ചരിത്രം സൃഷ്ടിച്ച് ഒബാമ (എഡിറ്റോറിയല്‍)
Posted on: 06 Nov 2008
അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി ബരാക് ഒബാമ തിരഞ്ഞെടുക്കപ്പെട്ടത് വര്‍ണ-വര്‍ഗ വിവേചനങ്ങളില്‍ വിശ്വസിക്കാത്ത, ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് ആവേശം പകരുന്നു. 538 അംഗ ഇലക്ടറല്‍ കോളേജില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഒബാമയ്ക്ക് 349 വോട്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക്‌കെയിന് 162 വോട്ടും ലഭിച്ചു. ഒബാമയുടെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. പരിചയസമ്പന്നയായ ഹിലാരി ക്ലിന്റണില്‍നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം പിടിച്ചുപറ്റിയപ്പോള്‍ത്തന്നെ
ഒബാമ ആദ്യവിജയം നേടിക്കഴിഞ്ഞിരുന്നു. ഒരു
തരത്തില്‍, മക്‌കെയിനുമായുള്ള മത്സരത്തേക്കാളേറെ സങ്കീര്‍ണവും ബുദ്ധിമുട്ടേറിയതുമായിരുന്നു ആ
മത്സരം.
സ്ഥാനാര്‍ഥിത്വം ഒബാമ നേടിയെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാവുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ മുറിവുകള്‍ വേഗം ഉണക്കി ഡെമോക്രാറ്റുകള്‍ പ്രധാന പോരാട്ടത്തിനിറങ്ങി. ഹിലാരിയോടൊപ്പം ബില്‍ക്ലിന്റണും ഒബാമയ്ക്കുവേണ്ടി ഹൃദയപൂര്‍വം പ്രചാരണം നടത്തി. അമേരിക്കയുടെ കറുത്ത നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ദശകങ്ങള്‍ക്കുമുന്‍പ് കണ്ട സ്വപ്നം ഒബാമയിലൂടെ യഥാര്‍ഥ്യമായിരിക്കുന്നു. 99 ശതമാനം കറുത്തവര്‍ഗക്കാരുടെ വോട്ടുകളും ഒബാമയ്ക്ക് അനുകൂലമായിരുന്നുവെങ്കിലും രാജ്യത്തെ ഭൂരിപക്ഷമായ വെള്ളക്കാരുടെയും ഹിസ്പാനിക്കുകളുടെയും ഏഷ്യക്കാരുടെയും വോട്ടുകള്‍കൂടി നേടിയാല്‍ മാത്രമേ വിജയം സാധ്യമാകുമായിരുന്നുള്ളൂ. ഇക്കാര്യത്തില്‍ ഒബാമ വിജയിക്കുകതന്നെ
ചെയ്തു.
താന്‍ ഒരു വര്‍ണത്തെ പ്രതിനിധാനം ചെയ്യുന്ന പ്രസിഡന്റായിരിക്കുകയില്ല എന്ന് ഉറപ്പുനല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതോടെ തൊലിയുടെ നിറത്തിന്റെ പ്രസക്തി അപ്രത്യക്ഷമാവുകയും പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍, അവയോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ഒബാമയുടെ പിന്നില്‍ അണിനിരക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ തയ്യാറാകുകയുംചെയ്തു എന്നാണ് ഈ തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. യുവ അമേരിക്ക ഒബാമയുടെ
പിന്നില്‍നിന്നു എന്നത് വര്‍ണവിവേചനം ചവറ്റുകൊട്ടയില്‍ തള്ളുന്ന പുതിയ തലമുറയുടെ ആവേശകരമായ മുന്നേറ്റമാണ് വെളിപ്പെടുത്തുന്നത്. ഇത്തവണത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കു
ന്നതും ഈ ഘടകമാണ്.
മക്‌കെയിനിന്റെ തോല്‍വി ആശ്ചര്യമുണ്ടാക്കുന്നില്ല. ജോര്‍ജ് ബുഷിന്റെ ദുര്‍ഗന്ധം പരത്തുന്ന മാറാപ്പാണ് ഈ റിപ്പബ്ലിക്കന്‍ യുദ്ധവീരന് വഹിക്കാനുണ്ടായിരുന്നത്. ബുഷിന്റെ നയങ്ങളെ അദ്ദേഹത്തിന് തള്ളിപ്പറയേണ്ടിപോലും വന്നു. ഒബാമയെ അപേക്ഷിച്ച് തിളക്കം കുറഞ്ഞ താരമായിരുന്നു തുടക്കം മുതലേ മക്‌കെയിന്‍. സാറാ പേലിന്‍ എന്ന മുന്‍ മോഡലിനെ കൊണ്ടുവന്ന് തിളക്കം പകരാനുള്ള മക്‌കെയ്‌ന്റെ ശ്രമവും ഫലിച്ചില്ല. ഒബാമയുടെ വ്യക്തിപ്രഭാവം എടുത്തുപറയേണ്ട ഒന്നാണ്. വാഗ്മിത്വം, നിരീക്ഷണപാടവം, വിശകലനവൈദഗ്ധ്യം എന്നിവ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ ഒബാമയ്ക്ക് തുടക്കംമുതലേ മുന്‍കൈ നല്‍കി. തനിക്കെതിരെയുണ്ടായ ശക്തമായ വിമര്‍ശനങ്ങളോട് തികഞ്ഞ സമചിത്തതയോടെ പ്രതികരിക്കാനുള്ള മനസ്സാന്നിധ്യം എപ്പോഴും ഒബാമ കാണിക്കുകയും ചെയ്തു.
