NagaraPazhama

77 വര്‍ഷംമുമ്പ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തീപിടിത്തം

Posted on: 16 Nov 2011


ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് ഈയിടെ തീപിടിത്തമുണ്ടായി. മറ്റൊരു സംഭവം പുത്തരിക്കണ്ടത്തെ കൊയ്ത്താണ്. രണ്ടിനും ഇന്നലെകളുടെ ചില മുഹൂര്‍ത്തങ്ങളുമായി സാമ്യമുണ്ട്.

ഒരുകാലത്ത് പുത്തരിക്കണ്ടം ഉള്‍പ്പെടെ അങ്ങോട്ട് ആറന്നൂര്‍ വരെ വയലായിരുന്നു. പുത്തരിക്കണ്ടത്തെ നെല്ലായിരുന്നു നിറപുത്തരിക്ക് ഉപയോഗിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ പുത്തരിക്കണ്ടത്ത് കൃഷി നടന്നിരുന്നു. പിന്നീട് ഇവിടം ചതുപ്പുനിലമായി. അവസാനം പ്രദര്‍ശനങ്ങള്‍ നടത്താന്‍ നഗരസഭ അത് മണ്ണിട്ടു നികത്തി. പിന്നീട് ആധുനികരീതിയിലുള്ള സ്റ്റേഡിയമായി മാറിയ പുത്തരിക്കണ്ടത്ത് ഒരുഭാഗം നെല്‍കൃഷിക്ക് നീക്കിവെച്ചു. അതിന്റെ ഭാഗമായി നടന്ന വിളവെടുപ്പും മേയര്‍ അഡ്വ. ചന്ദ്രികയും മറ്റ് കൗണ്‍സിലര്‍മാരും ജനപ്രതിനിധികളും കതിര്‍കറ്റകള്‍ ചുമന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ കൊണ്ടുവന്നതുംരാജകുടുംബത്തിലെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ അത് ഏറ്റുവാങ്ങിയതും ഗതകാലസ്മരണകളുണര്‍ത്തി.

ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കു സമീപത്തായിരുന്നു തീപിടിത്തം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍തന്നെ പലപ്രാവശ്യവും തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഈ തീപിടിത്തത്തില്‍ വിഗ്രഹം ഉള്‍പ്പെടെയെല്ലാം വെന്തുനശിച്ച സംഭവംവരെയുണ്ട്. എന്നാല്‍, കൊല്ലവര്‍ഷം 1110 തുലാം 13 (1934) അര്‍ധരാത്രി പന്ത്രണ്ടുമണിക്ക് നടന്ന വലിയ തീപിടിത്തം നഗരത്തിലെ എത്രയോ പേരുടെ മനസ്സില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. അന്നുരാത്രി നഗരത്തിലെ പള്ളികളില്‍ കൂട്ടമണിയടിച്ചാണ് ഈ അത്യാഹിതം നഗരത്തെ അറിയിച്ചത്. എത്രയോ ദൂരെനിന്നും ഇവിടത്തെ തീജ്വാലകള്‍ ദൃശ്യമായിരുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുള്ള വിളക്കുമാടത്തില്‍നിന്നാണ് തീകത്തിയത്. അതിവേഗം പടര്‍ന്നുപിടിച്ച തീ ഹനുമാന്‍ പ്രതിഷ്ഠവരെയുള്ള വടക്കുവശത്തെ നാലമ്പലം മുഴുവന്‍ കത്തിച്ചു. പട്ടാളവും പോലീസും മരാമത്തുകാരും സംഭവസ്ഥലത്തെത്തി. പരിഭ്രാന്തരായ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. ഇംഗ്ലീഷുകാരായ പട്ടാള മേധാവികളുടെ നേതൃത്വത്തിലായിരുന്നു സൈന്യമെത്തിയത്. തീ എത്രയുംവേഗം അണയ്ക്കാന്‍ മഹാരാജാവ് കല്പന പുറപ്പെടുവിച്ചു. അതോടെ പട്ടാള ഓഫീസര്‍മാര്‍തന്നെ അകത്തേയ്ക്ക് കടന്ന് തീകെടുത്താന്‍ തുടങ്ങി.

ഈസമയത്ത് ശ്രീചിത്തിരതിരുനാള്‍ മഹാരാജാവും അദ്ദേഹത്തിന്റെ മാതാവ് അമ്മ മഹാറാണി സേതുപാര്‍വതിഭായിയും എത്തി. രാജാവ് ആകെ പരിക്ഷീണിതനായി.

