
മഹാകവി ഉള്ളൂരിനെ സംഭ്രമിപ്പിച്ച ബോംബ് ഭീഷണി
Posted on: 29 Nov 2011

ഇന്നത്തെ സെനറ്റ്ഹാളിന് പിന്നില്‍ കേരള വാസ്തുശില്പരീതിയിലുള്ള പഴയ കെട്ടിടം ഇപ്പോഴും കാണാം. അവിടെയാണ് ആദ്യം സര്‍വകലാശാല പ്രവര്‍ത്തിച്ചത്. തിരുവിതാംകൂര്‍ പട്ടാളമേധാവിയുടെ വസതിയായിരുന്നു അത്. അതിനുമുമ്പില്‍ രണ്ട് പീരങ്കികളുണ്ടായിരുന്നു. എന്നാല്‍ പട്ടാളകേന്ദ്രം പാങ്ങോട്ടേയ്ക്ക് മാറ്റിയതോടെ ആ കെട്ടിടം വെറുതെ കിടന്നു. പിന്നീട് അത് യൂണിവേഴ്‌സിറ്റി ഓഫീസായി. അതിന്റെ രണ്ടാമത്തെ നിലയിലാണ് മാത്യു പെരേരയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന സംഭവമുണ്ടായത്. രജിസ്ട്രാറെ കാണാന്‍ മഹാകവി ഉള്ളൂര്‍ പരമേശ്വരഅയ്യര്‍ വന്നു. പെട്ടെന്നാണ് ബോംബ്‌വര്‍ഷത്തിന്റെ മുന്നറിയിപ്പുമായി സൈറണ്‍ മുഴങ്ങിയത്. ഉള്ളൂര്‍ പരിഭ്രാന്തനായി. എന്തുചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുനിന്നു. അന്ന് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന മാത്യുപെരേര തന്റെ പോക്കറ്റില്‍ കിടന്ന തടിക്കഷണം എടുത്ത് ഉള്ളൂരിന് കൊടുത്തിട്ട് കടിച്ചുപിടിച്ച് കമിഴ്ന്നുകിടക്കാന്‍ പറഞ്ഞു. ഉള്ളൂര്‍ ഒരു കുട്ടിയെപ്പോലെ അത് അനുസരിച്ചു. പെരേരയും തൊട്ടടുത്ത് കമിഴ്ന്നുകിടന്നു. എങ്ങും നിശ്ശബ്ദത. കുറെ കഴിഞ്ഞപ്പോള്‍ അപകടം ഒഴിവായതായിട്ടുള്ള സൈറണ്‍ മുഴങ്ങി. അപ്പോഴാണ് ഉള്ളൂരിന് നേരെ ശ്വാസം കിട്ടിയത്. മഹാകവി ഉള്ളൂരടക്കം ഒരു കാലത്ത് നിരവധി പ്രഗത്ഭന്മാരുടെ സ്‌നേഹവാത്സല്യങ്ങള്‍ ആര്‍ജിച്ചിട്ടുള്ള ആളാണ് പെരേര. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവുമുള്ള എട്ട് വൈസ് ചാന്‍സലര്‍മാരുടെ പി.എ.ആയും പി.എസ്. ആയും പെരേര പ്രവര്‍ത്തിച്ചു. അനന്തപുരിയുടെ മാറ്റങ്ങള്‍ക്ക് സാക്ഷിയാണ് അദ്ദേഹം. മണ്ണെണ്ണ വിളക്കിലും കാളവണ്ടിയിലും നിന്ന് ഈ നഗരം കമ്പ്യൂട്ടര്‍കാലത്തേക്ക് ഉയര്‍ന്നതിന്റെ എത്രയെത്ര സംഭവങ്ങള്‍ പെരേരയ്ക്ക് ഓര്‍ക്കാനുണ്ട്. ആ കഥകള്‍ പറയുമ്പോള്‍ അദ്ദേഹത്തിന് ആയിരം നാവാണ്.
