ഹജ്ജ്: ആദ്യസംഘത്തില്‍ 419 തീര്‍ഥാടകര്‍

Posted on: 31 Oct 2008


കാണ്ടോട്ടി: ഇസ്‌ലാമിക പുണ്യഭൂമി തേടി കേരളത്തില്‍നിന്നു വ്യാഴാഴ്ച പുറപ്പെട്ട ആദ്യ ഹജ്ജ് സംഘത്തില്‍ 419 തീര്‍ഥാടകര്‍. ആദ്യ ഹജ്ജ്‌സംഘം വ്യാഴാഴ്ച പുറപ്പെട്ടു. അള്ളാഹുവിന്റെ അതിഥികളായി, മുസ്‌ലിമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിനായി തിരിച്ചവര്‍ക്ക് സ്നേഹോഷ്മളമായ യാത്രയയപ്പാണ് കോഴിക്കോട് വിമാനത്താവളത്തില്‍ നല്‍കിയത്. തെളിഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളും ഭക്തിനിര്‍ഭരമായി.

സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രതിരിച്ച ആദ്യവിമാനത്തിന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പച്ചക്കൊടി കാട്ടി. 171 പുരുഷന്മാരും 248 സ്ത്രീകളുമടക്കം 419 ഹജ്ജാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. പുലര്‍ച്ചെ ഹജ്ജ്ക്യാമ്പില്‍ നടന്ന ഉദ്‌ബോധനപ്രസംഗത്തിനും സുബ്ഹി നിസ്‌കാരത്തിനും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നേതൃത്വംനല്‍കി. മാനസിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയാണ് ഹജ്ജെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ രാജ്യത്തിനകത്തും പുറത്തും ഒച്ചപ്പാടുകളും അന്വേഷണങ്ങളും നടക്കുമ്പോള്‍ ശാന്തിയുടെയും പരസ്​പരആദരവിന്റെയും സന്ദേശമായി ഹജ്ജ്കര്‍മത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്‌ബോധനത്തിനുശേഷം രാവിലെ എട്ടുമണിയോടെ ബസ്സുകളിലാണ് തീര്‍ഥാടകരെ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്നത്. സംഘത്തിന്റെ അമീറായി സുലൈമാന്‍ കാസര്‍കോടാണ് ഇവരോടൊപ്പമുള്ളത്. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ തീര്‍ഥാടകരെ 11.25ഓടെയാണ് വിമാനത്തിലേക്ക് കൊണ്ടുപോയത്. ആദ്യസംഘത്തെ യാത്രയാക്കാനും ഫ്‌ളാഗ്ഓഫ് ചടങ്ങുകളിലും ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ എ.കെ. അബ്ദുള്‍ഹമീദ്, ടി.കെ. ഹംസ എം.പി, പി.വി. അബ്ദുള്‍വഹാബ് എം.പി, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പിടി.എ. റഹിം എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി സെക്രട്ടറി കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍സലാം വാണിയമ്പലം, എസ്.വി. റഹ്മത്തുള്ള, വിമാനത്താവള അതോറിറ്റി ഡി.ജി.എം വി.എസ്.പി. ചിന്‍സണ്‍, എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ രാധാകൃഷ്‌നന്‍, സ്റ്റേഷന്‍ മാനേജര്‍ യോഗേഷ് മണ്ട്‌വ, കസ്റ്റംസ് അസി. കമ്മീഷണര്‍ സി. മാധവന്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ് സീനിയര്‍ മാനേജര്‍ അമ്മിണി ഡാനിയേല്‍, എമിഗ്രേഷന്‍ ഡിവൈ.എസ്.പി കെ.എന്‍. രാജീവ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ശരത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാവിലെ 10.15ലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം വൈകിയതിനാല്‍ 11.15നാണ് ഫ്‌ളാഗ് ഓഫ് ചടങ്ങ് നടന്നത്. 12.15 ഓടെയാണ് വിമാനം കോഴിക്കോട് വിട്ടത്. ഈ വിമാനം രാത്രിയോടെ മദീനയില്‍ എത്തിച്ചേര്‍ന്നു.




MathrubhumiMatrimonial