navarathri 2010

സാരസ്വത വീണയുടെ രഹസ്യാര്‍ഥം

Posted on: 02 Oct 2008


ഡോ. എം.ആര്‍. രാജേഷ്

നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഒന്ന്, വിജയദശമി ദിനത്തിലാണ് ആദ്യക്ഷരം കുറിക്കുന്നത്. കൂടാതെ സംഗീതം, നാട്യം എന്നീ മേഖലകളില്‍ അരങ്ങേറ്റം കുറിക്കുന്നതിനും ഈ ദിനംതന്നെ തിരഞ്ഞെടുക്കാറുണ്ട്. നവരാത്രിയും സംഗീതവും തമ്മില്‍ അത്രയേറെ ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം. യഥാര്‍ഥത്തില്‍ ഇതിനെല്ലാം എന്താണ് കാരണമെന്ന് ആലോചിക്കേണ്ടതുണ്ട്. നമ്മുടെ സമസ്തവിദ്യകളും മോക്ഷത്തിലേക്കുള്ള മാര്‍ഗമായാണ് പ്രാചീന ഋഷിമാര്‍ കണക്കാക്കിയത്. സംഗീതം സാമവേദത്തില്‍നിന്നാണ് ഉയിര്‍ക്കൊണ്ടിട്ടുള്ളത്. വേദങ്ങളില്‍ ഞാന്‍ സാമവേദമാണെന്ന് കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട്. എന്താണ് സാമത്തിന് ഇത്ര പ്രാധാന്യം? സാമം ഉപാസനാപ്രാധാന്യമുള്ളതാണ്. സംഗീതം ഉപാസനയാണെന്നര്‍ഥം. സരസ്വതീദേവി സംഗീതത്തിന്റെയും ദേവതയാണ്.

നമ്മുടെ ശരീരത്തില്‍ ഏഴു നാഡീകേന്ദ്രങ്ങളുണ്ടെന്ന് പ്രാചീന ഗ്രന്ഥങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം എന്നിങ്ങനെയാണിവ. നട്ടെല്ലിന്റെ ഏറ്റവും അടിയിലാണ് മൂലാധാരം ഉള്ളത്. ഈ ഏഴു നാഡീകേന്ദ്രങ്ങളെ തന്ത്രത്തിലും ഹഠയോഗത്തിലും ചക്രങ്ങളെന്നാണ് വിളിക്കുക. മൂലാധാരത്തിന് കുണ്ഡലിനി എന്നൊരു പേരുണ്ടെങ്കിലും അതു വേദത്തിലോ പതഞ്ജലിയുടെ യോഗദര്‍ശനത്തിലോ കാണാന്‍ കഴിയില്ല. പല കവികളും മനുഷ്യന്റെ വാക്ക് മുരളീഗാനത്തോട് ഉപമിക്കാറുണ്ട്. വൈദികസാഹിത്യത്തില്‍ ഈശ്വരന്റെ വീണയായാണ് മനുഷ്യശരീരത്തെ കാണുന്നത്. ഭക്തന്റെ ശരീരം കേവലവീണയല്ല. അതു ദൈവികമായ വീണയാണ്. മനുഷ്യസ്വരം ദേവതകളുടെ സംഗീതമാണ്. ആരാണോ കൗശലത്തോടെ ഈ വീണ മീട്ടുന്നത് അവരുടെ മധുരനാദം വിശ്രുതിയായി ലോകം മുഴുവന്‍ പരക്കുന്നു. ഋഗ്വേദത്തിന്റെ ശംഖായന ആരണ്യകത്തിലുള്ള പ്രസ്താവന ഇങ്ങനെയാണ്:

''അഥേയം ദൈവീ വീണാഭവതി, തദനുകൃതിരസൗ
മാനുഷീ വീണാ ഭവതി.''

മനുഷ്യശരീരത്തിന്റെ തലയ്ക്ക് സമാനമാണ് വീണയുടെ ശിരോഭാഗം. അതിനൊരു പിന്‍വശമുണ്ട്. മനുഷ്യനു നട്ടെല്ലും. വീണയ്ക്ക് ഉദരമുണ്ട്, മനുഷ്യനുള്ളതുപോലെ. മുഖവും മൂക്കും കണ്ണും ഉള്ളതുപോലെ വീണയ്ക്ക് സുഷിരങ്ങളുണ്ട്. കമ്പികള്‍ക്കു സമാനമായി നട്ടെല്ലിനുള്ളിലുള്ള ഇഡ, സുഷുമ്‌ന, പിംഗള നാഡികളും ഏഴു നാഡീകേന്ദ്രങ്ങള്‍ യഥാക്രമം, സ, രി, ഗ, മ, പ, ധ, നി എന്നീ സപ്തസ്വരങ്ങളുമാണ്. ഇങ്ങനെ സാധകനായ ഉപാസകന്‍ സാമവേദത്തെ ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് വേദങ്ങളില്‍ ഞാന്‍ സാമവേദമാണെന്ന് സാക്ഷാല്‍ കൃഷ്ണന്‍ ഗീതയില്‍ പറഞ്ഞത്. ഇതാണ് നവരാത്രിയില്‍ ഉപാസിക്കുന്ന സരസ്വതിയുടെ വീണ, സാധനയുടെ ചിത്രമാകുന്നതിന്റെ രഹസ്യവും.







MathrubhumiMatrimonial