അനശ്വരനാമം അന്നക്കുട്ടിക്കുനല്‍കിയത് ഫാ. കൊട്ടാരത്തുംകുഴി

Posted on: 10 Oct 2008


പാലാ:വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതോടെ 'അല്‍ഫോന്‍സ' എന്ന നാമം അനശ്വരമാവുകയാണ്. ആയിരങ്ങളുടെ ഹൃദയത്തില്‍ അഭയസ്ഥാനമായി ഇടംനേടിയ അല്‍ഫോന്‍സാമ്മയ്ക്ക് ആ പേര് നല്‍കിയത് വൈദികനും പ്രഗത്ഭ വാഗ്മിയുമായിരുന്ന ഫാ. കുരുവിള കൊട്ടാരത്തുംകുഴിയാണ്. 1928ലായിരുന്നു ഇത്. അതുവരെ അല്‍ഫോന്‍സാമ്മയുടെ പേര് അന്നക്കുട്ടിയെന്നായിരുന്നു. അല്‍ഫോന്‍സാമ്മ ക്ലാരമഠത്തില്‍ ചേരുമ്പോള്‍ ഭരണങ്ങാനം പള്ളിയിലെ അസിസ്റ്റന്റ് വികാരിയായിരുന്നു ഫാ. കൊട്ടാരത്തുംകുഴി. സെന്റ് അല്‍ഫോന്‍സ് ലിഗോറിയുടെ നാമത്തെ അനുസ്മരിച്ചായിരുന്നു ഈ തീരുമാനം.

പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായിരുന്ന ഫാ. കൊട്ടാരത്തുംകുഴി തിരുവല്ല രൂപത മൈനര്‍ സെമിനാരി പ്രൊഫസര്‍, വൈദിക വിദ്യാര്‍ഥികളുടെ ആധ്യാത്മിക ഉപദേഷ്ടാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തീക്കോയി പള്ളി വികാരി ആയിരിക്കെ 1958 ഫിബ്രവരി 16ന് അന്തരിച്ചു. ഭരണങ്ങാനം അല്‍ഫോന്‍സാപള്ളിയുടെ മദ്ബഹായില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന് തൊട്ടടുത്താണ് ഫാ. കൊട്ടാരത്തുംകുഴിയുടെയും കബറിടം.






MathrubhumiMatrimonial