
തിരകള്‍ തോറ്റു; അരുണിനൊപ്പം ജീവന്റെ കാവല്‍ക്കാര്‍
Posted on: 05 Aug 2011

ആലപ്പുഴ: കടലില്‍ മുങ്ങിത്താണ അരുണ്‍കുമാറിന്റെ കൈകള്‍ തിരകള്‍ക്കുമുകളില്‍ പ്രത്യക്ഷപ്പെട്ടത് ഒറ്റനിമിഷത്തേക്കു മാത്രം. എന്നാല്‍, ആ ഒരുനിമിഷം മതിയായിരുന്നു ലൈഫ് ഗാര്‍ഡ് അനിലിന്. സ്വന്തംജീവന്‍ അവഗണിച്ച് മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ പരിശീലനം സിദ്ധിച്ച ഈ ലൈഫ്ഗാര്‍ഡ് തിരകള്‍ക്കിടയില്‍നിന്ന് അരുണ്‍കുമാറിനെ ചുറ്റിപ്പിടിച്ചു. തിരികെ കരയില്‍ എത്തിക്കുമ്പോള്‍ അരുണിന്റെ ബോധം പാതിനശിച്ച നിലയിലായിരുന്നു. മരണത്തിനും ജീവനുമിടയില്‍ അനില്‍ എത്തിയില്ലായിരുന്നെങ്കില്‍ ആലപ്പുഴബീച്ചില്‍ ഞായറാഴ്ച മറ്റൊരു ദുരന്തചിത്രം തെളിഞ്ഞേനെ.
ചങ്ങനാശ്ശേരിയില്‍നിന്ന് അവധി ആഘോഷിക്കാന്‍ ബീച്ചിലെത്തിയ നാല്‍വര്‍ സംഘത്തിലെ അംഗമായ ചീരഞ്ചിറ വാഴക്കുളം സ്വദേശി കണ്ണന്‍ എന്നു വിളിക്കുന്ന അരുണ്‍ കുമാറിനാണ് (23) ബീച്ചിലെ ലൈഫ് ഗാര്‍ഡുകളുടെ രക്ഷാപ്രവര്‍ത്തനത്തില്‍ ജീവന്‍ തിരികെ ലഭിച്ചത്.
കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിക്കുകയായിരുന്ന അരുണ്‍ പെട്ടെന്ന് തിരകളില്‍പ്പെട്ടപ്പോള്‍തന്നെ അനില്‍കുമാറിന്റെ ശ്രദ്ധയില്‍ പതിഞ്ഞു. എന്നാല്‍, തങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിച്ച് നില്‍ക്കുകയായിരുന്നു അരുണിന്റെ സുഹൃത്തുക്കള്‍.
അനില്‍ കടലിലേക്ക് എടുത്തുചാടുന്നത് കണ്ട് മറ്റൊരു ലൈഫ് ഗാര്‍ഡായ സാംസണും ഓടിയെത്തി. അരുണിനെ കരയിലെത്തിച്ചപ്പോഴേക്കും മൂന്നാമത്തെ ലൈഫ് ഗാര്‍ഡായ സന്തോഷും എത്തി. മൂവരുംചേര്‍ന്ന് അരുണിന് പ്രഥമശുശ്രൂഷ നല്‍കി. പോലീസ് പട്രോള്‍ ജീപ്പില്‍ അരുണിനെ ആസ്?പത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റൊരു ജീവന്‍കൂടി രക്ഷിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലായിരുന്നു മൂവരും.
തുമ്പോളി സ്വദേശി സാംസണ്‍, വണ്ടാനം സ്വദേശി സന്തോഷ്, ബീച്ച് സ്വദേശി അനില്‍, കാഞ്ഞിരംചിറ സ്വദേശി വില്‍സണ്‍, മങ്കൊമ്പ് സ്വദേശി വിനോദ്, തോട്ടപ്പള്ളി സ്വദേശി ഷിബു എന്നീ ആറു ലൈഫ് ഗാര്‍ഡുകളാണ് നിലവില്‍ ബീച്ചിലെ 'ജീവന്‍ കാവല്‍ക്കാര്‍.' കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നൂറോളം ജീവനെങ്കിലും ഇവരുടെ നിസ്വാര്‍ഥ സേവനം രക്ഷിച്ചിട്ടുണ്ട്.
