
അമേരിക്കന്‍ സ്വപ്നം പൂര്‍ത്തിയാക്കാന്‍
Posted on: 05 Nov 2008
ഡോ. വിപിന്‍ ഗോപാല്‍

ബരാക് ഹുസൈന്‍ ഒബാമ എന്ന ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത് 2004ലാണ്. അന്നത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ദേശിയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജോണ്‍ കെറിയെ നാമനിര്‍ദേശം ചെയ്തു പ്രസംഗിച്ചത് അദ്ദേഹമായിരുന്നു.
കറുത്തവന്റെയോ വെളുത്തവന്റെയോ ഉത്പതിഷ്ണുക്കളുടെയോ യാഥാസ്ഥിതികരുടെയോ അമേരിക്ക ഇല്ല; യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക മാത്രമേയുള്ളൂ എന്ന ഒബാമയുടെ അന്നത്തെ പ്രസംഗമാണ് അദ്ദേഹത്തെ ജനശ്രദ്ധയിലെത്തിച്ചത്.
മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ ഹില്ലരി ക്ലിന്റണ്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ അവര്‍ക്കെതിരെ തന്റെ സ്ഥാനാര്‍ഥിത്വം അറിയിച്ച് ഒബാമ രംഗത്തുവന്നത് 2007 ആദ്യമാണ്. ന്യൂയോര്‍ക്ക് സെനറ്റര്‍ ഹില്ലരി ക്ലിന്റന്റെ മേല്‍ അധിപത്യം പുലര്‍ത്തി ഒബാമ മുന്നേറുന്ന അചിന്തനീയമായ കാഴ്ചയാണ് പിന്നീടു കണ്ടത്.
ഇല്ലിനോയിയില്‍ നിന്നുള്ള സെനറ്റംഗമായ ഒബാമയുടെ വാഷിങ്ടണ്‍ ഡിസിയിലെ സെനറ്റ് ഓഫീസിന്റെ ചുമരില്‍ ഒരിന്ത്യക്കാരന്റെ ചിത്രമുണ്ട്; മഹാത്മാഗാന്ധിയുടെ. ഗാന്ധിജിയോടുള്ള ആദരവും സ്നേഹവും കൊണ്ടുമാത്രമല്ല ഇന്ത്യയുമായി ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ഏറ്റവും പഴയ ജനാധിപത്യരാജ്യവും തമ്മിലുള്ള അടുപ്പം സ്വാഭാവികമാണെന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. 10 വര്‍ഷം മുമ്പ് ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തത്. ഈ ബന്ധം ശക്തിപ്പെടുത്താന്‍ പിന്നീടുവന്ന ജോര്‍ജ് ബുഷ് നന്നായി യത്‌നനിച്ചു. ഇന്ത്യയും അമേരിക്കയും തമ്മില്‍ സൈനികേതര ആണവക്കരാര്‍ അദ്ദേഹത്തിന്റെ കാലത്ത് യാഥാര്‍ഥ്യമായി. കരാറിന്റെ ഗുണവും ദോഷവും എന്തുമാകട്ടെ, ഒരു കാര്യം വളരെ വ്യക്തമാണ്. ഇന്ത്യ വളര്‍ന്നുവരുന്ന ശക്തിയാണെന്ന് അമേരിക്ക തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. സൗഹൃദത്തിനായി കരം നീട്ടുന്നു. ഇന്ത്യ ലോകവേദിയിലേക്കെത്തിയിരിക്കുന്നു. അമേരിക്കയാകട്ടെ, ആഗോളശക്തികളുടെ കൂട്ടത്തില്‍ ഇന്ത്യയ്ക്ക് ഇരിപ്പിടം വാഗ്ദാനം ചെയ്യുന്നു. ബരാക് ഒബാമ തീര്‍ച്ചയായും ഈ ബന്ധം തുടരും. ഒരുപക്ഷേ, കൂടുതല്‍ ദൃഢമാക്കും. ഇന്ത്യയും അമേരിക്കയും തീവ്രവാദത്തിന്റെ ഇരകളാണെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ട്. തീവ്രവാദശക്തികള്‍ക്കെതിരെ ഇരുരാജ്യങ്ങളും യോജിച്ചു പോരാടിയേക്കും എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
പുറംജോലിക്കരാറിനെതിരെയുള്ള ഒബാമയുടെ നിലപാടാണ് ഇന്ത്യയ്ക്ക് അല്പം ആശങ്കയുള്ള കാര്യം.