ആളിക്കത്തുന്ന തീ നോക്കി 'പദ്മനാഭ' എന്നു വിളിച്ചുകൊണ്ട് ഒരിടത്ത് അദ്ദേഹം നിന്നു. പട്ടാള മേധാവികളും പട്ടാളക്കാരും ക്ഷേത്രത്തിനുള്ളില്‍ കയറി തീയണയ്ക്കുന്ന നടപടി തുടര്‍ന്നു. ദിവാന്‍ എം. ഹബീബുള്ള പുറത്തുനിന്നും നടപടികള്‍ നിയന്ത്രിച്ചു. പന്ത്രണ്ടുമണിക്ക് തുടങ്ങിയ തീപിടിത്തം മണിക്കൂറോളം നീണ്ടു. തീപിടിക്കാത്ത ഭാഗത്തെ കൂരകള്‍ പട്ടാളം പൊളിച്ചുമാറ്റാന്‍ തുടങ്ങി. ഗര്‍ഭഗൃഹവും വിഗ്രഹങ്ങളും തീയില്‍നിന്നും രക്ഷിക്കാനായിരുന്നു ഈ നടപടി. ഇതിനിടയില്‍ തീ ഗര്‍ഭഗൃഹത്തിന്റെ ഒരുഭാഗത്തേക്ക് പടരുന്നതു കണ്ട ഇംഗ്ലീഷുകാരനായ പട്ടാളമേധാവി ജീവന്‍പോലും വകവെയ്ക്കാതെ അവിടേയ്ക്ക് ഓടിക്കയറി ആ ഭാഗം തള്ളിമാറ്റി. അദ്ദേഹത്തിന്റെ പുറകെവന്ന പട്ടാളക്കാര്‍ അവിടത്തെ തീ പൂര്‍ണമായി അണച്ചു. തീ ഒരിക്കലും ഗര്‍ഭഗൃഹത്തിലേക്ക് കടക്കുകയില്ലെന്ന് ഉറപ്പുവരുത്തിയശേഷം ചെമ്പകത്തുമൂട്ട് നടയില്‍നിന്നിരുന്ന മഹാരാജാവിനെ വിവരം അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി. ''എന്റെ പദ്മനാഭസ്വാമിക്ക് എന്തെങ്കിലും പറ്റിയോ?'' എന്നായിരുന്നു ഉല്‍ക്കണ്ഠയോടെ മഹാരാജാവിന്റെ ചോദ്യം. ഒരു കാരണവശാലും തീ അങ്ങോട്ട് പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മഹാരാജാവിനോട് പറഞ്ഞു. മറ്റുഭാഗങ്ങളില്‍ തീ അപ്പോഴും കത്തുന്നുണ്ടായിരുന്നു. നേരം വെളുക്കാറായപ്പോഴാണ് തീ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞത്. ചൂടേറ്റ് ഹനുമാന്‍ പ്രതിഷ്ഠയ്ക്ക് മുകളിലുള്ള കരിങ്കല്ലുകള്‍ പോലും പൊട്ടിച്ചിതറി. എന്നാല്‍, ഹനുമാന്‍ സ്വാമിയുടെ വിഗ്രഹത്തിന് ഒന്നും സംഭവിച്ചില്ല.

തീപിടിത്തത്തിന്റെ അടുത്തമാസംതന്നെ നവീകരണ നടപടികള്‍ തുടങ്ങി. തരണനല്ലൂര്‍ തന്ത്രിമാരുടെ ശാസ്ത്രവിധി പ്രകാരമായിരുന്നു നടപടികള്‍ തുടങ്ങിയത്. ഓലമേഞ്ഞ ഭാഗങ്ങളെല്ലാം പൊളിച്ചുമാറ്റി തകിടിട്ടു. ഓലയില്‍നിന്നുമാണ് തീ കത്തിയതെന്ന് നേരത്തെ മാനസ്സിലാക്കിയിരുന്നു. ഇനി ഒരിക്കലും ക്ഷേത്രത്തില്‍ തീപിടിത്തം ഉണ്ടാകരുതെന്ന് മഹാരാജാവ് ആഗ്രഹിച്ചു. അതിനു കണക്കാക്കി ക്ഷേത്രത്തിലെ ഓലമേഞ്ഞ മറ്റുഭാഗങ്ങളും പൂര്‍ണമായി ഒഴിവാക്കി. ഈ നവീകരണ നടപടി സംബന്ധിച്ച ശിലാലിഖിതം നാലമ്പലത്തിന്റെ വടക്കേ കവാടത്തിന്റെ തൊട്ടുവെളിയില്‍ വലതുവശത്ത് ഇന്നും കാണാം.





MathrubhumiMatrimonial