
ദൈവത്തിനുള്ള പൂവ്
Posted on: 10 Oct 2008

രോഗത്തിന്റെയും വേദനകളുടെയും നീണ്ട വര്‍ഷങ്ങളാണ് അല്‍ഫോന്‍സാമ്മ ജീവിച്ചുതീര്‍ത്തത്. എങ്കിലും ഒരിക്കല്‍പോലും അവര്‍ പതറിയില്ല. വിശ്വാസം കൈവിട്ടില്ല. പ്രാര്‍ത്ഥിച്ചും ഉപവസിച്ചും ദൈവസന്നിധിയില്‍ അവര്‍ സ്വയം സമര്‍പ്പിച്ചു.
ലൗകിക സുഖങ്ങള്‍ ആ മനസ്സിനെ തൊട്ടില്ല. ഹൃദയത്തില്‍ ഈശോയോടുള്ള സ്നേഹം മാത്രമായിരുന്നു. വിശുദ്ധരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതങ്ങളെക്കുറിച്ച് വായിച്ചും കേട്ടുംവളര്‍ന്ന അന്നക്കുട്ടിക്ക് (അല്‍ഫോന്‍സാമ്മയുടെ പൂര്‍വ്വാശ്രമത്തിലെ പേര്)
കന്യാസ്ത്രീയാകണമെന്നായിരുന്നു കുഞ്ഞുനാള്‍ തൊട്ടുള്ള ആഗ്രഹം. പക്ഷേ,ബന്ധുക്കള്‍ അവരെ വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ ആഗ്രഹിച്ചു.അന്നക്കുട്ടിക്ക് അത് ആലോചിക്കാന്‍പോലും വയ്യായിരുന്നു. ഒടുവില്‍ നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ അന്നക്കുട്ടി മനസ്സുനൊന്ത് പറഞ്ഞു. 'ഈശോയ്‌ക്കെന്നെ സമര്‍പ്പിച്ചവളാണ് ഞാന്‍.എന്നെയിനി നിര്‍ബന്ധിക്കല്ലെ....'
ദൈവസന്നിധിയിലേക്ക് പറന്നുവീണ പൂവായിരുന്നു അല്‍ഫോന്‍സാമ്മ. ത്യാഗത്തിലൂടെയും സഹനത്തിലൂടെയും അവര്‍ ലോകത്തെ ആത്മാവിലറിഞ്ഞ് സ്നേഹിച്ചു. സന്ന്യാസജീവിതത്തിന്റെ അടിസ്ഥാനതത്വങ്ങളായ കന്യാവ്രതം,ദാരിദ്ര്യം,അനുസരണം എല്ലാം പരിപൂര്‍ണ്ണമായി പാലിച്ചു. ആരോടും കോപിച്ചില്ല. എല്ലാവരുടെയും ദുഃഖങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി, പുണ്യവതിയുടെ ജീവിതം ജീവിച്ചു.
രോഗപീഡകളെ ദൈവംതന്ന വരങ്ങളായാണ് അല്‍ഫോന്‍സാമ്മ കണ്ടത്. മരണത്തിന് ദിവസങ്ങള്‍ക്ക്മുമ്പ് ജ്യേഷ്ഠത്തിയായ പെണ്ണമ്മയ്ക്ക് അയച്ച കത്തില്‍ അല്‍ഫോന്‍സാമ്മയുടെ മനസ്സ് വ്യക്തമാണ്.' ഒരു പൂര്‍ണ്ണ കന്യാസ്ത്രീയാവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.അതുപോരെങ്കില്‍ കര്‍ത്താവിനോട്കൂടി പീഡകള്‍ സഹിക്കുന്നതിനുള്ള വരവും ദൈവം എനിക്ക് പ്രദാനം ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഇതില്‍പ്പരം എന്താണ് ആഗ്രഹിക്കത്തക്കതായുള്ളത്'
തന്നെപ്പറ്റി ഒന്നും കുറിച്ചുവയ്ക്കരുതെന്നും എഴുതിവെച്ചിട്ടുള്ളവയെല്ലാം കീറിക്കളയണമെന്നും അല്‍ഫോന്‍സാമ്മ അന്ത്യനാളുകളില്‍ മഠത്തിലുള്ളവരോട് ആവശ്യപ്പെട്ടു. 'എന്നെപ്പറ്റി ആരും അറിയേണ്ട,എന്നില്‍ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ എന്നെപ്പറ്റി മറ്റുള്ളവര്‍ അറിയണമെന്ന് ദൈവം വിചാരിക്കുന്നുവെങ്കില്‍ അത് സംഭവിച്ചുകൊള്ളും' -ഇതായിരുന്നു അല്‍ഫോന്‍സാമ്മയുടെ മനോഭാവം. ഒടുവില്‍ കുറിപ്പുകള്‍ എടുത്തുകൊണ്ടുവന്ന് അല്‍ഫോന്‍സാമ്മയുടെ കിടക്കയ്ക്കരികില്‍ വെച്ച് കീറിക്കളയേണ്ടിവന്നു, മഠത്തിലെ സഹഅന്തേവാസികള്‍ക്ക്.
അവര്‍ വിശ്വസിച്ചതുപോലെ സംഭവിച്ചു. അല്‍ഫോന്‍സാമ്മയെക്കുറിച്ച് ദൈവംതന്നെ ലോകത്തിന് പറഞ്ഞുകൊടുത്തു, അവര്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും.
സുദീപ് ടി. ജോര്‍ജ്
Tags: alphonsa
