goodnews head

അമ്മമാര്‍ പേടിക്കേണ്ട, ചാലപ്പുറത്ത് വേലായുധനുണ്ട്

Posted on: 24 Oct 2008


എഞ്ചുവര്‍ഷമായി കാക്കിയിടാതെ ട്രാഫിക് പോലീസിന്റെ ജോലി ചെയ്യുന്ന ഒരാളെ പരിചയപ്പെടാം. കലപില കൂട്ടുന്ന നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കൈപിടിച്ചും ചിലപ്പോള്‍ കണ്ണുരുട്ടിയും ബസ്സുകളില്‍ കയറ്റി വീടെത്താന്‍ സഹായിക്കുന്ന വേലായുധന്‍. നഗരത്തില്‍ ഏറ്റവുമധികം സ്‌കൂള്‍ വിദ്യാര്‍ഥികളെത്തുന്ന ചാലപ്പുറം പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പാണ് വേലായുധന്റെ തട്ടകം. എന്നും വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂള്‍ മണി മുഴങ്ങും മുമ്പേ വേലായുധന്‍ ബസ് സ്റ്റോപ്പില്‍ ഹാജരുണ്ടാകും. നാലരയ്ക്ക് സ്റ്റോപ്പിലെ അവസാനത്തെ സ്‌കൂള്‍ കുട്ടിയെയും ബസ് കയറ്റി അയച്ചേ ആള്‍ മടങ്ങൂ. മഴയായാലും വെയിലായാലും ഈ ജോലി മുടക്കാറില്ലെന്ന് വേലായുധന്‍ പറയും.

ചാലപ്പുറം ഗണപത് ഗേള്‍സ്, അച്യുതന്‍ ഗേള്‍സ്, സാമൂതിരി എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകളില്‍ നിന്നായി ദിവസവും നിരവധി കുട്ടികള്‍ ബസ് കയറാെനത്തുന്ന സ്ഥലമാണ് ചാലപ്പുറം പോസ്റ്റ്് ഓഫീസ് പരിസരം. ഇതിനടുത്തുള്ള ഹോട്ടലില്‍ ജോലി ചെയ്യുന്ന വേലായുധന്‍ അവിചാരിതമായാണ് ബസ് സ്റ്റോപ്പിലെ 'ഡ്യൂട്ടി' കൂടി ഏറ്റെടുക്കുന്നത്. 'തീരെ ഇടുങ്ങിയ റോഡാണിവിടെ. ഓരോ ബസ്സിനു പിന്നാലെയും കൊച്ചുകുട്ടികള്‍ ഓടുന്നത് കണ്ടാല്‍ േബജാറാകും. ബസ്സുകളാണെങ്കില്‍ കുട്ടികളെ കണ്ടാലുടന്‍ സ്​പീഡ് കൂട്ടും. ഏതുനിമിഷവും അപകടമുണ്ടാകുമെന്ന ആധി കൊണ്ടാണ് ബസ് സ്റ്റോപ്പില്‍ പോയി നില്‍ക്കാന്‍ തുടങ്ങിയത്.'- വേലായുധന്‍ പറയുന്നു.

ഇപ്പോള്‍ വൈകിട്ട് ഓരോ ബസ് വരുേമ്പാഴും വേലായുധന്‍ കുട്ടികളെ വരിവരിയായി നിര്‍ത്തി കയറാന്‍ സഹായിക്കും. ചെറിയ കുട്ടികളെ ബസ്സിലേക്ക് കൈപിടിച്ചു കയറ്റും. തിക്കുംതിരക്കും ഒഴിവായതോടെ ബസ്സുകാരും ഇപ്പോള്‍ മര്യാദക്കാരായി. എല്ലാവരും ബസ് വേലായുധന്റെ മുന്നില്‍ത്തന്നെ നിര്‍ത്തും.

കുറച്ചുേപര്‍ക്ക് അടുത്ത ബസ്സില്‍ പോകാമെന്ന് വേലായുധന്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ കുട്ടികളും തയ്യാര്‍. കഴിഞ്ഞ മാസം ബസ് സ്റ്റോപ്പിനു സമീപം വീണു കാല്‍മുട്ടു പൊട്ടിയ കൊച്ചുകുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കിയതും അവളുടെ രക്ഷിതാക്കളെ ഫോണ്‍ വിളിച്ചു വരുത്തിയതും വേലായുധന്‍ തന്നെ.

അത്യാവശ്യ കാര്യങ്ങള്‍ക്ക് ഹോട്ടലില്‍ നിന്ന് അവധിയെടുക്കുന്ന ദിവസങ്ങളില്‍ പോലും വൈകിട്ടത്തെ ബസ് സ്റ്റോപ്പ് ജോലി മുടക്കാന്‍ ഇദ്ദേഹം തയ്യാറല്ല. ആ സമയമാകുമ്പോേഴക്കും എങ്ങനെയെങ്കിലും ചാലപ്പുറത്തെത്തും. അഞ്ചുവര്‍ഷമായി തുടരുന്ന ഈ സേവനപ്രവര്‍ത്തനത്തിന് പ്രത്യുപകാരമായി സ്‌കൂളുകളില്‍ നിന്നൊരു തുക പ്രതിഫലമായി ചോദിക്കണമെന്ന് പലരും വേലായുധനെ ഉപദേശിക്കാറുണ്ട്. ഇക്കാര്യം പി.ടി.എ. മീറ്റിങ്ങില്‍ ഉന്നയിക്കാമെന്ന് ചിലര്‍ ഉറപ്പും നല്‍കി. എന്നാല്‍ അതിനൊന്നും വേലായുധന്‍ മെനക്കെട്ടില്ല. 'കാശ് മോഹിച്ചല്ല ഇതു ചെയ്യുന്നത്.

എനിക്കുമുണ്ട് മക്കള്‍. അവെരപ്പോലെത്തന്നെയാണ് ബസ് സ്റ്റോപ്പിലെ കുട്ടികളും. സ്വന്തം മക്കളെ സഹായിക്കുന്നതിന് ആരെങ്കിലും പണം വാങ്ങുമോ?'- പ്രാരാബ്ധങ്ങളേറെയുണ്ടെങ്കിലും അഭിമാനം വിടാതെ വേലായുധന്‍ േചാദിക്കുന്നു. വളയനാട് ദേവീക്ഷേത്രത്തിനടുത്ത് വട്ടോളിത്താഴം വയലിലാണ് ഭാര്യയും മക്കളുമൊത്ത് ഇദ്ദേഹം താമസിക്കുന്നത്.

പി.എസ്. രാകേഷ്

 

 




MathrubhumiMatrimonial