NagaraPazhama

ചരിത്രത്തിലും പഴമയിലുമായി ഒരു പ്രേതകഥ

Posted on: 16 Nov 2011


ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഒരു പ്രേതകഥ തലമുറകള്‍ പിന്നിട്ട് ഇന്നും അനന്തപുരിയിലെ പഴമക്കാര്‍ ഭയത്തോടെ ഓര്‍ക്കുന്നു. ആ സംഭവത്തിലെ ആദ്യഭാഗം ചരിത്രവും അടുത്ത ഭാഗം പഴമക്കാരുടെ കേട്ടറിവുമാണ്. നഗരത്തെ മാസങ്ങളോളം വിറപ്പിച്ച ആ പ്രേതകഥയിലെ നായകന്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്ന രാജാകേശവദാസന്റെ അനുജന്‍ ജനറല്‍ കുമാരന്‍ തമ്പിയാണ്.

പ്രേതകഥയിലെ സംഭവ സ്ഥലം പടിഞ്ഞാറേക്കോട്ടയിലെ ഇപ്പോഴത്തെ ആറാട്ട് റോഡും. പടിഞ്ഞാറേക്കോട്ട മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലൂടെ രാത്രികാലങ്ങളില്‍ അംഗരക്ഷകരുടെ സഹായത്തോടെ പല്ലക്കിലെത്തിയതായി പറയപ്പെടുന്ന പ്രേതത്തിന്റെ കഥ നാട്ടിലാകെ പാട്ടായി. നഗരവാസികള്‍ പടിഞ്ഞാറേക്കോട്ട ഭാഗത്തേക്ക് പോകാതെയായി. ഇതിനിടയില്‍ രണ്ട് മൂന്ന് മരണ വാര്‍ത്തകള്‍ കൂടി വന്നപ്പോള്‍ ഭയം ഇരട്ടിയായി. സംഭീതരായ നഗരവാസികള്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥനയും വഴിപാടും നടത്തി.

രാജഭരണകൂടം ആകെ അങ്കലാപ്പിലായി. അവര്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക പൂജയും വഴിപാടും നടത്തി. ഈ പ്രേതകഥയിലെ ചരിത്രഭാഗം ഇതാണ്. ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലത്ത് 'ഉപജാപക സംഘ'ഭരണത്തിനെതിരെ വേലുത്തമ്പിദളവയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ വിപ്ലവവും അതേ തുടര്‍ന്നുണ്ടായ പുതിയ ഭരണകാലവുമാണ് പശ്ചാത്തലം. വേലുത്തമ്പി (അന്ന് ദിവാനായില്ല) ഉള്‍പ്പെടെയുള്ളവര്‍ ഭരണതലത്തിലെത്തി.

എന്നാല്‍ ഒരു ചെറിയ ഉപജാപക സംഘം അപ്പോഴും കൊട്ടാരത്തിലുണ്ടായിരുന്നു. രാജകീയ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ചിരുന്ന മുന്‍ ദിവാന്‍ രാജാകേശവദാസന്റെ അനുജന്‍ ജനറല്‍ കുമാരന്‍ തമ്പിയേയും അനന്തിരവനായ ഇരയിമ്മന്‍ തമ്പിയേയും രാജാവില്‍ നിന്നും തെറ്റിക്കാന്‍ ഉപജാപക സംഘം ശ്രമം തുടങ്ങി. ഇവര്‍ രണ്ടുപേരും രാജ്യദ്രോഹം ചെയ്യുന്നുവെന്നും വിദേശികളുമായി കത്തിടപാടുകള്‍ നടത്തുന്നുവെന്നും ഉപജാപക സംഘം രാജാവിനെ തെറ്റിദ്ധരിപ്പിച്ചു. ഇവരെ രണ്ടുപേരേയും ആദ്യം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയരാക്കി. വള്ളക്കടവിന് സമീപത്തുള്ള ഒറ്റപ്പനമൂട് എന്ന സ്ഥലത്ത് വെച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇത്രയും കാര്യം പി.ശങ്കുണ്ണിമേനോന്റെ 'തിരുവിതാംകൂര്‍ ചരിത്ര'ത്തില്‍നിന്നും മനസ്സിലാക്കാം. എന്നാല്‍ പിന്നീട് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ കഥ ഇതാണ്.