സെന്റ് ജോസഫ് സ്‌കൂളില്‍ പഠിച്ച പെരേര ഇ.എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത് വഞ്ചിയൂര്‍ എസ്.എം.വി. (ഇന്നത്തെ കോടതി) സ്‌കൂളിലാണ്. അന്ന് എസ്.എം.വി.യായിരുന്നു ഇ.എസ്.എല്‍.സി. പരീക്ഷയുടെ പ്രധാന കേന്ദ്രം. പരീക്ഷാഫലം താമസിച്ചേ സ്‌കൂളിലെത്തു. നേരത്തെ അറിയണമെങ്കില്‍ ജഗതിയിലുള്ള വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ പോകണം. പെരേര സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് പാളയത്തെ സെന്റ് ജോസഫ് പള്ളി നിര്‍മാണം നടന്നത്. അത് കാണാന്‍ സുഹൃത്തുക്കളോടൊത്ത് പോയ രംഗം അദ്ദേഹം ഓര്‍ക്കുന്നു. കൂറ്റന്‍ പള്ളിയുടെ മുകളില്‍ ക്രിസ്തുവിന്റെ രൂപം സ്ഥാപിക്കുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു. ഓരോ ഭാഗമായി മുറിച്ചുമുറിച്ചാണ് ക്രിസ്തുരൂപം മുകളില്‍ കൊണ്ടുപോയി സ്ഥാപിച്ചതെന്നും, യൂറോപ്യന്‍ എന്‍ജിനീയര്‍മാരാണ് പള്ളി നിര്‍മാണത്തിന് നേതൃത്വം കൊടുത്തതെന്നും പെരേര പറഞ്ഞു. ഇദ്ദേഹത്തെ മാമോദീസ മുക്കിയതും ഈ പള്ളിയിലാണ്. പള്ളിക്ക് അപ്പുറത്തുള്ള സ്ഥലത്തായിരുന്നു പഴയ ബസ്സ്റ്റാന്‍ഡ്. അവിടെനിന്നും പഞ്ചാപ്പുര ജങ്ഷനില്‍നിന്നുമാണ് ദീര്‍ഘദൂര ബസ്സുകളുടെ പോക്കുവരവ്. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് മുതല്‍ പള്ളിവരെയുള്ള സ്ഥലത്ത് ആളുകള്‍ താമസിച്ച കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. പാളയം ചന്തയ്ക്ക് സമീപത്തുള്ള കേശവന്റെ സ്റ്റേഷനറി കട പ്രസിദ്ധമായിരുന്നു. അവിടെ കിട്ടാത്ത സാധനങ്ങള്‍ ഇല്ലായിരുന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന സെന്റ് മൈക്കിള്‍ ഇന്‍സ്റ്റ്യൂട്ടിലായിരുന്നു പെരേര ടൈപ്പ്‌റൈറ്റിങ് പഠിച്ചത്. പാസ്സായ ഉടന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ ജോലി കിട്ടി. സി.വി.ചന്ദ്രശേഖരന്‍ ആയിരുന്നു ഡയറക്ടര്‍. അദ്ദേഹത്തെ സര്‍വകലാശാല രൂപവത്കരണ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. അദ്ദേഹത്തോടൊപ്പമാണ് പിന്നീട് പ്രവര്‍ത്തിച്ചതും, സര്‍വകലാശാലാ ജീവനക്കാരനായതും. സര്‍വകലാശാലയുടെ തുടക്കം, പരീക്ഷാ നടത്തിപ്പ്, കോണ്‍വെക്കേഷനുകള്‍ എന്നിവയെപ്പറ്റി പറയുമ്പോള്‍ പെരേര വാചാലനാകും. കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാനെത്തുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ കോട്ടണിയിക്കാനുള്ള ചുമതല പെരേരയ്ക്ക് ആയിരുന്നു.
പഴയ പാളയം ഏറെ മാറിപ്പോയതായി പെരേര പറഞ്ഞു. മുമ്പുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഓഫീസ് പിന്നീട് എന്‍ജിനീയറിങ് കോളേജായി. ഇപ്പോള്‍ പി.എം.ജി. ഓഫീസാണ്. അന്നത്തെ തുറുപ്പ് മൈതാനം അഥവാ കാവല്‍റി പരേഡ് ഗ്രൗണ്ടാണ് ഇന്ന് നിയമസഭാ മന്ദിരവും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയവും ആയി മാറിയത്. കുതിരലായവും അവിടെയായിരുന്നു. പട്ടാള പരേഡ് ഗ്രൗണ്ട് യൂണിവേഴ്‌സിറ്റി സ്റ്റേഡിയമായി. ഇവിടെയാണ് ക്ഷേത്രപ്രവേശന വിളംബരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജി പ്രസംഗിച്ചത്. ഈ രണ്ട് സ്റ്റേഡിയവും ചേര്‍ത്ത് ആളുകള്‍ 'കോത്ത് മൈതാനം' എന്നാണ് വിളിച്ചിരുന്നത്. കവാത്ത് എന്ന വാക്കില്‍നിന്നായിരിക്കാം കോത്ത് ഉണ്ടായതെന്ന് പെരേര അഭിപ്രായപ്പെട്ടു.
ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കിരീടധാരണത്തോടനുബന്ധിച്ച് വന്‍ പ്രദര്‍ശനം നടന്നത് തുറുപ്പ് മൈതാനത്തായിരുന്നു. 'ചിത്രാനഗര്‍' എന്നാണ് അതിന് പേരിട്ടിരുന്നത്. ഇന്നത്തെ എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗം വരെ പ്രദര്‍ശനം ഉണ്ടായിരുന്നു.
വി.ജെ.ടി. ഹാളിന് സമീപത്ത് ഒരു തിയേറ്റര്‍ ഉണ്ടായിരുന്നതായും അവിടെ പോയി സിനിമ കണ്ടിരുന്നതായും പെരേര ഓര്‍ക്കുന്നു. ആ തിയേറ്റര്‍ മാര്‍ ഇവാനിയോസ് തിരുമേനി വിലയ്ക്ക് വാങ്ങിയാണ് പള്ളി നിര്‍മ്മിച്ചത്. ഇങ്ങനെ നഗരപ്പഴമയുടെ എത്രയെത്ര കഥകള്‍ പെരേരയുടെ നാവിന്‍തുമ്പില്‍ നിറഞ്ഞുനില്‍ക്കുന്നു.
