന്ന അഞ്ചുമക്കളുടെ ചിരി കണ്ട് അമ്മയുടെ മനം നിറഞ്ഞു. അസാധാരണമാംവിധം ജീവിതം വെല്ലുവിളിച്ചപ്പോള്‍, ഒറ്റയ്ക്ക് എല്ലാം നേരിട്ട്, എല്ലാവരേയും സ്‌നേഹിച്ച്, രമാദേവി എന്ന അമ്മ, അഞ്ചുമക്കള്‍ക്കൊപ്പം പുതുവര്‍ഷത്തിന്റെ പ്രതീക്ഷകളെ കാത്തിരിക്കുകയാണ്.....

വെമ്പായത്തിനടുത്ത് നന്നാട്ടുകാവിലെ'പഞ്ചരത്‌നം' എന്ന വീട്ടിലെത്തുമ്പോള്‍, അമ്മയും അഞ്ചുമക്കളും ഒരു ഫോട്ടോ ഷൂട്ടിന് റെഡി. പാറമുകളിലെ പച്ചപ്പിനിടയില്‍ അവര്‍ ക്യാമറയെ നോക്കി. ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ....രമാദേവിപ്രേമകുമാര്‍ ദമ്പതിമാര്‍ക്ക് 1995 നവംബറിലെ ഉത്രം നാളില്‍ പിറന്ന അഞ്ചുമക്കള്‍. അതുകൊണ്ടുതന്നെ അവരുടെ പിറവിയും സ്‌കൂള്‍ പ്രവേശവും മുതല്‍ ശബരിമല ദര്‍ശനക്കാര്യവുമൊക്കെ മാധ്യമങ്ങള്‍ക്ക് വിരുന്നായി. ആഘോഷങ്ങളുടെ എഴുവര്‍ഷങ്ങള്‍ക്കൊടുവില്‍ അച്ഛന്‍ പ്രേമകുമാര്‍ സ്വയം ജീവനൊടുക്കി. അമ്മയും നാല് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും തനിച്ചായി.

അതിനുമുമ്പുതന്നെ രമ ഹൃദ്രോഗിയായിക്കഴിഞ്ഞിരുന്നു. പത്തുപതിനാറ് ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ വാര്‍ത്തകളൊഴിഞ്ഞു. എട്ടുവയസ്സുള്ള അഞ്ചുമക്കളേയും കൊണ്ട് ഒരു ശരാശരി വീട്ടമ്മ എങ്ങനെ ജീവിക്കുമെന്ന് കാണാന്‍ കാലം കാത്തിരുന്നു. ദുരന്തങ്ങള്‍ തീര്‍ന്നില്ല. രമാദേവിയുടെ ഹൃദയം രോഗലക്ഷണങ്ങള്‍ തീവ്രമാക്കി.

പക്ഷേ കഥ അവിടെ അവസാനിച്ചില്ല. രമാദേവി ജീവിക്കാന്‍ തന്നെ തീരുമാനിച്ചു. പേസ്‌മേക്കറില്‍ അവരുടെ ഹൃദയം സ്?പന്ദിച്ചു. ''....വേണമെങ്കില്‍ ആയിരം വട്ടം ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ ഈ കുട്ടികള്‍ക്ക് വേണ്ടി ഞാന്‍ നിലനിന്നേ പറ്റൂ എന്ന് എനിക്ക് തോന്നി. ആത്മീയമായ ജീവിതമാണ് ഞാന്‍ നയിക്കുന്നത്. എന്റെ മനസ്സെപ്പോഴും ദൈവത്തിനൊപ്പമാണ്. ജീവിതം ഈ കുട്ടികള്‍ക്കൊപ്പവും. ദാ...ഇപ്പോള്‍ പോലും ഞാന്‍ മനസ്സില്‍ ധ്യാനിക്കുകയാണ്. കണ്ണുകള്‍ കുട്ടികള്‍ക്കൊപ്പവും. അങ്ങനെ വരുമ്പോള്‍ ഒരു ദുഃഖവും നമ്മളെ അലട്ടില്ല'' രമാദേവി പറഞ്ഞു. ഒരുപാട് പേര്‍ രമാദേവിയെ സഹായിച്ചു. ജില്ലാ സഹകരണ ബാങ്കില്‍ സര്‍ക്കാര്‍ അവര്‍ക്ക് പ്യൂണ്‍ ജോലി കൊടുത്തു. ''സഹായം കിട്ടിയതറിഞ്ഞ് എന്റെ വീട്ടില്‍ കടക്കാര്‍ വരിവരിയായെത്തി. ദുഃഖമന്വേഷിച്ച് വന്നവരേക്കാള്‍ കൂടുതല്‍ പണം തിരിച്ചുവാങ്ങാനെത്തിയവരായിരുന്നു. എല്ലാവര്‍ക്കും ഞാന്‍ ഉറപ്പ് എഴുതി നല്‍കി. നാല് ലക്ഷം രൂപയുടെ കടം തീര്‍ത്തു. പിന്നെ.....പൂജ്യത്തില്‍ നിന്ന് തുടങ്ങി'' രമാദേവി പറഞ്ഞു.