ഒറ്റപ്പനമൂട്ടില്‍ നടന്ന ദാരുണമായ കൊലപാതകത്തിനുശേഷം രാത്രി പന്ത്രണ്ട് മണി കഴിയുമ്പോള്‍ സ്വര്‍ണ പല്ലക്കില്‍ ആഡംബരങ്ങളോടെ ഒരു മനുഷ്യന്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കടപ്പുറത്തുനിന്നും വരുന്ന ഈ രൂപം പടിഞ്ഞാറേക്കോട്ടവാതില്‍ വരെ എത്തുക പതിവായി. ഈ രൂപം കണ്ട് പലരും ബോധംകെട്ടുവീണു. ചിലര്‍ ഭയംകൊണ്ട് മരിച്ചു. നിരപരാധിത്വം തെളിയിക്കുന്നതിന് അവസരം നല്‍കാതെ വധിച്ച ജനറല്‍ കുമാരന്‍തമ്പിയുടെ 'രക്തരക്ഷസ്' ആണ് ആ രൂപം എന്നും ശ്രീപദ്മനാഭന്റെ ശക്തികൊണ്ടാണ് കോട്ടയ്ക്കകത്ത് കയറാത്തതെന്നും വാര്‍ത്ത പരന്നു. ജനങ്ങളും രാജഭരണവും സംഭീതമായി. സന്ധ്യ കഴിഞ്ഞാല്‍ പടിഞ്ഞാറേക്കോട്ട ഭാഗത്ത് ആളുകള്‍ പോകാതെയായി. അവിടെ ഉള്ളവര്‍ രാത്രി പുറത്തിറങ്ങാതെ കഴിഞ്ഞു. രക്തരക്ഷസിന്റെ കഥ അനന്തപുരിയെ ആകെ വിറപ്പിച്ചു. രാജഭരണകൂടം അവസാനം കൂപക്കരമഠം പോറ്റിയുമായി പ്രതിവിധിയെപ്പറ്റി ആലോചിച്ചു.

ദിവസങ്ങളോളം നടന്ന പൂജാദികര്‍മങ്ങള്‍ക്കുശേഷം പ്രേതത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്ര ഏട് തയ്യാറാക്കി. ഇത് പല്ലക്കില്‍ പ്രത്യക്ഷപ്പെടുന്ന രൂപത്തിനുനേരെ എറിഞ്ഞശേഷം തിരിഞ്ഞുനോക്കാതെ ഓടി കോട്ടയ്ക്കുള്ളില്‍ കയറണമെന്നായിരുന്നു വൈദിക നിര്‍ദ്ദേശം. ഇത് പലരെയും ഏല്പിച്ചുവെങ്കിലും അവരെല്ലാം കോട്ടയ്ക്കകത്ത് കയറുന്നതിന് മുമ്പ് മരിച്ചുവീഴുകയായിരുന്നു പതിവ്. ഒടുവില്‍ ഒരാള്‍ ഓല എറിയാന്‍ തയ്യാറായി. അയാള്‍ ഈഞ്ചക്കല്‍ ജങ്ഷന് സമീപം കാത്തുനിന്നപ്പോള്‍ പല്ലക്കില്‍ വരുന്ന രൂപത്തെ കണ്ടു. അടുത്തു വന്നതോടെ ഏട് പല്ലക്കിലേക്ക് എറിഞ്ഞിട്ട് ഓടി. പക്ഷേ പടിഞ്ഞാറേക്കോട്ട വാതില്‍ കയറുംമുമ്പ് അയാള്‍ മരിച്ചുവീണു. ഈ സംഭവത്തോടെ രക്ഷരക്ഷസിന്റെ ഉപദ്രവം തീര്‍ന്നു. പിന്നീട് വൈദിക നിര്‍ദ്ദേശപ്രകാരം ഈഞ്ചക്കല്‍ ജങ്ഷനില്‍ ഒരു കല്ല് കുഴിച്ചിട്ടു.

പ്രേതങ്ങള്‍ അതിനപ്പുറം കടക്കാതിരിക്കാനുള്ള താന്ത്രിക വിധിപ്രകാരമുള്ള കല്ലായിരുന്നു അത്. പടിഞ്ഞാറേക്കോട്ടവാതില്‍ അടച്ചുപൂട്ടി മറ്റൊരു ഭാഗത്ത് കോട്ടവാതിലുണ്ടാക്കി. മിത്രാനന്ദപുരം സങ്കേതത്തില്‍ ബ്രഹ്മാവിന്റെ ക്ഷേത്രം പണിതു. ഇതെല്ലാം ചെയ്തപ്പോള്‍ പ്രേതബാധ നിശേഷം ഒഴിഞ്ഞുമാറി എന്നാണ് പറയുന്നത്. ഈ കഥ സാധൂകരിക്കാന്‍ പഴമക്കാര്‍ ചില തെളിവുകളും പറയുന്നുണ്ട്. ആദ്യത്തേത് ഈഞ്ചക്കലിലെ വലിയ കല്ല് കണ്ടവര്‍ ധാരാളം ഉണ്ടെന്നതായിരുന്നു. ഡ്രെയിനേജ് റോഡ് വെട്ടിയപ്പോഴാണ് അത് മാറ്റിയത്. പടിഞ്ഞാറേക്കോട്ടവാതില്‍ മുമ്പ് ഉണ്ടായിരുന്നത് അല്പം തെക്ക് മാറിയായിരുന്നുവെന്നതിന് തെളിവ് ഉണ്ട്. കോട്ടയുടെ ആ ഭാഗം കെട്ടി അടച്ചത് ഇപ്പോഴും കാണാം. ഇതൊക്കെ ആണെങ്കിലും ചരിത്രരേഖകളിലൊന്നും ഈ പ്രേതകഥയെപ്പറ്റി പറയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.






MathrubhumiMatrimonial