
ധാതുക്കളും വെള്ളവും തേടിയുള്ള യാത്ര
Posted on: 23 Oct 2008

ചന്ദ്രന്റെ രാസഘടന, ധാതുക്കള്‍ എന്നിവയുടെയും ഉപരിതലത്തിന്റെയും മാപ്പിങ് ആണ് ഇന്ത്യയുടെ ചന്ദ്രയാന്‍-1 ദൗത്യത്തില്‍ നടത്തുന്നത്. 11 ഉപകരണങ്ങളുമായി ചന്ദ്രന്റെ പൂര്‍ണവിവരങ്ങള്‍ തേടിയുള്ള യാത്ര ആദ്യമാണ്.
ചന്ദ്രനില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന പേടകം ചന്ദ്രോപരിതലത്തിന് 5-10 മീറ്റര്‍ ഉയരത്തില്‍നിന്ന് കിട്ടുന്നത്ര വ്യക്തതയുള്ള ത്രിമാന അറ്റ്‌ലസാണ് രൂപപ്പെടുത്തുക. മൂണ്‍ മിനറല്‍ മാപ്പര്‍, ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജര്‍, എക്‌സ്‌റേ ഫ്‌ളൂറസന്‍സ് സ്‌പെക്‌ട്രോമീറ്റര്‍ എന്നീ ഉപകരണങ്ങള്‍ (പേലോഡുകള്‍) ഉപയോഗിച്ചാണ് ധാതുക്കളുടെയും അവയുടെ രാസഘടനയുടെയും മാപ്പിങ് നടത്തുക. മഗ്‌നീഷ്യം, അലൂമിനിയം, സിലിക്കണ്‍, കാല്‍സ്യം, ഇരുമ്പ്, ടൈറ്റാനിയം എന്നീ മൂലകങ്ങളുടെ നിരീക്ഷണമാണ് പ്രധാനമായും നടക്കുക. റഡോണ്‍, യുറേനിയം, തോറിയം എന്നീ റേഡിയോ ആക്ടീവ് മൂലകങ്ങളെക്കുറിച്ചും നിരീക്ഷണം നടക്കും. ഒലീവീന്‍, പൈറോക്‌സിന്‍, ഫെല്‍സ്പാര്‍ എന്നീ ധാതുക്കളുടെ നിരീക്ഷണത്തിന് ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജര്‍ ഉപയോഗിക്കും.
യുറേനിയത്തില്‍ നിന്നുള്ള റഡോണ്‍ വാതകം ചന്ദ്രനിലെ വിള്ളലുകളും ഭ്രംശമേഖലകളും വഴി പുറത്തുവരും. ഹീലിയം, ആര്‍ഗണ്‍, കാര്‍ബണ്‍ഡയോകൈ്‌സഡ് എന്നീ വാതകങ്ങളും ഇതോടൊപ്പം പുറത്തേക്ക് വമിക്കും. ആണവ റിയാക്ടറുകളില്‍ ഉപയോഗിക്കുന്ന ഹീലിയത്തിന്റെ നിരീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ചന്ദ്രനില്‍ മാഗ്മ തണുത്തുറഞ്ഞതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ആന്തരികഘടനയറിയാന്‍ ഇതുവേണം. ഇതിന് ചന്ദ്രന്റെ രാസഘടനയുടെ വിവരങ്ങള്‍ അത്യാവശ്യമാണ്.ഡ്യൂണൈറ്റ്, ട്രോക്ടോലൈറ്റ്, ഗാബ്രോ, അനോര്‍ത്തോസൈറ്റ്, ബ്രക്ഷ്യ, ഗ്രാനൈറ്റ് (ഡയറെറ്റ്, മോണ്‍സോഡയറൈറ്റ്, ഗ്രാനോഫയര്‍) ബസാള്‍ട്ട് എന്നിവയാണ് ചന്ദ്രനിലെ പ്രധാന പാറകള്‍. റിഗോളിത് എന്ന മണ്ണാണ് ഉപരിതലത്തില്‍. ഇത്തരം പാറകള്‍ ഭൂമിയിലുണ്ടെങ്കിലും ഇവയിലെ ധാതുക്കളുടെ അളവില്‍ വ്യത്യാസമുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുള്ള 2500 കിലോമീറ്റര്‍ വ്യാസത്തിലുള്ള അഗാധ ഗര്‍ത്തമായ (ക്രേറ്റര്‍) എയ്റ്റ്ക്കന്‍ പ്രദേശത്തിന് 12 കിലോമീറ്റര്‍ ആഴമുണ്ട്. ഇതിലുള്ള ഒലിവീന്‍ ഹില്‍ പ്രദേശത്തിന്റെ നിരീക്ഷണത്തിലൂടെ ആന്തരികഘടന മനസ്സിലാക്കാന്‍ കഴിയും. മാത്രമല്ല ഭാഭ, ബോസ് തുടങ്ങിയ ഗര്‍ത്തങ്ങളുടെ നിരീക്ഷണവും ആന്തരികഘടന വ്യക്തമാക്കും.