'പഞ്ചരത്‌നങ്ങള്‍' ഇന്ന് പത്താംക്ലാസ്സിലെത്തിയിരിക്കുന്നു. അഞ്ചുപേരും വട്ടപ്പാറ ലൂര്‍ദ്മൗണ്ട് സ്‌കൂളിലെ പത്ത് ബി യില്‍ പഠിക്കുന്നു. ''അഞ്ചുപേരും വീട്ടിലെത്തിയാല്‍ വിശേഷങ്ങളെല്ലാം പറയും.ഒരാള്‍ ക്ലാസ്സില്‍ വികൃതി കാണിച്ചാല്‍ മറ്റ് നാലുപേരും അത് പറയും. വഴക്കിടുമ്പോള്‍ ഞാന്‍ ഇടപെടും. അഞ്ചുപേരുടെ കാര്യത്തിലും കണ്ണെത്താന്‍ വലിയ പാടാണ്. പക്ഷേ ഞാനത് ചെയേ്ത പറ്റൂ. നേരത്തേ പറഞ്ഞതുപോലെ ആത്മീയമായൊരു ശക്തി എനിക്കൊപ്പമുണ്ടെന്ന തോന്നല്‍. ഞാന്‍ ദൈവത്തെ കാണുന്നതുപോലെ.....'' രമാദേവി പറഞ്ഞു. കുട്ടികളെ അധികമൊന്നും പുറത്ത് കൊണ്ടുപോകാന്‍ കഴിയാത്തതില്‍ രമാദേവിക്ക് വിഷമമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ആറാളുമൊരുമിച്ച് ഗുരുവായൂര് പോകും....രമാദേവി അതുപറഞ്ഞപ്പോള്‍, 'ഗൃഹനാഥന്‍' ഉത്രജന്‍ അടുത്തെത്തി. ഒന്നും ഒരു പ്രശ്‌നവുമില്ലെന്ന മട്ട്. നാല് പെങ്ങമ്മാര്‍ക്കൊപ്പം ഒരേ ക്ലാസ്സിലിരുന്ന് പഠിക്കുന്നത് രസമുണ്ടെന്ന് ഉത്രജന്‍. അതേ....അവര്‍ പഠിക്കുകയാണ്. ഈ മാര്‍ച്ചില്‍ അവര്‍ പത്താംക്ലാസ് പരീക്ഷയെഴുതും. പുതുവര്‍ഷ ദിനത്തില്‍ ഇവര്‍ക്കായി ഒരു മുന്‍കൂര്‍ ആശംസ നമുക്ക് നല്‍കാം...... 'പഞ്ചരത്‌ന'ങ്ങള്‍ക്ക് പത്താംക്ലാസിലും ഗംഭീര വിജയമുണ്ടാകട്ടെ! ചെറുതും വലുതുമായ ദുഃഖങ്ങള്‍ക്ക് അവധി നല്‍കാന്‍ ഈ 'പഞ്ചരത്‌ന'ങ്ങളും അമ്മയും നമുക്കും ഊര്‍ജം പകരട്ടെ.

 

 




MathrubhumiMatrimonial