യാത്ര മുടങ്ങിയ ഹജ്ജാജിമാര്‍ ക്യാമ്പില്‍ പ്രതിഷേധിച്ചു

Posted on: 02 Nov 2008


കരിപ്പൂര്‍: യാത്രാരേഖകള്‍ ലഭിക്കാതെ യാത്രമുടങ്ങിയ ഹജ്ജാജിമാര്‍ ഹജ്ജ്ക്യാമ്പില്‍ പ്രതിഷേധിച്ചു. ആദ്യവിമാനത്തില്‍ പോകാനാകാതെ യാത്രമുടങ്ങിയ 15 തീര്‍ഥാടകരും അവരുടെ ബന്ധുക്കളുമാണ് ശനിയാഴ്ച രാവിലെ 10.30ഓടെ ക്യാമ്പില്‍ നാടകീയരംഗങ്ങള്‍ തീര്‍ത്തത്. ഹജ്ജ്കമ്മിറ്റിക്കും സംഘാടകര്‍ക്കുമെതിരെ മുദ്രാവാക്യം മുഴക്കിയ തീര്‍ഥാടകര്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഉപാധ്യക്ഷന്‍ ആലിക്കുട്ടിമുസ്‌ലിയാരുമായി ഏറെനേരം വാഗ്വാദം നടത്തി. ബഹളത്തിനുശേഷം ഇവരുമായി ചര്‍ച്ചനടത്തിയ അധികൃതര്‍ യാത്രാരേഖകള്‍ ഉടന്‍ എത്തിക്കാമെന്ന ഉറപ്പ് നല്‍കിയശേഷമാണ് തീര്‍ഥാടകര്‍ ശാന്തരായത്.

സൗദി കോണ്‍സുലേറ്റില്‍നിന്ന് പാസ്‌പോര്‍ട്ടില്‍ വിസ അച്ചടിച്ചശേഷം മുംബൈവഴിയാണ് തീര്‍ഥാടകര്‍ക്ക് യാത്രാരേഖകള്‍ വിതരണംചെയ്യുന്നത്. ആദ്യവിമാനത്തില്‍ പോകേണ്ട 15 പേര്‍ക്ക് യാത്രാരേഖകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ദിവസങ്ങളിലായി ഇതുവരെ 29 തീര്‍ഥാടകര്‍ക്ക് യാത്രാരേഖകള്‍ ലഭിക്കാതെ വന്നിട്ടുണ്ട്. ഇവരില്‍ 12 പേര്‍ ഇപ്പോഴും ഹജ്ജ്ക്യാമ്പില്‍ത്തന്നെ കഴിയുകയാണ്. ഇവരില്‍ ഏറെയും സ്ത്രീകളാണ്. ഇവരുടെ ബന്ധുക്കളും ക്യാമ്പിനുസമീപം കഴിയുകയാണ്. ഇതാണ് പ്രധാനമായും പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ചയോടെ യാത്രമുടങ്ങിയ മുഴുവന്‍ തീര്‍ഥാടകരെയും സൗദിയിലേക്കയയ്ക്കാന്‍ കഴിയുമെന്ന് ഹജ്ജ്കമ്മിറ്റി അറിയിച്ചു. യാത്രാരേഖകള്‍ സൗദി കോണ്‍സുലേറ്റില്‍നിന്ന് അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറഞ്ഞു. തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരാണ് ക്യാമ്പില്‍ യാത്രമുടങ്ങി കഴിയുന്നത്. അതേസമയം കേന്ദ്ര സംസ്ഥാന ഹജ്ജ്കമ്മിറ്റികള്‍ തമ്മിലുള്ള ശീതയുദ്ധമാണ് യാത്രാരേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാക്കിയതെന്നും ആരോപണമുണ്ട്.

ശനിയാഴ്ച പുറപ്പെട്ട ഹജ്ജ് വിമാനത്തില്‍ 420 തീര്‍ഥാടകര്‍കൂടി ഹജ്ജ്കര്‍മത്തിന് യാത്രയായി.






MathrubhumiMatrimonial