navarathri 2010

സമൃദ്ധിയുടെ നവരാത്രി

Posted on: 30 Sep 2008

ഡോ. എം.ആര്‍. രാജേഷ്‌



പ്രയോജനമില്ലാത്തതൊന്നും ഈ ലോകത്ത് നിലനില്‍ക്കില്ല. അവ കാലത്തിന്റെ കുത്തൊഴുക്കില്‍ പാടേ ഇല്ലാതാകും. എന്നാല്‍ അനാദികാലമായി നടന്നുവരുന്ന നവരാത്രി ഉത്സവം ഇന്നും നിലനില്‍ക്കുന്നു.

നവരാത്രി ഒരു ഉത്സവമായാണ് നാം കൊണ്ടാടുന്നത്. 'ഉത്സവം' എന്നാല്‍ ഉന്നതിയിലേക്കുള്ള പോക്കാണ്. ഔന്നത്യത്തില്‍ വിരാജിക്കുന്ന ഒരു സമൂഹത്തിന്റെ ചിഹ്നമാണ് ഉത്സവങ്ങള്‍. ഔന്നത്യം എന്നാല്‍ ആരോഗ്യം, ധനം, വിദ്യ, ബുദ്ധി എന്നീ കാര്യങ്ങളിലുള്ള ഔന്നത്യമെന്ന് അര്‍ഥം. ഈശ്വരന്‍ എന്നാല്‍ ഐശ്വര്യം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം; ഭഗവതി എന്നാല്‍ ധനത്തെ നല്‍കുന്നവള്‍ എന്നും. 'ഭഗ ധനനാം' എന്ന് യാസ്‌കന്റെ നിഘണ്ടുവില്‍ കാണാം. സര്‍വധനങ്ങളും ആര്‍ജിക്കുന്നതിനുള്ള കരുത്താണ് ശക്തി എന്നര്‍ഥം. ആ ശക്തി ഇല്ലാതിരിക്കുമ്പോള്‍ ദൗര്‍ബല്യം ഉണ്ടാകുന്നു. ദുര്‍ബലത മരണം തന്നെയാണ്. ദൗര്‍ബല്യത്തെ മറികടക്കാനും ആത്മവിശ്വാസത്തെ സമാര്‍ജിക്കാനുമാണ് സാധന അഥവാ തപസ്സ് എന്ന കാഴ്ചപ്പാട് വേദഋഷിമാര്‍ മുന്നോട്ടുവെച്ചത്. അത്തരം തപസ്സിനുള്ള വേദിയാണ് ഉത്സവങ്ങള്‍. അങ്ങനെയൊരു ഉത്സവമാണ് നവരാത്രിയും. ശരത്കാല ആരംഭത്തിലെ ആദ്യ ഒന്‍പതുദിവസമാണ് നവരാത്രികാലം. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞ് പ്രഥമ മുതല്‍ നവമിവരെയുള്ള ഒന്‍പതു ദിവസങ്ങള്‍. എന്തിനാണ് ഈ ആഘോഷം?

മനുഷ്യനാവുക എന്നതാണ് ഋഗ്വേദം മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ സന്ദേശം. എന്നാല്‍, ദൗര്‍ബല്യങ്ങളില്‍ വീണ് ചപലമായി നാം ഇല്ലാതായിത്തീരരുത്. ദിവ്യഗുണങ്ങളുള്ള മനുഷ്യനാകണമെന്ന് രണ്ടാമത്തെ ഉപദേശം ഋഗ്വേദം തരുന്നു. ഇവിടെ സാധനകൊണ്ട് നാം മൂന്നുകാര്യം തിരിച്ചറിയണം. ഒന്ന്, മനുഷ്യനല്ലെങ്കില്‍ അതായിത്തീരേണ്ടതുണ്ട്. രണ്ട്, കേവലം മനുഷ്യനായാല്‍പ്പോര. മൂന്ന്, ദിവ്യഗുണങ്ങളുള്ള മനുഷ്യനാകണം. അതിനായി സാധനയും തപസ്സും അനുഷ്ഠിക്കണം. ചിലരിലെങ്കിലും പശുത്വം അഥവാ മൃഗീയത ഉറങ്ങിക്കിടക്കുന്നുണ്ട്. അതുകൊണ്ടാണ് അയാളൊരു മൂര്‍ഖന്‍ പാമ്പാണെന്നും വെട്ടുപോത്താണെന്നുമൊക്കെ നാം ചിലരെക്കുറിച്ച് പറയുന്നത്. അവര്‍ ആദ്യം മനുഷ്യനാകണം. തുടര്‍ന്ന് ദിവ്യഗുണശാലിയായ മനുഷ്യനും. എന്താണ് ദിവ്യഗുണം? ശക്തിമാനാകുക എന്നതാണ് ദിവ്യത്വം. എന്താണ് ശക്തി? ആത്മവിശ്വാസം, ബുദ്ധി, ഇച്ഛ, ഭാഗ്യം, ആരോഗ്യം, സുമനസ്സ് എന്നിങ്ങനെയുള്ളതെല്ലാം കൈവരിക്കുക. താന്‍ അശക്തനാണെന്ന വിചാരമേ വെടിയുക. ഈ ശക്തിവിചാരമാണ് പ്രാചീന ശാക്തേയ സമ്പ്രദായം. ആ സമ്പ്രദായത്തിന്റെ സാധനാക്രമങ്ങളില്‍ ഒന്ന് നവരാത്രി ഉത്സവമാണ്. ഈ നവരാത്രി ഉത്സവങ്ങളില്‍ ആരാധിക്കപ്പെടുന്ന ദേവതകളുടെ ആദിമരൂപം നമുക്ക് വേദങ്ങളില്‍ കാണുകയും ചെയ്യാം. ഈശ്വരന്റെ മറ്റൊരു പേരാണ് ശക്തി. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ കഴിയുന്നതുകൊണ്ട് ഈശ്വരന് ശക്തി എന്നു പേരിട്ടു. ആ ശക്തിയെ ഉപാസിക്കുന്നതിനുള്ള അസാധാരണ ഉപാസനാ പദ്ധതിയാണ് നവരാത്രങ്ങളില്‍ നടക്കുക.





MathrubhumiMatrimonial