NagaraPazhama

ആദ്യ തിരഞ്ഞെടുപ്പില്‍ പട്ടം പ്രധാനമന്ത്രിയായി

Posted on: 10 Dec 2011

മലയന്‍കീഴ് ഗോപാലകൃഷ്ണന്‍




പ്രധാനമന്ത്രിയായശേഷം പട്ടം താണുപിള്ള തിരുവിതാംകൂര്‍ റേഡിയോവഴി ജനങ്ങളോട് സംസാരിക്കുന്നു


ഈ ഭാഗ്യം ഒരുപക്ഷേ കേരളത്തില്‍ അഡ്വക്കേറ്റ് കെ.അയ്യപ്പന്‍പിള്ളയ്ക്ക് മാത്രമേ ലഭിക്കാനിടയുള്ളൂ. തൊണ്ണൂറ്റിയാറുകാരനായ അദ്ദേഹം ഇപ്പോഴും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നു. രാജഭരണത്തിനെതിരെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍, സര്‍ സി.പി.രാമസ്വാമിഅയ്യരുടെ അടിച്ചമര്‍ത്തലുകള്‍, രാജഭരണം ജനാധിപത്യത്തിന് വഴിമാറികൊടുക്കല്‍, ആദ്യത്തെ ജനകീയ മന്ത്രിസഭ, തിരു-കൊച്ചി ലയനം, ഐക്യകേരള രൂപവത്കരണം, ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ, പിന്നെ ഇന്നോളമുള്ള രാഷ്ട്രീയ സംഭവങ്ങള്‍ തുടങ്ങി എന്തെല്ലാം കണ്ട കണ്ണാണ് അദ്ദേഹത്തിന്റേത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആദ്യകാലനേതാക്കളിലൊരാളായ അയ്യപ്പന്‍പിള്ള സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യം തിരുവിതാംകൂറില്‍ നടന്ന തിരഞ്ഞെടുപ്പിനെപ്പറ്റി നന്നായി ഓര്‍ക്കുന്നുണ്ട്. തിരുവിതാംകൂറില്‍ ഭരണഘടന എഴുതി ഉണ്ടാക്കാന്‍ റിഫോംസ് കമ്മിറ്റി രൂപവത്ക്കരിക്കാനായിരുന്നു ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് സ്വാതന്ത്ര്യത്തിനുശേഷം വിളംബരം പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ആദ്യതിരഞ്ഞെടുപ്പായിരുന്നു അത്.

തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മുസ്‌ലീംലീഗ്, തമിഴ്‌നാട് കോണ്‍ഗ്രസ്, സ്വതന്ത്രര്‍ എന്നിവരാണ് 120 സീറ്റുകളില്‍ മത്സരരംഗത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പുരംഗം ചൂടുപിടിച്ചു. ജനാധിപത്യഭരണം സ്വപ്നം കണ്ടുകൊണ്ട് വര്‍ഷങ്ങളായി നടത്തിയ സമരങ്ങള്‍ ഫലപ്രാപ്തിയിലെത്തിയതിന്റെ ആഹ്ലാദത്തിമിര്‍പ്പ് എങ്ങും ദൃശ്യമായിരുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് പണക്കാരനായാലും പാവപ്പെട്ടവനായാലും ഒരു വോട്ട് എന്ന നിയമം സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളെ ഉത്സാഹഭരിതരാക്കി. നാടുനീളെ പൊതുയോഗങ്ങളും ഘോഷയാത്രകളും കൊടി ഉയര്‍ത്തലുകളും നടന്നു. വലിയ കമുകുകള്‍ മുറിച്ചുകൊണ്ടുവന്ന് ചെണ്ടമേളത്തോടെയാണ് കൊടി ഉയര്‍ത്തിയിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടയില്‍ ന്യൂഡല്‍ഹിയില്‍നിന്നും എത്തിയ വാര്‍ത്ത നാട്ടിനെ ആകെ സ്തംഭിപ്പിച്ചു. പൊതുയോഗങ്ങളും പ്രചാരണരംഗവുമെല്ലാം ഉപേക്ഷിച്ച് ആളുകള്‍ റേഡിയോയുള്ള വീടുകളിലേക്കും (അന്ന് വളരെ ചുരുക്കം റേഡിയോകളേ ഉണ്ടായിരുന്നുള്ളൂ) റേഡിയോ ഉള്ള പാര്‍ക്കുകളിലേക്കും റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന പാളയത്തേക്കും ഓടി. ഇപ്പോഴത്തെ എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന്റെ അറ്റത്തായിരുന്നു അന്ന് തിരുവിതാംകൂര്‍ റേഡിയോനിലയം. ഗാന്ധിജി വെടിയേറ്റ് മരിച്ച വാര്‍ത്ത നാട്ടിനെ അക്ഷരാര്‍ഥത്തില്‍ ദുഃഖത്തിലാഴ്ത്തി. ദിവസങ്ങളോളം ആ ദുഃഖം നീണ്ടുനിന്നു. ഒടുവില്‍ ഗാന്ധിജിയുടെ ചിതാഭസ്മം അരൂരില്‍വെച്ച് ഒഫീഷിയേറ്റഡ് ദിവാന്‍ പി.ജി.എന്‍.ഉണ്ണിത്താനും സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് പട്ടം താണുപിള്ളയും ചേര്‍ന്ന് ഏറ്റുവാങ്ങി തലസ്ഥാനത്ത് കൊണ്ടുവന്നു. വി.ജെ.ടി. ഹാളില്‍ ആദരാഞ്ജലികളര്‍പ്പിച്ചശേഷം ചിതാഭസ്മം കന്യാകുമാരിയില്‍ കൊണ്ടുപോയി നിമജ്ജനം ചെയ്തു. അതിനുശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗം വീണ്ടും ആരംഭിച്ചത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് 97-ഉം തിരുവിതാംകൂര്‍ മുസ്‌ലിംലീഗിന് എട്ടും തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസ്സിന് 14 സീറ്റുകളും കിട്ടി. ഇതുകൂടാതെ പാറായി ഉറുമീസ് തരകന്‍ എന്ന സ്വതന്ത്രനും ജയിച്ചു.

