
വരദക്ഷിണയ്ക്കും കെട്ടുകല്യാണത്തിനും എതിരെ ശബ്ദം
Posted on: 10 Dec 2011

* * * * *
വിവാഹം, സ്ത്രീധനനിരോധനം, സ്ത്രീപീഡനം എന്നിവ സംബന്ധിച്ച് ഇന്ന് ശക്തമായ നിയമങ്ങളുണ്ട്. കുട്ടികള്‍ക്ക് സ്വന്തം അച്ഛനില്‍ അധികാരമില്ലാത്ത 'സംബന്ധ'വും ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും ബാലികാവിവാഹവും ഒന്നും ഇന്നില്ല. കേരളത്തില്‍ ഒരു സ്ത്രീക്ക് എത്ര ഭര്‍ത്താക്കന്മാര്‍ ഉണ്ടോ അതനുസരിച്ചാണ് അവളുടെ മാന്യത എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് പോര്‍ട്ടുഗീസ് സഞ്ചാരിയായ ബാര്‍ബോസ (16-ാം നൂറ്റാണ്ട്) ആണ്. പുരുഷന്റെ ആഗ്രഹം സാധിച്ചുകൊടുക്കാത്ത സ്ത്രീയെ വധിക്കാന്‍ അധികാരം ഉണ്ടായിരുന്നതിനെപ്പറ്റി ഡച്ച് ക്യാപ്ടന്‍ ന്യൂഹോഫ് (പതിനേഴാം നൂറ്റാണ്ട്) രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം മുത്തശ്ശിക്കഥകളായി മാത്രമേ ഇന്ന് തോന്നൂ. പക്ഷേ, ആധുനികകാലത്തെ നിയമങ്ങള്‍കൊണ്ടൊന്നും പെണ്‍കുട്ടികളുടെ കണ്ണുനീര്‍ തോരുന്നില്ല. ഒരിക്കല്‍ നവോത്ഥാന നായകന്മാരായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയുമെല്ലാം അവസാനിപ്പിക്കാന്‍ രാപകല്‍ ശ്രമിച്ച്, ഒരുപരിധിവരെ വിജയിച്ച വിവാഹധൂര്‍ത്തും അനാവശ്യ ചടങ്ങുകളും പൂര്‍വാധികം ശക്തിപ്രാപിച്ചതാണ് ആധുനിക കേരളത്തിന്റെ ശാപം. തിരുവിതാംകൂറില്‍ റാണി പാര്‍വതീബായിസ്വാതിതിരുനാളിനുവേണ്ടി റീജന്റായി ഭരിക്കുന്ന കാലത്താണ് ബ്രാഹ്മണസമുദായത്തിലെ 'വരദക്ഷിണ' എന്ന ആചാരം നിര്‍ത്തലാക്കിയത്. അക്കാലത്ത് പത്തു വയസ്സ് മുതല്‍ പതിനാല് വയസ്സുവരെയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം. എന്നാല്‍, വന്‍തുകകള്‍ 'വരദക്ഷിണ' ആയി കൊടുത്താലേ വിവാഹം നടക്കുകയുള്ളു. ഇതിന് വക ഇല്ലാത്തതുകാരണം ബ്രാഹ്മണസമുദായത്തില്‍ പെണ്‍കുട്ടികള്‍ പുര നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്നാണ് വരദക്ഷിണ 700 കലിയന്‍ അധികം വാങ്ങാന്‍പാടില്ലെന്നും ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ കിട്ടുമെന്നും കൊല്ലവര്‍ഷം 998 കര്‍ക്കടകം 31ന് (ഇംഗ്ലീഷ് വര്‍ഷം 1822) റാണിയുടെ വിളംബരം ഉണ്ടായത്. എന്നാല്‍, വിവാഹധൂര്‍ത്ത് എല്ലാ സമുദായങ്ങളിലും പിന്നീടും തുടര്‍ന്നു. ബ്രാഹ്മണ സമുദായത്തില്‍പ്പോലെ നായര്‍ സമുദായത്തിലും ഈഴവസമുദായത്തിലും വിവാഹധൂര്‍ത്തിന് കുറവുണ്ടായില്ല. ബാലികവിവാഹം, തെരണ്ടുകല്യാണം തുടങ്ങിയവയും ധൂര്‍ത്തിന്റെ പര്യായങ്ങളായി മാറിയിരുന്നു.

നാടാകെ ഉത്സവപ്രതീതിയായിരുന്നു. ശ്രീനാരായണഗുരു കെട്ടുകല്യാണത്തിനെതിരെ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കാലമായിരുന്നു അത്. ഗുരുനിര്‍ദേശം അവഗണിച്ചായിരുന്നു കരുംകുളത്തെ കെട്ടുകല്യാണം. ഒരു വിധത്തിലും ഗുരു ഇത് അറിയില്ലെന്നായിരുന്നു ധനാഢ്യന്മാരുടെ വിചാരം. എന്നാല്‍ അരുവിപ്പുറത്ത് വിശ്രമിച്ചിരുന്ന ഗുരുദേവന്‍ എങ്ങനെയോ അത് അറിഞ്ഞു.
ചടങ്ങുകള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി അദ്ദേഹം കരുംകുളത്ത് എത്തി. പന്തലില്‍ എത്തിയ ഗുരു, അരത്തന്‍കുമാരനെ വിളിച്ചുവരുത്തി കെട്ടുകല്യാണത്തിന്റെ ദോഷവശങ്ങളെപ്പറ്റി പറഞ്ഞ ശേഷം 'നാം ഈ കെട്ടുകല്യാണം മുടക്കുന്നു' എന്ന് പ്രഖ്യാപിച്ചു.
ഗുരുവിനെതിരെ ആര്‍ക്കും ശബ്ദിക്കാന്‍ ധൈര്യമില്ലായിരുന്നു. ഇത് ഈഴവ സമുദായത്തിലെ കെട്ടുകല്യാണത്തിന്റെ അന്ത്യമായിരുന്നു. സാമൂഹ്യതിന്മകളില്‍ നിന്നും മോചനം നേടാന്‍ ഒരു ഗുരുവിനെയോ നേതാവിനെയോ കാത്തിരിക്കുകയാണ് കമ്പ്യൂട്ടര്‍ യുഗത്തില്‍ ആറാടി നില്‍ക്കുന്ന ആധുനിക കേരളം.
