
ഒബാമ യുഗം
Posted on: 05 Nov 2008

അമേരിക്കയില്‍ എന്തും സാധ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ അവര്‍ക്കുള്ള മറുപടിയാണിതെന്ന് ആഹഌദ നൃത്തം ചവിട്ടിയ ആയിരക്കണക്കിന് അനുയായികള്‍ക്കു മുന്നില്‍ ഭാര്യ മിഷേലിനും മക്കള്‍ക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബിഡനുമൊപ്പം പ്രത്യക്ഷപ്പെട്ട ഒബാമ പറഞ്ഞു. ഒബാമയുടെത് ചരിത്ര വിജയമാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ മക് കെയിന്‍ സമ്മതിച്ചു. പ്രസിഡന്‍്‌റ് ജോര്‍ജ് ബുഷും അമേരിക്കന്‍ സൈന്യവും ലോക നേതാക്കളും ഒബാമയെ അഭിനന്ദനമറിയിച്ചു.
അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമേറെ പണം ചെലവഴിച്ചു പ്രചാരണം നടന്ന, ഏറ്റവുമേറെപ്പേര്‍ വോട്ടു ചെയ്ത തിരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ക്കൊപ്പം ജനകീയ വോട്ടിലും വ്യക്തമായ ആധിപത്യം നേടിയാണ് ഒബാമ വിജയമുറപ്പിച്ചത്. ഔപചാരിക ഫലപ്രഖ്യാപനം പൂര്‍ണമായിട്ടില്ലെങ്കിലും മൊത്തം ജനകീയ വോട്ടുകളില്‍ 52.3 ശതമാനം ഒബാമയ്ക്കു കിട്ടിയെന്നാണു കണക്കാക്കുന്നത്. മക് കെയ്‌നു കിട്ടിയത് 46.4 ശതമാനം.
പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗങ്ങളായി കണക്കാക്കിപ്പോന്ന പ്രദേശങ്ങളുള്‍പ്പെടെ 28 സംസ്ഥാനങ്ങള്‍ ഒബാമയ്‌ക്കൊപ്പം നിന്നപ്പോള്‍ 20 സംസ്ഥാനങ്ങളാണ് മക് കെയിനിനു കിട്ടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പമായിരുന്ന ഒഹയോ, ന്യൂമെക്‌സിക്കോ, അയോവ, വെര്‍ജീനിയ, ഫ്‌ളോറിഡ, കൊളറാഡോ, ഇന്‍ഡ്യാന, നെവാഡ സംസ്ഥാനങ്ങള്‍ ഇത്തവണ ഡെമോക്രാറ്റുകള്‍ നേടി.
പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം സെനറ്റിലെ 35 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് എതിരാളികളില്‍ നിന്നു പിടിച്ചെടുക്കാന്‍ ഡെമോക്രാറ്റുകള്‍ക്കു കഴിഞ്ഞു. നൂറു സീറ്റുള്ള സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഇതോടെ 56 സീറ്റോടെ വ്യക്തമായ ഭൂരിപക്ഷമായി. എന്നാല്‍ തടസ്സമില്ലാതെ നയപരിപാടികളുമായി മുന്നോട്ടുപോകുന്നതിനു വേണ്ട 60 സീറ്റ് അവര്‍ക്കു കിട്ടില്ലെന്നാണു സൂചന. ജനപ്രതിനിധി സഭയില്‍ 20 സീറ്റു കൂടി പിടിച്ചെടുത്ത് ഒബാമയുടെ പാര്‍ട്ടി 258 സീറ്റു നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 177 സീറ്റേ ഉള്ളൂ. 1992 നു ശേഷം ആദ്യമായാണ് കോണ്‍ഗ്രസ്സിന്റെ രണ്ടു സഭകളിലും ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷം കിട്ടുന്നത്.