പ്രശ്‌നങ്ങളെ അപഗ്രഥിക്കുന്നതിലും താന്‍ ആരുടെയും പിന്നിലല്ല എന്ന് ഒബാമ വ്യക്തമാക്കി. എന്നാല്‍ ഇന്ദ്രജാലക്കാരന്‍ തൊപ്പിയില്‍നിന്ന് കൗതുകവസ്തുക്കളെടുക്കുംപോലെ പ്രശ്‌നപരിഹാരങ്ങള്‍ ഒബാമയില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പക്ഷേ, പ്രശ്‌നങ്ങള്‍ നേരിടാന്‍ ഏറ്റവും പറ്റിയ വ്യക്തിയെയാണ് ഇത്തവണ അമേരിക്ക തിരഞ്ഞെടുത്തത് എന്നത് അംഗീകരിക്കാതെ വയ്യ. പ്രചാരണത്തിനിടെയും അല്ലാതെയും ഒബാമ നടത്തിയ ചില പ്രസ്താവനകള്‍ ഇന്ത്യയ്ക്ക് തെല്ല് ആശങ്കയുളവാക്കുന്നുണ്ട്. അമേരിക്കയിലെ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി പുറംജോലികരാറുകള്‍ നിരുത്സാഹപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയുടെ ഐ.ടി.മേഖല തഴയ്ക്കുന്നതിന് കാരണമായ ഒരു ഘടകം അമേരിക്കയുടെ പുറംജോലി ആണെന്നിരിക്കെ സ്വഭാവികമായും ഇത് ആശങ്കയുണ്ടാക്കുന്നു.
പാകിസ്താന്റെ ശത്രു ഇന്ത്യയല്ല, ഭീകരവാദമാണ് എന്ന് ഒബാമ തുറന്നുപറഞ്ഞുവെങ്കിലും കശ്മീരിന്റെ കാര്യത്തില്‍ ഒരു മാധ്യസ്ഥ്യത്തിന് മുതിര്‍ന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഇത് ആഗ്രഹിക്കുന്നില്ല. ഭരണകക്ഷിയായ കോണ്‍ഗ്രസ്സും പ്രതിപക്ഷ ബി.ജെ.പി.യും ഒബാമയുടെ വിജയത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹവും ഒബാമയെ സ്വാഗതം ചെയ്യുന്നു. മഹാത്മാഗാന്ധിയെ പ്രചോദനമായി കാണുന്ന, ഇന്ത്യയെ സുശക്തമായ ഒരു ജനാധിപത്യരാഷ്ട്രമായി ആദരിക്കുന്ന ഒബാമയോട് സംഭാഷണങ്ങളിലൂടെ നിലപാടുകള്‍ വ്യക്തമാക്കാം എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നാണ് ഇതിനര്‍ഥം. അഫ്ഘാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ഇറാനിലെ അഹമ്മദിനെജാദും ഒബാമയുടെ വിജയത്തെ ഹാര്‍ദമായി സ്വാഗതം ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിനും യൂറോപ്പിനും ഒബാമ വന്‍ പ്രത്യാശ പകരുന്നുവെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി പറഞ്ഞിരിക്കുന്നത്. അതെ, പ്രതീക്ഷകളുടെ കനത്ത ഭാരമാണ് ഒബാമ തന്റെ ചുമലുകളില്‍ വഹിക്കുന്നത്. 'നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന മാറ്റം'എന്നതായിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രചാരണ മുദ്രാവാക്യം. ഒബാമ രാഷ്ട്രീയലോകത്ത് ചെറുപ്പക്കാരനാണ്. അമേരിക്കയുടെ യുവചൈതന്യം ഒബാമയുടെ ഒപ്പമാണ്. ഇതുവരെ അമേരിക്കന്‍ ഭരണകൂടം നടന്ന, ഏറ്റുമുട്ടലിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വഴികളില്‍നിന്ന് മാറിനടക്കാന്‍ ബരാക് ഒബാമയ്ക്ക് കഴിയട്ടെ. ലോകരാഷ്ട്രങ്ങളുടെയിടയില്‍ അമേരിക്കയ്ക്ക് നഷ്ടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കാന്‍ അദ്ദേഹത്തിനാവുമെന്ന് ആശിക്കാം.
കൂടുതല്‍ വാര്‍ത്തകള്‍