ഒബാമ പ്രസിഡന്റാകുമ്പോള്‍ വന്‍ പ്രതീക്ഷകളാണ് ലോകത്തിനുള്ളത്. അതില്‍ പ്രധാനം വിദേശനയത്തിലെ മാറ്റമാണ്. അതുണ്ടാകുമെന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നതും. ബുഷ് ഭരണകൂടത്തിന്റെ ഏകപക്ഷീയമായ വിദേശനയങ്ങളില്‍ നിന്നു ഭിന്നമായി കൂടുതല്‍ നയതന്ത്രജ്ഞതയിലൂന്നിയ നയങ്ങള്‍കൊണ്ടുവരാന്‍ താന്‍ തയ്യാറാണെന്ന് പ്രചാരണ പ്രസംഗങ്ങളിലുടനീളം അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളെക്കാള്‍ നീണ്ട ഇറാഖ് യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട് അദ്ദേഹം. ഭരണത്തിലേറി 16 മാസത്തിനുള്ളില്‍ ഇറാഖില്‍ നിന്ന് അമേരിക്കന്‍ സേനയെ തിരിച്ചുവിളിക്കുമെന്നും ഗ്വാണ്ടനാമോയിലെ തടവറപോലുള്ള കിരാതമായ തടവറകള്‍ അദ്ദേഹം അടച്ചുപൂട്ടുമെന്നുമാണ് പ്രതീക്ഷ.
പാകിസ്താനുനേരെയുള്ള നിലപാടുകള്‍ ശക്തമാക്കുമെന്നും അഫ്ഗാനിസ്താനിലെ സൈനികാ ക്രമണങ്ങള്‍ തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
സാമ്പത്തിക സ്ഥിരതയുണ്ടാക്കുക, ഊര്‍ജസ്വയം പര്യാപ്തത കൈവരിക്കുക, ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും പരിഷ്‌കരണം വരുത്തുക, നികുതി ഇളവുചെയ്യുക ഇവയാണ് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രഥമചുമതലകളെന്നാണ് ഒബാമ കഴിഞ്ഞയാഴ്ച പറഞ്ഞത്.
ഇവയെല്ലാം സാക്ഷാത്കരിക്കാന്‍ പരിചയസമ്പന്നരായ ഒരു സംഘത്തെ അദ്ദേഹത്തിന് ആവശ്യമുണ്ട്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായുള്ള ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് ഈ ലക്ഷ്യസാക്ഷാത്കാരത്തിനുതകുന്നതാണ്. വിദേശ കാര്യങ്ങളില്‍ വിദഗ്ധനായ, പരിചയസമ്പന്നനായ സെനറ്ററാണ് ബൈഡന്‍.
മാറ്റത്തിന് വോട്ടുനേടി 2009 ജനവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ഒരു രാജ്യത്തിന്റെ സ്വപ്നവും പ്രതീക്ഷയും മാത്രമല്ല അദ്ദേഹത്തിന്റെ ചുമലില്‍. ഒരു ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ഒബാമയിലുണ്ട്.
(കോഴിക്കോട് സ്വദേശിയായ ഡോ. വിപിന്‍ ഗോപാല്‍ അമേരിക്കയിലെ കണക്ടിക്കട്ടില്‍ ശാസ്ത്രജ്ഞനാണ്; അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തകനും)
