പശ്ചാത്താപം

Posted on: 27 Sep 2008

ടി.കെ.എം. ബാവ മുസ്‌ലിയാര്‍



എല്ലാ മനുഷ്യരില്‍നിന്നും ദോഷമുണ്ടാകാം. ധാരാളമാളുകള്‍ ദോഷം ചെയ്യുന്നവരുമാണ്. ദോഷം വന്നുപോയാല്‍ അത് പൊറുപ്പിക്കുവാനുള്ള മാര്‍ഗ്ഗം കരുണാനിധിയായ അല്ലാഹു വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തൗബ (ചെയ്തുപോയ തെറ്റിനെക്കുറിച്ചു ഖേദിച്ചു മടങ്ങല്‍).
ദോഷം ചെയ്യരുത്. അഥവാ വല്ലതും വന്നുപോയാല്‍ ഉടനെ തൗബ ചെയ്യണം. അതു നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:
''സത്യവിശ്വാസികളേ! നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുക''. (66:8)
നിഷ്‌കളങ്കമായ തൗബ എന്നതിന്റെയുദ്ദേശ്യം കുറ്റത്തില്‍ നിന്നു മനഃപൂര്‍വ്വം ഖേദിച്ചു മടങ്ങുകയെന്നതാണ്.
ചെയ്ത കുറ്റത്തില്‍നിന്നു പിന്മാറുക, ചെയ്തതിനെക്കുറിച്ചു മനഃപൂര്‍വ്വം ഖേദിക്കുക, മേലില്‍ ചെയ്യുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക, അന്യരോട് ബന്ധമുള്ള കുറ്റമാണെങ്കില്‍ അവരോട് മാപ്പുപറയുകയും അവരുടെ കടപ്പാട് തീര്‍ക്കുകയും ചെയ്യുക-ഇതെല്ലാമാണ് തൗബയുടെ ഉപാധികള്‍. ഇങ്ങനെ തൗബ ചെയ്തവരുടെ കുറ്റങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും അത്തരക്കാര്‍ക്ക് വന്‍ പ്രതിഫലം നല്കുകയും ചെയ്യും.
നബി(സ)പറയുന്നു: 'നിങ്ങളെല്ലാവരും ദോഷം ചെയ്യുന്നവരാണ്. ദോഷം ചെയ്യുന്നവരില്‍ ഉത്തമന്മാര്‍ തൗബ ചെയ്യുന്നവരാകുന്നു'.(തുര്‍മുദി)
അല്ലാഹു പറയുന്നു:
'ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നില്ലെങ്കില്‍ അവര്‍ അക്രമികള്‍ തന്നെയാണ്'. (49:11)
പാപത്തിന്റെ പെരുപ്പം പരിഷ്‌കൃതസമൂഹത്തിന്റെ മുഖമുദ്രയായിത്തീര്‍ന്നിരിക്കുന്നു. ആരെയും ഭയക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കാന്‍ മനുഷ്യന്‍ ധൈര്യപ്പെടുകയാണ്. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന ധാരണയിലാണവര്‍ വഴിമാറുന്നത്. എന്നാല്‍ എങ്ങനെ ആസ്വദിക്കണമെന്നവര്‍ക്കറിയില്ല. ശാരീരികവും മാനസികവുമായി അവര്‍ അശുദ്ധിയിലകപ്പെടുന്നു. അത് മൂലം അവരുടെ പ്രാര്‍ത്ഥനകള്‍പോലും പാഴാവുന്നു. മനുഷ്യരുടെ മഹത്വം അതിലൂടെ താളംതെറ്റുകയാണ്.
വിശുദ്ധ റംസാനില്‍ തൗബയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. അല്ലാഹു ബഹുമാനിച്ച മാസമാണ്. സല്‍ക്കര്‍മ്മങ്ങള്‍ക്ക് പല ഇരട്ടി പ്രതിഫലം ലഭിക്കുന്ന മാസം. അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാന്‍ അനുയോജ്യമായ മാസം. എന്നാല്‍ കുറെ വാചകങ്ങള്‍കൊണ്ടു മാത്രമുള്ളതല്ല തൗബ. അത് ഹൃദയവും കൂടി ഇടപെടേണ്ട കാര്യമാണ്.



MathrubhumiMatrimonial