
ഇവര്‍ സ്നേഹത്തിന്റെ ചേട്ടന്‍വാവ, അനിയന്‍വാവ...
Posted on: 25 Oct 2008

ചേട്ടനും അനിയനുമായി ജീവിക്കാന്‍ രക്തബന്ധമൊരു ഘടകമല്ലെന്നാണ് പതിനെട്ടു വര്‍ഷമായി ഒരുമിച്ചു കഴിയുന്ന തലശ്ശേരിയിലെ ആംബുലന്‍സ് ഡ്രൈവര്‍ പ്രശാന്തും ക്ലീനര്‍ പ്രശാന്തും ലോകത്തോട് വിളിച്ചുപറയുന്നത്. ഇരുവരും ഒരമ്മയുടെയും ഒരച്ഛന്റെയും മക്കളല്ല. പേരിനുപോലുമൊരു രക്തബന്ധമില്ല. എന്നിട്ടും ഇവര്‍ ചേട്ടനും അനിയനുമായി ഒരേ വീട്ടിലാണ് താമസം. ഒരേവണ്ടിയില്‍ ഒരുമിച്ച് ജോലിയും ചെയ്യുന്നു.
'ചേട്ടന്‍' പ്രശാന്തിന് ഇപ്പോള്‍ വയസ്സ് 37. പതിനെട്ടുവര്‍ഷം മുമ്പ് തലശ്ശേരിയിലെ തെരുവില്‍നിന്നാണ് അനാഥനായ മറ്റൊരു പ്രശാന്തിനെ ഈ ഏട്ടന്‍ കണ്ടെത്തുന്നത്. അവനന്ന് പത്തുവയസ്സ്. ദേഹമാസകലം വ്രണമൊലിക്കുന്ന നിലയില്‍ തലശ്ശേരി പഴയസ്റ്റാന്‍ഡ് പരിസരത്തായിരുന്നു ഈ അനാഥനെ കണ്ടെത്തിയത്. അവിടെത്തുടങ്ങുന്നൂ, അപൂര്‍വ്വമായൊരു സ്നേഹബന്ധത്തിന്റെ കഥ. ഒന്നുമാലോചിക്കാതെ അവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീടിന്നുവരെ ഊണിലും ഉറക്കത്തിലും ഇവര്‍ ഒരുമിച്ചാണ്. അനിയനിപ്പോള്‍ കല്യാണപ്രായമായി. അവനുപറ്റിയൊരു പെണ്ണിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉത്തരവാദിത്വബോധമുള്ള 'ചേട്ടന്‍'.
തെരുവില്‍ പാട്ടപെറുക്കിനടന്നവരായിരുന്നു അനിയന്‍ പ്രശാന്തിന്റെകുടുംബം. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അവര്‍ കുടിയേറി. വടകര കോട്ടക്കലില്‍ താമസിക്കുമ്പോള്‍ അമ്മ കാന്‍സര്‍ പിടിപെട്ട് മരിച്ചു. പിന്നീട് അനിയത്തി പ്രശാന്തിക്കും പ്രശാന്തിനും കൂട്ട് അച്ഛനായിരുന്നു. അയാള്‍ പിന്നീടൊരു വിവാഹം കഴിച്ചു. അതിനിടെ മകളെ ആര്‍ക്കോ 500 രൂപയ്ക് വില്‍ക്കുകയും ചെയ്തു. പിന്നീട് അച്ഛനും മരിച്ചതോടെ പ്രശാന്ത് അനാഥനായി. വര്‍ഷങ്ങള്‍ക്ക് ശേഷമൊരു ഉത്സവകാലത്ത് റോയല്‍ സര്‍ക്കസ് തലശ്ശേരിയില്‍ വിരുന്നെത്തി. സര്‍ക്കസ് കണ്ടുവന്ന ആരോ പ്രശാന്തിയെന്ന കലാകാരിയെപ്പറ്റി പറഞ്ഞു. അന്വേഷിച്ചെത്തിയപ്പോള്‍ ചെറുപ്രായത്തില്‍ കൈവിട്ടുപോയ സഹോദരി. പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ സഹോദരിക്കും കുടുംബത്തിനും പ്രശാന്ത് പട്ടുവത്തൊരു വീട് നിര്‍മ്മിച്ചുനല്‍കി. പക്ഷേ 'സ്വന്തം ചേട്ടനെ' വിട്ട് അവരുടെ കൂടെപ്പോവാനൊന്നും പ്രശാന്ത് തയ്യാറായില്ല. ജീവന്‍ തന്നയാളെ എങ്ങനെ വിട്ടുപോവാനാവുമെന്നാണ് അന്വേഷിച്ചവരോട് പ്രശാന്ത് ചോദിച്ചത്.
ചേട്ടന്‍ പ്രശാന്തിന്റെ വിവാഹത്തോടെ എരഞ്ഞോളിയിലെ ഇവരുടെ സ്നേഹത്തണലിലേക്ക് ഒരാള്‍കൂടിയെത്തി. അങ്ങനെ അനിയനിപ്പോള്‍ സ്നേഹിക്കാന്‍ ഷീനയെന്ന ചേച്ചിയെയും കിട്ടി. ചേച്ചിയും ചേട്ടനും കൂടി അനിയനുപറ്റിയ വധുവിനെ അന്വേഷിക്കുകയാണിപ്പോള്‍. 'മദ്യപാനമോ പുകവലിയോ ഇല്ലാത്ത ചെറുക്കന്‍' വിവാഹമാര്‍ക്കറ്റില്‍ ഹാജരാക്കാന്‍ തലശ്ശേരിയിലെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രശാന്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണിത്.
സി.എം.ബിജു