അമേരിക്കയെ പിടിച്ചുലച്ച സാമ്പത്തിക സ്ഥിതി മുഖ്യ പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പില്‍ സമൂഹത്തിലെ നാനാവിഭാഗങ്ങളും ഒബാമയ്‌ക്കൊപ്പം നിന്നെന്നാണ് വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്‌സിറ്റ് പോളുകള്‍ തെളിയിക്കുന്നത്. അറുപതു ശതമാനം വോട്ടര്‍മാരും സാമ്പത്തിക സ്ഥിതിയാണു മുഖ്യ വിഷയമെന്നു പറഞ്ഞപ്പോള്‍ തൊണ്ണൂറു ശതമാനവും വംശീയത ഒരു ഘടകമല്ലെന്നു വ്യക്തമാക്കി. വനിതാ വോട്ടര്‍മാരില്‍ 56 ശതമാനവും ഒബാമയെ പിന്തുണച്ചു. വോട്ടര്‍മാരില്‍ 13 ശതമാനം വരുന്ന കറുത്ത വര്‍ഗക്കാരില്‍ 96 ശതമാനവും ഒബാമയ്ക്കാണു വോട്ടു ചെയ്തത്. ഹിസ്പാനിക്കുകളില്‍ 67 ശതമാനത്തിന്റെ പിന്തുണ കിട്ടി. എന്നാല്‍ മൊത്തം വോട്ടര്‍മാരുടെ നാലില്‍ മൂന്നു വരുന്ന വെള്ളക്കാരില്‍ 44 ശതമാനത്തിന്റെ പിന്തുണയേ ഒബാമയ്ക്കുള്ളൂ. യുവ വോട്ടര്‍മാരില്‍ 68 ശതമാനം ഒബാമയെ പിന്തുണച്ചപ്പോള്‍ 30 ശതമാനം മക് കെയിനൊപ്പം നിന്നു.
കെനിയയില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരനായ അച്ചനും കന്‍സാസില്‍ നിന്നുള്ള വെള്ളക്കാരിയായ അമ്മയ്ക്കും ജനിച്ച ഒബാമ ഹാര്‍വാര്‍ഡില്‍ നിന്നു പഠിച്ചിറങ്ങി അഭിഭാഷകനായി ജോലി നോക്കി ഇല്ലിനോയിയില്‍ നിന്നു സെനറ്ററായോതോടെയാണ് നാലു വര്‍ഷം മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തില്‍ ജനപ്രിയയായ ഹില്ലരി ക്ലിന്റണെ പരാജയപ്പെടുത്തിയപ്പോള്‍ തന്നെ ഒബാമ വിജയത്തോടടുത്തിരുന്നു. ഒബാമയുടെ പരിചയക്കുറവിലൂന്നിയായിരുന്നു 72കാരനായ മക് കെയിനിന്റെ പ്രചാരണം. അഭിപ്രായവോട്ടെടുപ്പില്‍ തുടക്കം മുതലേ ഒബാമ തന്നെയായിരുന്നു മുന്നിലെങ്കിലും അവസാന നിമിഷം വെള്ളക്കാര്‍ കാലുവാരുമെന്നും മക് കെയിന്‍ ജയിക്കുമെന്നും കരുതിയവരുണ്ടായിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്തായിരുന്നെന്ന് തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കി.
ജനകീയ വോട്ടെടുപ്പു കഴിഞ്ഞെങ്കിലും യഥാര്‍ഥ പ്രസിഡന്റു തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്നേയുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ ഡിസംബര്‍ 15ന് അതതു സംസ്ഥാന തലസ്ഥാനങ്ങളില്‍ ഒത്തു ചേര്‍ന്നാണ് സ്വന്തം സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യുക. ഈ ഘട്ടത്തില്‍ കൂറുമാറ്റം പതിവില്ലാത്തതുകൊണ്ടും ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതുകൊണ്ടും ആ തിരഞ്ഞെടുപ്പിന് ഔപചാരിക പ്രാധാന്യമേയുള്ളൂ. ഈ വോട്ടുകള്‍ ജനവരി എട്ടിന് യു.എസ്. കോണ്‍ഗ്രസ്സിനു മുമ്പാകെ എണ്ണിയിട്ടാണ് അന്തിമ ഫലപ്രഖ്യാപനം നടക്കുക. ജനവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനമേല്‍ക്കും.