തിരുവിതാംകൂറിന്റെ ഭരണഘടന എഴുതിയുണ്ടാക്കാന്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ യോഗം 1123 മീനം 27 ന് നിയമസഭാമന്ദിരത്തിലാണ് കൂടിയത്. ചരിത്രപ്രസിദ്ധമായ സമ്മേളനം കാണാന്‍ വന്‍തിരക്കായിരുന്നു. ഖദര്‍വസ്ത്രങ്ങളും ഗാന്ധിതൊപ്പിയും ധരിച്ചാണ് മിക്ക അംഗങ്ങളും എത്തിയത്. കൃത്യം 10.15 ന് സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയും മറ്റ് അംഗങ്ങളും ഹാളിലെത്തി. പട്ടം താണുപിള്ള ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പില്‍ കൈകൂപ്പിനിന്ന് പ്രാര്‍ത്ഥിച്ചശേഷമാണ് സീറ്റില്‍ ഇരുന്നത്. നിശ്ചിത സമയത്തുതന്നെ ഒഫീഷിയേറ്റഡ് ദിവാന്‍ പി.ജി.എന്‍. ഉണ്ണിത്താന്‍ എത്തി. എല്ലാവരും അപ്പോള്‍ എണീറ്റുനിന്നു. ദേശീയഗാനം ആലപിച്ചത് പറവൂര്‍ സിസ്റ്റേഴ്‌സ് ആയിരുന്നു. അതിനുശേഷം ബോധേശ്വരന്‍ രചിച്ച കേരളഗാനവും ആലപിച്ചു. 11.10 ന് ഉണ്ണിത്താന്‍ എണീറ്റുനിന്ന് മഹാരാജാവിന്റെ സന്ദേശം വായിച്ചു. സദസ് അപ്പോള്‍ നിശബ്ദതയോടെ എണീറ്റുനിന്നു. പിന്നീടായിരുന്നു സത്യപ്രതിജ്ഞ. ഓരോരുത്തരായി സത്യപ്രതിജ്ഞ ചൊല്ലി ബുക്കില്‍ ഒപ്പുവെച്ചു. പ്രതിജ്ഞ പൂര്‍ത്തിയായപ്പോള്‍ സഭാധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ 5.15 ന് വീണ്ടും സമ്മേളിക്കുമെന്ന് പറഞ്ഞു. ഒഫീഷിയേറ്റഡ് ദിവാന്‍ യാത്രയായി. കൃത്യം 5.15 ന് തന്നെ സഭ കൂടി. എ.ജെ. ജോണിനെ സഭാധ്യക്ഷനായി എതിരില്ലാതെ തിരഞ്ഞെടുത്ത വാര്‍ത്ത ഉണ്ണിത്താന്‍ പ്രഖ്യാപിക്കുമ്പോള്‍ സദസ് കരഘോഷം കൊണ്ട് മുഖരിതമായി. പിന്നീട് ഒഫീഷിയേറ്റഡ് ദിവാന്‍തന്നെ ഇരിപ്പിടത്തുനിന്നും ഇറങ്ങി താഴെ വന്ന് എ.ജെ. ജോണിനെ ഹസ്തദാനം ചെയ്ത് അദ്ദേഹത്തെ കൈപിടിച്ച് വേദിയിലേക്ക് കൊണ്ടുപോയി. താന്‍ ഇരുന്ന കസേരയിലിരുത്തി. അപ്പോള്‍ സദസ് എണീറ്റ് നിന്ന് കരഘോഷം തുടരുകയായിരുന്നു. ഇതിനിടയില്‍ ഒഫീഷിയേറ്റഡ് ദിവാന്‍ യാത്രയായി. സഭാധ്യക്ഷനെ അനുമോദിക്കുന്ന പ്രസംഗങ്ങളായിരുന്നു പിന്നീട്. പട്ടം താണുപിള്ളയുടെ പ്രസംഗത്തില്‍ അധികാരം ജനങ്ങളിലേക്ക് പകര്‍ന്നമഹാരാജാവിനെ അനുമോദിച്ചു. ഒപ്പംതന്നെ ഭരണഘടനാസമിതിയെ നിയമസഭയാക്കി മന്ത്രിസഭാരൂപവത്കരണത്തിന് അനുവദിക്കണമെന്ന് രാജാവിനോട് അഭ്യര്‍ത്ഥിച്ചു. സഭാംഗങ്ങള്‍ എല്ലാവരും ഇത് ശരിവെച്ചു. തീരുമാനം മഹാരാജാവിനെ അറിയിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ സഭാധ്യക്ഷന്‍ എ.ജെ. ജോണ്‍ പറഞ്ഞു.

ഭരണഘടനാസമിതിയുടെ നിര്‍ദ്ദേശം മഹാരാജാവ് അംഗീകരിക്കുകയും മന്ത്രിസഭാ രൂപവത്കരണത്തിന് അനുമതി നല്‍കുകയും ചെയ്തു. പട്ടം താണുപിള്ളയെ പ്രധാനമന്ത്രിയായും സി.കേശവനേയും ടി.എം. വര്‍ഗീസിനെയും മന്ത്രിമാരായും കോണ്‍ഗ്രസ് യോഗം തിരഞ്ഞെടുത്തു.

1948 മാര്‍ച്ചില്‍ സെക്രട്ടേറിയറ്റിലെ ദിവാന്റെ ഓഫീസിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങ്. ചീഫ് ജസ്റ്റിസ് പത്മനാഭകുക്കിലിയയുടെ മുമ്പാകെ പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അങ്ങനെ രാജാക്കന്മാരുടെ കിരീടധാരണത്തിനും ദര്‍ബാറുകള്‍ക്കും സാക്ഷിയായ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ ജനാധിപത്യഭരണത്തിന്റെ ഉദയമായി. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രധാനമന്ത്രി എന്ന നിലയില്‍ പട്ടം താണുപിള്ള തിരുവിതാംകൂര്‍ റേഡിയോയിലൂടെ ജനത്തെ അഭിസംബോധന ചെയ്തു.



MathrubhumiMatrimonial