ഹജ്ജ്: 406 പേര്‍കൂടി യാത്രയായി

Posted on: 01 Nov 2008


കൊണ്ടോട്ടി: ഹജ്ജ്കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിന് വെള്ളിയാഴ്ച 406 പേര്‍കൂടി യാത്രയായി. 420 പേര്‍ക്ക് പോകാവുന്ന വിമാനത്തില്‍ 14 സീറ്റുകള്‍ കാലിയായിരുന്നു. യാത്രാരേഖകള്‍ കിട്ടാത്തതാണ് ഇത്രയും പേരുടെ യാത്ര മുടക്കിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി 825 പേര്‍ ഹജ്ജ്കര്‍മത്തിനായി കോഴിക്കോട്ടുനിന്ന് മദീനയില്‍ എത്തി.

യാത്രാരേഖകള്‍ സമയത്തിന് കിട്ടാത്തതും വിമാന ഷെഡ്യൂളില്‍ വന്ന മാറ്റങ്ങളുമാണ് സീറ്റുകള്‍ കാലിയായി പോകാന്‍ ഇടയാക്കിയത്. സൗദിയില്‍നിന്ന് വിസയടിച്ച് പാസ്‌പോര്‍ട്ട് എത്തിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കേന്ദ്ര ഹജ്ജ്കമ്മിറ്റിയുമായും ഹജ്ജ്കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ഇ. അഹമ്മദുമായും സംസ്ഥാന ഹജ്ജ്കമ്മിറ്റി ബന്ധപ്പെട്ടിട്ടുണ്ട്.

ആദ്യദിവസം യാത്രയാകേണ്ടിയിരുന്ന ഒമ്പതുപേരെ ക്കൂടാതെ വെള്ളിയാഴ്ച പോകേണ്ടിയിരുന്ന മൂന്നുപേരും ഹജ്ജ്ക്യാമ്പില്‍ തങ്ങുകയാണ്. തിരുവനന്തപുരത്തുനിന്നെത്തിയ ആറുപേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്നുപേര്‍ക്കുമാണ് ആദ്യദിവസം യാത്ര മുടങ്ങിയത്. രണ്ടാംദിവസമായ വെള്ളിയാഴ്ച കോഴിക്കോട് കിനാലൂര്‍ സ്വദേശികളായ മൂന്നുപേരും യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ ക്യാമ്പില്‍ കുടുങ്ങി. വിമാനത്തില്‍ മുഴുവന്‍ സീറ്റിലും ആളെ എത്തിക്കാനായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഹജ്ജാജിമാരുമായി അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ പോകാന്‍ മിക്കവരും തയ്യാറായില്ല. ഇതോടെ 14 സീറ്റ് ഒഴിച്ചിട്ട് വിമാനം പോകേണ്ടിവന്നു.

226 സ്ത്രീകളും 179 പുരുഷന്മാരും മൂന്നുമാസം പ്രായമായ കുഞ്ഞുമടക്കം 406 പേരാണ് വെള്ളിയാഴ്ച ഹജ്ജിന് തിരിച്ചത്. കെ.എന്‍.എം പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍ ഹാജിമാര്‍ക്ക് ഉദ്‌ബോധനം നടത്തി. അബ്ദുള്‍ മുത്തലിബ്മുസ്‌ലിയയാണ് രണ്ടാമത്തെ ഹജ്ജ്‌സംഘത്തോടൊപ്പം അമീറായി പോയിട്ടുള്ളത്. കെ.ടി. ജലീല്‍ എം.എല്‍.എ ഹജ്ജാജിമാരെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഹജ്ജ്ഹൗസില്‍ നടന്ന ജുമാനമസ്‌കാരത്തിന് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞിമൗലവി നേതൃത്വം നല്‍കി.



MathrubhumiMatrimonial