ക്ഷമയിലൂടെ വിജയം

Posted on: 22 Sep 2008

എ.പി. അബ്ദുല്‍ ഖാദിര്‍ മൗലവി



'സത്യവിശ്വാസികളെ നിങ്ങള്‍ ക്ഷമയും നമസ്‌കാരവും കൊണ്ട് (അല്ലാഹുവോട്) സഹായംതേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു അല്ലാഹു' (വിശുദ്ധ ഖുര്‍ആന്‍ (2:153)

ക്ഷമയെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ 40 ല്‍പരം സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ക്ഷമയേയും പ്രാര്‍ഥനയേയും ദൈവസഹായത്തിനുള്ള മാര്‍ഗമായാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണല്ലോ. അവയെ അതിജീവിക്കാന്‍ ക്ഷമയോടെയുള്ള പ്രാര്‍ഥനയാണാവശ്യം. അതുവഴി മനഃശാന്തി കൈവരും. ഭയം, വിശപ്പ്, ധനനഷ്ടം, ജീവനാശം, കൃഷിനാശം എന്നിവകൊണ്ട് അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന് പറഞ്ഞശേഷം ഖുര്‍ആന്‍ ഉപദേശിക്കുന്നത് ''അപ്പോള്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.'' (2:155) എന്നാണ്.

യഥാര്‍ഥ പ്രാര്‍ഥന ക്ഷമയുള്ളവരില്‍നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ. പ്രാര്‍ഥിക്കുന്നവന്‍ ആദ്യപ്രാര്‍ഥനയ്ക്കുതന്നെ ഉത്തരം കിട്ടുമെന്ന് ഉറപ്പിക്കരുത്. പക്ഷേ, ഉത്തരം കിട്ടുമെന്ന് അവന് പ്രതീക്ഷിക്കാവുന്നതാണ്. ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ നിരാശപ്പെടാതെ വീണ്ടും പ്രാര്‍ഥിക്കണം. അങ്ങനെയാണ് ക്ഷമയെയും പ്രാര്‍ഥനയെയും സമന്വയിപ്പിക്കേണ്ടതെന്ന് പ്രവാചകന്മാരുടെ ജീവിതം ഉദാഹരിച്ചുകൊണ്ട് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്.അവര്‍ ദൈവഭയത്തോടെയും പ്രത്യാശയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരായിരുന്നുവെന്നും അവരെല്ലാം ക്ഷമാശീലരായിരുന്നുവെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.

പ്രവാചകന്മാര്‍ ക്ഷമാശീലരായിരുന്നുവെന്ന് അല്ലാഹു പറയുന്നത് മനുഷ്യര്‍ ആ ശീലം ആര്‍ജ്ജിക്കുവാന്‍ വേണ്ടിയാണ്. ക്ഷമയില്ലായ്മയാണ് സര്‍വ്വമേഖലകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രത തകര്‍ക്കുന്നതില്‍ വലിയ പങ്കാണ് ക്ഷമയില്ലായ്മക്കുള്ളത്. ക്ഷമ മനുഷ്യന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. ശാസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട അവസരത്തില്‍ നിസ്സംഗരായിരിക്കല്‍ ക്ഷമയില്‍പ്പെട്ടതല്ല. ലോകത്തിന്റെ നിലനില്‍പ്പിന്ന് ശാസനയും ശിക്ഷയും അനിവാര്യമാണ്. അപ്പോള്‍ ക്ഷമയോടെ വിഷയം വിലയിരുത്തി ഉചിതമായി പരിഹരിക്കണം. ചുരുക്കത്തില്‍ ക്ഷമയും വിവേകവും കൂട്ടാളികളാണ്. റംസാന്‍ ക്ഷമയുടെ പരിശീലനമാസമാണ്.

നമസ്‌കാര സമയം: സുബ്ഹി - 5.01, ളുഹര്‍ - 12.27,
അസര്‍ - 3.40, മഗ്‌രിബ് -6.34, ഇശാഅ് - 7.41




MathrubhumiMatrimonial