ലൂണാര്‍ പ്രോസ്‌പെക്ടര്‍ ഉപഗ്രഹ പഠനമനുസരിച്ച് ഉത്തരധ്രുവത്തില്‍ 100 കോടി ടണ്ണും ദക്ഷിധ്രുവത്തിനടുത്ത് 200 കോടി ടണ്ണും വെള്ളമുണ്ടെന്നാണ് അനുമാനം. ക്ലമന്റയിന്‍ ഉപഗ്രഹ നിരീക്ഷണത്തിലും ചന്ദ്രനില്‍ ജലാംശം കണ്ടെത്തിയിട്ടുണ്ട്. ധ്രുവപ്രദേശങ്ങളില്‍ സൂര്യപ്രകാശം എത്താത്തതിനാല്‍ ഈ പ്രദേശങ്ങളില്‍ വെള്ളം തണുത്തുറഞ്ഞ് ഹിമത്തിന്റെ രൂപത്തിലാവും ഉണ്ടാവുക. ഈ പ്രദേശങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിനായി ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജര്‍, നിയര്‍ ഇന്‍ഫ്രാറഡ് സ്‌പെക്‌ട്രോമീറ്റര്‍, മൂണ്‍മിനറല്‍ മാപ്പര്‍ എന്നിവ ഉപയോഗിക്കും.
സൂര്യപ്രകാശമേല്‍ക്കാത്ത ഭാഗത്തെ ഉപരിതല ഘടന പരിശോധിക്കാനായി ലൂണാര്‍ ലേസര്‍ റേഞ്ചിങ്ങ് ഇന്‍സ്ട്രുമെന്റ് എന്ന പ്രത്യേക ഉപകരണവും ഉപഗ്രഹത്തിലുണ്ട്.
ടെറൈന്‍ മാപ്പിങ്ങ് ക്യാമറ ത്രിമാന അറ്റ്‌ലസാണ് രൂപപ്പെടുത്തുക. ചന്ദ്രനിലെ കുന്നുകളും ഗര്‍ത്തങ്ങളും ലാവ ഉറഞ്ഞതും വളരെ അടുത്തുനിന്ന് കാണുന്ന രീതിയിലുള്ളതായിരിക്കും ഈ അറ്റ്‌ലസ്. പാറകള്‍, ധാതുക്കള്‍ എന്നിവയുടെ വിശദാശംകൂടി അറ്റ്‌ലസില്‍ ഉള്‍പ്പെടുത്തും. ചന്ദ്രന്റെ ഉല്പത്തിയെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വിവരങ്ങളായിരിക്കും അറ്റ്‌ലസ് നല്‍കുക.
ശശിധരന്‍ മങ്കത്തില്‍
Tags: chandrayan-1, ISRO, India, NASA, water on moon, space science
