goodnews head

കാല്‍ നൂറ്റാണ്ടിനുശേഷം ദീനയെത്തി; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്ന്‌

Posted on: 07 Oct 2011




കരുളായി: തിരിച്ചറിവാകാത്ത പ്രായത്തില്‍ അകന്നുപോയ ഇളയമകള്‍ കാല്‍ നൂറ്റാണ്ടിന് ശേഷം കണ്‍മുന്നിലെത്തിയപ്പോള്‍ വയനാട് മുണ്ടക്കുറ്റി മാങ്കുടിയില്‍ തോമസിന്റെ കണ്ണ് ഈറനണിഞ്ഞു. കുഞ്ഞനുജത്തിയുടെ വരവിനെ ദൈവനിയോഗമായി കണ്ട് സഹോദരന്‍ പാസ്റ്റര്‍ ഷിബു ഈശ്വരനെ വാഴ്ത്തി. സിനിമപോലെ ഒരു പുനഃസമാഗമത്തിനാണ് കരുളായി വില്ലേജ് റോഡിലുള്ള പാസ്റ്റര്‍ ഷിബുവിന്റെ വീട് വ്യാഴാഴ്ച വേദിയായത്.

ഒരു വയസ്സ് തികയും മുമ്പ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഷുറര്‍, ഉര്‍സ്‌ല ദമ്പതിമാര്‍ ദത്തെടുത്തതാണ് തോമസിന്റെ ഇളയമകള്‍ ദീനയെ. ആ ദീനയാണ് ഇപ്പോള്‍ പിതാവിനോടും സഹോദരങ്ങളോടുമൊപ്പം ഒരുമാസം ചെലവഴിക്കാനും പിറന്ന വീടും പിച്ചവെച്ച മണ്ണും ദേശവും കാണാനും 26ാം വയസ്സില്‍ വന്നിരിക്കുന്നത്.

1984ലാണ് പറക്കമുറ്റാത്ത മൂന്ന് മക്കളെയും തോമസിനെയും തനിച്ചാക്കി ഭാര്യ ത്രേസ്യ മരിച്ചത്. അന്ന് മൂത്തമകന്‍ ഷിബുവിന് ആറ് വയസ്സും രണ്ടാമത്തെ മകള്‍ ഷീജയ്ക്ക് മൂന്ന് വയസ്സും ഇളയവള്‍ ദീനയ്ക്ക് മൂന്നുമാസവും പ്രായം. ജീവിതം ദുരിത പൂര്‍ണമായപ്പോള്‍ തോമസ് മക്കളെ എറണാകുളം കലൂരുള്ള ബഥേല്‍ ഫൗണ്ടേഷന്‍ ഓര്‍ഫനേജില്‍ ഏല്‍പ്പിച്ചു. അമേരിക്കക്കാരി എഡിത്ത് വിഗ്രീറ്റ് ആണ് ഇത് നടത്തിയിരുന്ന്. അവിടെനിന്നാണ് ഷുറര്‍, ഉര്‍സ്‌ല ദമ്പതിമാര്‍ ദീനയെ ദത്തെടുത്ത് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കൊണ്ടുപോയത്. കുഞ്ഞനുജത്തിയെ കൊണ്ടു പോവും നേരം മൂന്ന് സഹോദരങ്ങളെയും ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്ത് ഇവര്‍ക്ക് നല്‍കി. പിന്നെയിതുവരെ ആ കുഞ്ഞനുജത്തിയുടെ സാന്നിധ്യം ഫോട്ടോയില്‍ മാത്രമായിരുന്നു.

ഇടക്കാലത്ത് ഷീജ ബഥേല്‍ ഫൗണ്ടേഷനില്‍ ടൈപ്പിസ്റ്റ് ആയിരുന്നു. ആയിടെ 2002ല്‍ സ്റ്റുഡന്റ് വിസയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചെന്നതാണ് കുഞ്ഞനുജത്തിയെ കണ്ടെത്താന്‍ നിമിത്തമായത്. ഒന്നരവര്‍ഷം വിദ്യാര്‍ഥിയായും ജോലിചെയ്തും അവിടെ താമസിച്ചിരുന്ന സ്ഥലത്തെ സായ്പിന്റെ സഹായത്തോടെയാണ് ബ്യൂറനില്‍ താമസമാക്കിയ അനുജത്തിയെ കണ്ടെത്തിയത്. അവളുടെ പേര് ജെമിന എന്നാക്കിയിരുന്നു. ആദ്യ കാഴ്ചയില്‍തന്നെ ഇരുവരും പരസ്?പരം മനസ്സിലാക്കി. ഷീജ പിതാവിനെയും സഹോദരനെയും ബന്ധുക്കളെയും കുറിച്ച് പറഞ്ഞു. അതുവരെ അച്ഛന്‍ മരിച്ചു എന്ന ധാരണയിലായിരുന്നു താനെന്ന് ജെമിന പറഞ്ഞു. അങ്ങനെയാണ് നാടുകാണണമെന്ന മോഹമുദിച്ചത്.

2008ല്‍ ഷീജ വീണ്ടും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയപ്പോഴും ജെമിനയെ കണ്ട് വീട്ടുവിശേഷങ്ങള്‍ പറഞ്ഞു. അതോടെ നാടുകാണാനുള്ള മോഹം കലശലായി. ഞായറാഴ്ച ജെമിന ചെന്നൈയില്‍ വിമാനമിറങ്ങി രണ്ടു ദിവസം ചേച്ചിക്കൊപ്പം കഴിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കരുളായിയിലെത്തി. മകളെ കാണാന്‍ തോമസ് വയനാട്ടില്‍നിന്ന് നേരത്തെതന്നെ എത്തിയിരുന്നു.

അച്ഛനെയും സഹോദരങ്ങളെയും നേരില്‍ കണ്ടപ്പോള്‍ സ്‌നേഹം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ അമ്പരപ്പായിരുന്നു ആദ്യം. ഇപ്പോള്‍ എല്ലാവരുമായി ഇണങ്ങിത്തുടങ്ങി. ജര്‍മന്‍ ഭാഷയാണ് ജെമിനയ്ക്ക് വശമുള്ളത്. ഷീജയ്ക്കും ഇതറിയാം. ഷീജയാണ് ഇവിടെ വിവര്‍ത്തക. തിരിച്ചുപോയിക്കഴിഞ്ഞും ഇടയ്ക്കിടെ നാട്ടില്‍ വരണമെന്നാണ് ആഗ്രഹമെന്നും ജെമിന പറഞ്ഞു.

 

 




MathrubhumiMatrimonial