ധന്യതയില്‍ മുരിക്കല്‍ കുടുംബം

Posted on: 11 Oct 2008


കടുത്തുരുത്തി: അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുമ്പോള്‍ ധന്യതയുടെ നിറവിലാണ് മുട്ടുചിറയിലെ മുരിക്കല്‍ കുടുംബം.
കുടമാളൂര്‍ മുട്ടത്തുപാടത്ത് ജനിച്ച അന്നക്കുട്ടിക്ക് ചെറുപ്പത്തില്‍ അമ്മയെ നഷ്ടപ്പെട്ടതോടെ പിന്നീടുള്ള ജീവിതം മുട്ടുചിറയിലെ മുരിക്കല്‍ ഭവനത്തിലായിരുന്നു. മാതൃസഹോദരി അന്നമ്മ, മുട്ടുചിറയിലേക്ക് അന്നക്കുട്ടിയെ കൂട്ടിക്കൊണ്ടുപോന്നു. തുടര്‍ന്ന് മുട്ടുചിറ ഗവണ്മെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അല്‍ഫോന്‍സാമ്മ സ്ഥൈര്യലേപനം സ്വീകരിച്ചത് മുട്ടുചിറ പള്ളിയിലാണ്.
സംഭവബഹുലമായ ഒരു കാലഘട്ടത്തിലൂടെയാണ് അല്‍ഫോന്‍സാമ്മ തന്റെ വളര്‍ത്തുഭവനമായ മുരിക്കല്‍ വീട്ടില്‍ കഴിഞ്ഞതെന്ന് അല്‍ഫോന്‍സാമ്മയുടെ വളര്‍ത്തമ്മയുടെ പൗത്രന്‍ എം.എല്‍. മാത്യു ഓര്‍ക്കുന്നു.
താന്‍ ആഗ്രഹിക്കാത്ത വിവാഹാലോചനയുമായി മുന്നോട്ടുനീങ്ങിയ വളര്‍ത്തമ്മയെയും കുടുംബാംഗങ്ങളെയും പിന്തിരിപ്പിക്കുന്നതിന് അന്നക്കുട്ടി കണ്ടുപിടിച്ച മാര്‍ഗം എരിഞ്ഞുപുകയുന്ന ചാരക്കുഴിയില്‍ ചാടി പൊള്ളലേല്പിക്കുക എന്നതായിരുന്നു.
അല്‍ഫോന്‍സാമ്മയുടെ സ്വഭാവ രൂപവത്കരണത്തിനും ആധ്യാത്മിക ഉന്നതിക്കും മുരിക്കല്‍ ഭവനത്തിലെ കുടുംബാന്തരീക്ഷം ഏറെ സഹായകരമായിരുന്നു. അന്നക്കുട്ടിയുടെ മാതൃസഹോദരിഭര്‍ത്താവും വളര്‍ത്തുപിതാവുമായ മുരിക്കല്‍ മത്തായി പൈലിയുടെ സഹോദരന്‍ ഫാ. ജേക്കബ്ബ് മുരിക്കല്‍ അന്ന് ഭരണങ്ങാനം പള്ളിവികാരിയായിരുന്നു. അക്കാലത്ത് ഒരു ദിവസം അന്നക്കുട്ടി വളര്‍ത്തുസഹോദരന്‍ മുരിക്കല്‍ ലൂക്കാച്ചനോടൊപ്പം ഫാ. ജേക്കബ്ബിനെ കാണാന്‍പോയി. അവിടെ ക്ലാരിസ്റ്റ് മഠത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ ഉര്‍സുലയുണ്ടായിരുന്നു. അന്നക്കുട്ടിയെ കണ്ടമാത്രയില്‍ അവളിലെ ദൈവവിളി തിരിച്ചറിയുകയും താനുള്‍പ്പെടുന്ന സമൂഹത്തിലേക്ക് അന്നക്കുട്ടിയെ സ്നേഹപൂര്‍വം ക്ഷണിക്കുകയുമായിരുന്നു. അന്ന് അച്ചന്റെയും ലൂക്കോച്ചന്റെയും സാന്നിധ്യത്തില്‍ സിസ്റ്റര്‍ക്ക് വാക്കുകൊടുത്തിട്ടാണ് അന്നക്കുട്ടി മുട്ടുചിറയിലേക്ക് മടങ്ങിയതെന്ന് ലൂക്കോച്ചന്റെ മകന്‍ എം.എല്‍. മാത്യു പറഞ്ഞു.
മാത്യുവിനെ അല്‍ഫോന്‍സാമ്മ എടുത്ത് ലാളിച്ചിട്ടുണ്ട്. കന്യാസ്ത്രീ ആയതിനുശേഷം മുരിക്കല്‍ തറവാട്ടില്‍ എത്തുമ്പോള്‍ അമ്മ ഏലിക്കുട്ടിയുടെ കൈതുമ്പില്‍ തൂങ്ങിയിരുന്ന മാത്യുവിനെ എടുത്ത് വാത്സല്യത്തോടെ ഓമനിക്കുമായിരുന്നു.
അല്‍ഫോന്‍സാമ്മ വിദ്യാഭ്യാസം നേടിയ മുട്ടുചിറ ഗവ. സ്‌കൂളിന്റെ പുനരുദ്ധാരണകമ്മിറ്റിയുടെ കണ്‍വീനറാകുവാന്‍ ഭാഗ്യംലഭിച്ചതും സാന്ദര്‍ഭികമെന്ന് മാത്യു പറയുന്നു.



MathrubhumiMatrimonial