barack obama

സഫലമാകുന്നത് കറുത്തവന്റെ സ്വപ്‌നം

Posted on: 07 Nov 2012


വാഷിങ്ടണ്‍: എനിക്കൊരു സ്വപ്നമുണ്ടെന്നു പറഞ്ഞ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങുപോലും ഇങ്ങനെയൊരു ദിനം വന്നു ചേരുമെന്നു പ്രതീക്ഷിച്ചിരിക്കില്ല. കറുത്തവരെ അടിമകളായിക്കണ്ട, നീഗ്രോകളെ വില്‍ക്കാനുണ്ടെന്ന പത്രപ്പരസ്യങ്ങള്‍ പതിവായിരുന്ന ഒരു രാജ്യത്തിന് കറുത്തവരുടെ കൂട്ടത്തില്‍ നിന്നൊരു പ്രസിഡന്‍റ്. ബരാക് ഒബാമയുടെ വാക്കുകളില്‍ പറഞ്ഞാല്‍ അമേരിക്കയില്‍ എല്ലാം സാധ്യമാണെന്ന്് ഒരിക്കല്‍ കൂടി തെളിയുന്നു.

നൂറ്റാണ്ടുകളുടെ അടിമത്തം കുടഞ്ഞെറിഞ്ഞിട്ടും പിന്നെയും പീഡിതരായിക്കഴിയുന്ന അമേരിക്കയിലെ കറുത്തവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു 1963-ല്‍ അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ അണിനിരന്ന മനുഷ്യ സാഗരത്തെ അഭിസംബോധന ചെയ്ത് മാര്‍ട്ടിന്‍ ലൂതര്‍ കിങ് നടത്തിയ ആ പ്രസംഗം- ''എനിക്കൊരു സ്വപ്നമുണ്ട്, ഒരു ദിവസം എന്റെ നാലു കുട്ടികളും അവരുടെ തൊലിനിറം കൊണ്ടല്ലാതെ സ്വഭാവത്തിന്റെ വൈശിഷ്ട്യംകൊണ്ട് വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കും. എനിക്കൊരു സ്വപ്നമുണ്ട് ഒരു ദിവസം ഈ രാജ്യം അതിന്റെ വിശ്വാസപ്രമാണങ്ങളുടെ യഥാര്‍ഥ അര്‍ഥത്തില്‍ തന്നെ ഉയരുകയും ജ്വലിക്കുയും ചെയ്യും''.

വര്‍ണവെറിക്ക് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന ആഫ്രിക്കന്‍- അമേരിക്കന്‍ സമൂഹത്തെ ഒരുമിപ്പിച്ച് ഗാന്ധിയന്‍ അഹിംസാ മാര്‍ഗത്തില്‍ വംശീയ വിദ്വേഷത്തിനെതിരെ പൊരുതിയ മഹാന്റെ ഈ വാക്കുകള്‍ ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന മുദ്രാവാക്യമായി മാറി. വര്‍ണവെറിയനായ ഒരു വെള്ളക്കാരന്റെ തോക്കിനുമുമ്പില്‍ ജീവനുപേക്ഷിക്കേണ്ടി വന്നെങ്കിലും മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ പരിശ്രമം വെറുതെയായില്ലെന്ന് ഒരിക്കല്‍ കൂടി തെളിയുകയാണ്.

ആഫ്രിക്കയില്‍ നിന്നുള്ള കറുത്തവന്‍ അടിമയായി അമേരിക്കയില്‍ ആദ്യമെത്തുന്നത് 1619 ലാണ്. കൃഷിയിടങ്ങളിലെ ജോലിക്കായി കൂടുതല്‍ പേരെ വേണ്ടിവന്നതോടെ അടിമക്കച്ചവടം പൊടിപൊടിച്ചു. വെള്ളക്കാരന്റെ വളര്‍ത്തു മൃഗങ്ങള്‍ക്കു കിട്ടുന്ന പരിഗണനപോലും അവനു വേണ്ടി വിയര്‍പ്പൊഴുക്കുന്ന കറുത്തവനു കിട്ടിയില്ല. 1863ല്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കണ്‍ അടിമക്കച്ചവടം നിരോധിക്കുയും 1868 ല്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പൂര്‍ണ പൗരത്വം ലഭിക്കുകയും ചെയെ്തങ്കിലും അമേരിക്കയിലെ ആഫ്രിക്കക്കാര്‍ താഴേക്കിടയില്‍ തന്നെ തുടര്‍ന്നു. 1870 ല്‍ കറുത്തവരിലെ പുരുഷന്‍മാര്‍ക്ക് വോട്ടവകാശം ലഭിച്ചു. എന്നാല്‍ 1896 ല്‍ അവിടത്തെ സുപ്രീം കോടതി നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ശരിവെക്കുകയാണു ചെയ്തത്.

കറുത്തവര്‍ക്കായി വേര്‍തിരിച്ചിട്ടുള്ള സീറ്റിലിരിക്കാന്‍ വിസമ്മതിച്ച റോസാ പാര്‍ക്ക് 1955ല്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ പൗരാവകാശത്തിനായുള്ള പ്രക്ഷോഭ പാതയിലെത്തുന്നതും മാര്‍ട്ടിന്‍ ലൂതര്‍ കിങ് അവരുടെ നേതാവായി ഉയരുന്നതും. കിങ്ങും പൗരാവകാശ പ്രവര്‍ത്തകന്‍ മാല്‍ക്കം എക്‌സും കൊല്ലപ്പെട്ടെങ്കിലും കറുത്തവരോടുള്ള വിവേചനം പടിപടിയായുപേക്ഷിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായി. കറുത്ത വര്‍ഗക്കാരനായ എഡ്വാര്‍ഡ് ബ്രൂക്ക് 1966 ല്‍ മസാച്ചുസെറ്റ്‌സില്‍ നിന്ന് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഡഗ്ലസ് വില്‍ഡര്‍ 1990 ല്‍ കറുത്ത വര്‍ഗക്കാരനായ ആദ്യ ഗവര്‍ണറായി; ഇപ്പോഴിതാ ബരാക് ഒബാമ പ്രസിഡന്‍റു പദത്തിലേക്കും.
Tags:   left



MathrubhumiMatrimonial