പഴവങ്ങാടി ഗ്രാമത്തിന്റെ 'കോലം' മാറി

Posted on: 04 Sep 2008

ഡി.ശ്രീകാന്ത്



എരിമാവു കോലങ്ങള്‍കൊണ്ട് അനന്തപുരിക്ക് തിലകക്കുറി വരച്ചിടുന്ന ഒരു അഗ്രഹാരത്തെരുവുണ്ടായിരുന്നു. ചരിത്രവും സംസ്‌കാരവും തേരിലേറി നീങ്ങിയിരുന്ന പഴവങ്ങാടി ഗ്രാമം എന്ന ആ രാജവീഥി ഇന്ന് 'കോലം' മാറി. പഴവങ്ങാടി തെരുവിന്റെ ഗതകാല ചിഹ്നങ്ങള്‍പോലും കച്ചവടത്തിന്റെ തിക്കിലും തിരക്കിലും മാഞ്ഞുകഴിഞ്ഞു.

തമിഴ് ബ്രാഹ്മണ സംസ്‌കാരത്തിന്റെ തെരുവിലേക്ക് തുറക്കുന്ന വാതിലുകളുമായി നൂറ്റമ്പതിലേറെ അഗ്രഹാരങ്ങള്‍ നിറഞ്ഞുനിന്നിരുന്നിടത്ത് ഇന്ന് അവശേഷിക്കുന്നത് മൂന്ന് അഗ്രഹാരങ്ങള്‍ മാത്രം. ചുറ്റും കച്ചവടക്കൊട്ടാരങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഒന്നൊന്നായി ഒഴിയുകയായിരുന്നു ഇവ. കോട്ടയ്ക്കകത്തെ മറ്റു ബ്രാഹ്മണ തെരുവുകള്‍ ഏറെ കോട്ടംതട്ടാതെ നില്‍ക്കുമ്പോള്‍ പഴവങ്ങാടി തെരുവ് ഏതാനും വര്‍ഷങ്ങള്‍കൊണ്ടാണ് അപ്രത്യക്ഷമായത്.

കോലമിട്ട് പ്രഭാതങ്ങളെയും ദീപം തെളിയിച്ച് സന്ധ്യകളെയും വരവേറ്റിരുന്ന ഈ തെരുവിലൂടെയാണ് തിരുവിതാംകൂര്‍ പലപ്പോഴും ചരിത്രത്തിലേക്ക് നടന്നുകയറിയത്. കറുപ്പ്, വെളുപ്പ് കുതിരകെട്ടിയുള്ള മഹാരാജാവിന്റെ മുടങ്ങാത്ത യാത്രകളും ലക്ഷദീപം, മുറജപം ആഘോഷങ്ങളിലും തുടങ്ങി സര്‍വാണിയുടെ കാണിക്ക നല്‍കലിനുവരെ സാക്ഷിയായിരുന്നു ഇവിടം. തൃക്കാര്‍ത്തികയിലും ദീപാവലിയിലും പടക്കവും പൂത്തിരിയും മിന്നിനിറഞ്ഞിരുന്ന ഇവിടെയിന്ന് പൊടിപൊടിക്കുന്നത് പടക്കക്കച്ചവടമാകും. മലയാളികളുടെ ഏത് ആഘോഷവേളകളിലും തലസ്ഥാനവാസികളുടെ ഷോപ്പിങ്‌കേന്ദ്രമായിരിക്കുകയാണ് ഇവിടം.

20 വര്‍ഷം മുമ്പ് തെരുവില്‍ മുദ്രപ്പത്രം വിറ്റിരുന്ന കോമന്‍ സ്വാമിയുടെ ചെറിയ കട ഒരു കച്ചവടക്കാരന്‍ വാങ്ങിയതായിരുന്നു തുടക്കമെന്ന് 72 കാരനായ വീരമണി അയ്യര്‍ ഓര്‍ക്കുന്നു. പിന്നീടിങ്ങോട്ട് അഗ്രഹാരങ്ങളോരോന്നായി വിറ്റുപോയി. വെങ്കിട്ടറാവൂസ് ദി ബനാറസ് എന്ന ജൗളിക്കട, തെരുവിനവസാനം ഗോപാലന്റെ മുറുക്കാന്‍കട, കനകസഭാപതിയുടെ ജനറല്‍ സ്റ്റോഴ്‌സ് -വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്രയുമായിരുന്നു ഇവിടത്തെ പഴയ സ്ഥാപനങ്ങള്‍. പുതു കടകള്‍ നിരന്നപ്പോള്‍ ഇവയെല്ലാം പൂട്ടി. കനകസഭാപതി പിന്നീട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെ ലിഫ്ട് ഓപ്പറേറ്ററായി. പദ്മനാഭസ്വാമി, പഴവങ്ങാടി ഗണപതി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ ജീവിതം നീങ്ങിയിരുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പാചകക്കാരനായിരുന്ന വെങ്കിടേശ്വര അയ്യരുടെ മകള്‍ ലളിതാംബാള്‍ പഴയകാലം ഓര്‍ത്താല്‍ത്തന്നെ വാചാലയാകും. ഈ തെരുവില്‍ ജനിച്ചുവളര്‍ന്ന ഇവര്‍ക്കിന്ന് 75 വയസ്സ്. പഴവങ്ങാടി തെരുവിലെ റോഡില്‍ പന്തല്‍കെട്ടിയുള്ള തന്റെ കല്യാണനാള്‍ ഇവര്‍ ഗൃഹാതുരതയോടെ ഓര്‍ക്കുന്നു.

കോട്ടയ്ക്കകത്തെ മറ്റു ബ്രാഹ്മണത്തെരുവുകള്‍ക്കൊന്നും ഈ തെരുവിന്റെ അവസ്ഥയല്ല. പക്ഷേ പുത്തന്‍തെരുവ് മാത്രമാണ് അഗ്രഹാരങ്ങള്‍ പൂര്‍ണമായും കാക്കുന്നത്.

വന്‍ കച്ചവടസ്ഥാപനങ്ങള്‍ക്കും തെരുവുകച്ചവടങ്ങള്‍ക്കും ഇടയിലൂടെ തിക്കിത്തിരക്കി നടക്കുമ്പോഴും പഴയകാല പ്രതാപം ചെറുമക്കള്‍ക്ക് കഥകളായി പറഞ്ഞുകൊടുക്കുകയാണ് ഇവിടത്തെ ബ്രാഹ്മണവൃദ്ധര്‍ -''പണ്ടുപണ്ട് ഇവിടെയൊരു അഗ്രഹാരത്തെരുവുണ്ടായിരുന്നു....'' എന്നു തുടങ്ങുന്ന നിരവധി കഥകള്‍.



MathrubhumiMatrimonial