barack obama

ഒബാമയുടെ 'വര്‍ണാ'ന്വേഷണ പരീക്ഷണങ്ങള്‍

Posted on: 06 Nov 2012


''എന്റെ വ്യക്തിത്വം എന്റെ തൊലിയുടെ നിറത്തില്‍ നിന്നാവാം തുടങ്ങുന്നത്. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല, അവസാനിക്കാന്‍ കഴിയില്ല''.

സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ഏറെ ഉത്കണുപ്പെട്ടുകൊണ്ടിരുന്ന കോളേജ് നാളുകളില്‍ ബരാക്ഒബാമ ചിന്തിച്ചു.

കറുത്ത തൊലിയെക്കുറിച്ച് വാസ്തവത്തില്‍ ഒബാമ ബോധവാനാകുന്നത് ബാല്യം പിന്നിട്ടു കഴിയുമ്പോഴാണ്. മിശ്രവര്‍ണക്കാരായ കൂട്ടുകാരോടൊത്ത്, വെള്ളക്കാരിയായ അമ്മയുടെ മാതാപിതാക്കളൊത്ത് ഹവായില്‍ കഴിയുമ്പോള്‍ ബാരിക്ക് അതേക്കുറിച്ച് ഉല്‍ക്കണുപ്പെടേണ്ടിവന്നിരുന്നില്ല. ഇന്‍ഡൊനീഷ്യയില്‍ രണ്ടാനച്ഛന്റെ കൂടെ (ബാരിയുടെ അമ്മ ലോലോ എന്ന ഇന്‍ഡൊനീഷ്യക്കാരനെ വിവാഹം ചെയ്തിരുന്നു) കഴിയുമ്പോഴും വര്‍ണം പ്രശ്‌നമായിരുന്നില്ല. വീണ്ടും ബാരിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഹവായിലേക്ക് മടങ്ങേണ്ടിവന്നു. ഇതിനുവേണ്ടി അമേരിക്കന്‍ എമ്പസിയിലിരിക്കുമ്പോഴാണ് കറുത്ത തൊലിമാറ്റാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വൈകൃതം ബാധിച്ച ഒരാളുടെ ചിത്രമൊരു മാസികയില്‍കാണുന്നത്. ഒരു വെള്ളക്കാരന്റെ 'സന്തോഷം' അനുഭവിക്കാന്‍ ഈ ചികിത്സ നടത്തുന്ന ആയിരക്കണക്കിന് കറുത്തവര്‍ അമേരിക്കയിലുണ്ടെന്ന അറിവ് ഒബാമയെ നടുക്കി. ''എന്റെ മുഖവും കഴുത്തും പൊള്ളുന്നതുപോലെ തോന്നി. വയറ് കൊളുത്തുന്നതുപോലെയും. ഇരുന്നിടത്തുനിന്ന് ചാടിയെണീക്കണമെന്നു എനിക്ക് തോന്നി. എന്റെ പുതിയ ഭയത്തിന് പേരിടാന്‍ കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കിത് അറിയാമായിരുന്നോ? എമ്പസിയിലെ ആ വെള്ളക്കാരനായ ഉദ്യോഗസ്ഥനും...?''

സ്വന്തം തൊലിയുടെ നിറത്തെക്കുറിച്ചും അതിനെ വെള്ളക്കാര്‍ കാണുന്ന രീതിയെക്കുറിച്ചും ഒബാമ ആദ്യം ബോധവാനായത് അങ്ങിനെയാണ്. ക്ലാസിലെ കറുത്ത കുട്ടിയെ അകറ്റിനിര്‍ത്താന്‍ തുടങ്ങിയ ഒബാമ പിന്നെ കറുത്ത കുട്ടികളുടെ സംഘടനയുണ്ടാക്കാന്‍ മുതിരുന്നതും പിന്നീട് വെളുത്തവരും കറുത്തവരുമായും ഒരുപോലെ ചങ്ങാത്തത്തിലെത്തുന്നതും ഇരുകൂട്ടരുടെയും പരസ്പര അവിശ്വാസത്തെയും ദൗര്‍ബല്യങ്ങളെയും പഠിക്കുന്നതും വര്‍ണങ്ങള്‍ക്കുപരി ഉയരുന്ന ആ വഴിയിലായിരുന്നു. ചില സഹപാഠികള്‍ ഒബാമക്ക് ഇതിനു വഴികാട്ടികളായി. നിങ്ങളുണ്ടാക്കാത്ത ഈ ലോകത്ത് നിങ്ങളെ പൂട്ടിയിട്ടിരിക്കുകയാവാം. പക്ഷേ ഈ ലോകം എങ്ങനെ രൂപപ്പെടുത്തണമെന്നതിലൊരു പങ്ക് നിങ്ങള്‍ക്കുമുണ്ട്-അവരിലൊരാള്‍ പറഞ്ഞു.
Tags:   first



MathrubhumiMatrimonial