obama

അന്നും ഒബാമ തിളങ്ങി; മറക്കാനാവാത്ത അനുഭവം

Posted on: 06 Nov 2008


കൊച്ചി: ഒബാമയുടെ കൈകളില്‍ 'ഹാര്‍വാര്‍ഡ് ലോ റിവ്യു' തിളങ്ങി. നിയമത്തിന്റെ അവസാന വാക്കായി ലോകം മുഴുവന്‍ അംഗീകരിക്കപ്പെടുന്ന ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായിരുന്നു വിദ്യാര്‍ഥിയായ ഒബാമ.

ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ ഒബാമയുടെ സഹപാഠിയായിരുന്ന ഹൈക്കോടതിയിലെ അഭിഭാഷകനായ എം. അജയ് നീണ്ട പതിനേഴു വര്‍ഷംമുമ്പുള്ള ഹാര്‍വാര്‍ഡ് കാമ്പസ് ജീവിതം ഓര്‍മിച്ചു.

ഹാര്‍വാര്‍ഡ് വിദ്യാര്‍ഥിക്ക് ജീവിതത്തില്‍ എന്നും അഭിമാനിക്കാവുന്ന നേട്ടം പകരുന്ന ഒന്നാണ് ലോ റിവ്യൂവിന്റെ സ്റ്റുഡന്റ് എഡിറ്ററായുള്ള ചുമതല. സമര്‍ത്ഥനായ വിദ്യാര്‍ഥിയെ ഈ ഉന്നത പദവിയിലേക്ക് തിരഞ്ഞെടുക്കുക വിദഗ്ദ്ധ രുടെ സമിതിയാണ്.

റിവ്യൂവില്‍ പ്രസിദ്ധീകരണത്തിനായി നിരവധി ലേഖനങ്ങള്‍ എത്തുന്നു. പേരുകേട്ട അഭിഭാഷകരും നിയമ പ്രൊഫസര്‍മാരും ഗവേഷകരും സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിമാരും നിയമജ്ഞരും ലേഖനങ്ങള്‍ നല്‍കുന്നു. ഇവ വായിച്ചു മനസ്സിലാക്കി ചര്‍ച്ച ചെയ്ത് പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കുക ശ്രമകരമായ ജോലിയാണ്. പഠിപ്പിനൊപ്പം ഈ ചുമതല എല്ലാ സ്റ്റുഡന്റ് എഡിറ്റര്‍മാരെയും നിയമരംഗത്ത് അത്യപൂര്‍വ വിജയത്തിന്റെ പടവുകള്‍ പിന്നിടാന്‍ സഹായിക്കും.

''ഈ കോണിലൂടെ നോക്കി ഒബാമയെ ഇപ്പോഴും താന്‍ നിയന്ത്രിക്കാനാവാത്ത അത്ഭുതവും സന്തോഷവും ഉള്ളിലൊതുക്കി വീക്ഷിക്കുന്നു'' - അഡ്വ. അജയ് പറഞ്ഞു.

ഹാര്‍വാര്‍ഡ് ലോ റിവ്യൂവിന്റെ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ സ്റ്റുഡന്റ് എഡിറ്ററായിരുന്നു ഒബാമ. 1991-ലാണ് ഒബാമയും അജയും ഹാര്‍വാര്‍ഡില്‍ പഠിച്ചത്. ഇരുവരും പലപ്പോഴും കണ്ടിരുന്നു. ആശയങ്ങള്‍ കൈമാറാന്‍ സഹപാഠിയും സീനിയര്‍ വിദ്യാര്‍ഥികളും പലപ്പോഴും പല വേദികളില്‍ ഒത്തുചേര്‍ന്നു.

''എല്ലാം മറക്കാനാവാത്ത അനുഭവം. സഹപാഠി അമേരിക്കന്‍ പ്രസിഡന്റാകുന്നത്, തന്റെ ജീവിതത്തില്‍ അവിസ്മരണീയ അനുഭവമാണ് സൃഷ്ടിക്കുന്നത്'' - ഒബാമയ്ക്ക് ആശംസകള്‍ നേര്‍ന്നുള്ള സന്ദേശം അയക്കുന്നതിന്റെ തിരക്കില്‍ അദ്ദേഹം പറഞ്ഞു.

''നിസ്സാരമായ ഒരു തെറ്റുപോലും ലോ റിവ്യൂവില്‍ ഉണ്ടായിക്കൂടാ. അതാണ് കര്‍ക്കശമായ മുന്നറിയിപ്പ്. ലേഖനങ്ങളിലെ ഓരോ വാക്കും സൂക്ഷ്മമായി പഠിക്കണം. സംശയമുണ്ടെങ്കില്‍ എത്ര പ്രഗത്ഭനായ നിയമജ്ഞനെ പോലും ഫോണില്‍ വിളിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. സുപ്രീം കോടതി ജഡ്ജിമാര്‍ പോലുംസ്റ്റുഡന്റ് എഡിറ്ററെ ബഹുമാനിക്കുന്നു. ഇന്ന് അമേരിക്കന്‍ സുപ്രീം കോടതിയിലെ ഒന്‍പത് ജഡ്ജിമാരില്‍ ആറുപേര്‍ ഹാര്‍വാര്‍ഡിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.

ഒബാമയുടെ വ്യക്തിത്വമെങ്ങനെ? ''അക്ഷരാര്‍ത്ഥത്തില്‍ മാന്യന്‍. ആരെയും ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന പെരുമാറ്റം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ മറക്കില്ല. അസ്സലായി പ്രസംഗിക്കും'' - അഡ്വ. അജയ് പറഞ്ഞു.

നിയമപഠനത്തിനു ശേഷം കുറച്ചുകാലം ഒബാമ വക്കീലായി ഷിക്കാഗോയില്‍ പ്രാക്ടീസ് ചെയ്തു. രാഷ്ട്രീയത്തിലേക്ക് മെല്ലെയാണ് ഇറങ്ങിയത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള കേസുകളും ഒബാമയുടെ കൈകളില്‍ എത്തി. 2004-ല്‍ നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ ഒബാമയുടെ പ്രസംഗം ടി.വി.യില്‍ ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. വെളുത്തവരുടെ ഹൃദയങ്ങള്‍ ആ പ്രസംഗം കവര്‍ന്നുവെന്ന് അജയ് പറഞ്ഞു.



MathrubhumiMatrimonial