'തീര്‍ഥ'ത്തിന്റെ ദുരവസ്ഥ

Posted on: 04 Sep 2008


നാലു കരകളിലും പടര്‍ന്ന പുല്‍ക്കാടുകള്‍ക്കും തകര്‍ന്ന കല്‍മണ്ഡപങ്ങള്‍ക്കുമിടയില്‍ തളംകെട്ടിക്കിടക്കുകയാണ് പത്മതീര്‍ഥക്കുളം. പേരുകൊണ്ട് 'തീര്‍ഥ'മാണെങ്കിലും മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്ന, തലസ്ഥാന ചരിത്രത്തിന്റെ തന്നെ ഭാഗമായ ഈ കുളത്തെ ആരാണ് രക്ഷിക്കുക?

1989-ലാണ് പത്മതീര്‍ഥക്കുളം ഒടുവില്‍വൃത്തിയാക്കിയത്. രണ്ടുവര്‍ഷം മുമ്പ് വെള്ളം 'കലക്കി തെളിയിക്കല്‍' മാത്രം നടന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നിറഞ്ഞ് അനക്കമറ്റ് കിടക്കുകയാണ് ഇപ്പോള്‍ ഈ കുളം. നാലുവശത്തുമുള്ള പത്തോളം കല്‍മണ്ഡപങ്ങളും തകര്‍ന്നുകിടക്കുകയാണ്. പൊതുജനങ്ങള്‍ക്കും ഭക്തര്‍ക്കും കുളിക്കാനായി കുളം തുറന്നുകൊടുത്തെങ്കിലും കാല്‍ നനയ്ക്കാന്‍പോലും പലരും മടിക്കുന്ന അവസ്ഥയിലാണ് കുളം.

മുറജപത്തിനെത്തുന്ന തമിഴ് ബ്രാഹ്മണര്‍ക്കും ഭക്തര്‍ക്കും കുളിച്ചുതൊഴാനായി രാജഭരണകാലത്ത് നിര്‍മ്മിച്ചതായിരുന്നു പത്മതീര്‍ഥക്കുളം. കിള്ളിയാറ്റില്‍നിന്ന് വെള്ളമെത്തിച്ചാണ് കുളം നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ജലമെത്തിച്ചിരുന്ന ഓവുപൈപ്പുകള്‍ ഇന്ന് പലയിടത്തും അപ്രത്യക്ഷമായി. കുളത്തില്‍നിന്ന് മലിനജലം പുറത്തേയ്ക്ക് ഒഴുക്കിയിരുന്ന പൈപ്പ്‌ലൈനുകളും അടഞ്ഞു.

കിള്ളിപ്പാലം, തകരപ്പറമ്പ്, പവര്‍ഹൗസ് ഭാഗങ്ങളിലുള്ള പൈപ്പുകളാണ് പ്രധാനമായും അടഞ്ഞത്. ഇതിനിടെ കുളത്തിലേക്ക് ഡ്രെയിനേജ് വെള്ളമിറക്കിയുള്ള മലിനീകരണവും നടക്കുന്നു.

കുളം ശുദ്ധിയാക്കാനുദ്ദേശിച്ച് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ജല അതോറിട്ടി, ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പലതവണ യോഗം ചേര്‍ന്നെങ്കിലും 'ആലോചനകള്‍ ' മാത്രമാണ് നടന്നത്. മരുതന്‍കുഴിയില്‍നിന്ന് കൊച്ചാര്‍ റോഡ് വഴി പത്മതീര്‍ഥക്കുളത്തിലേക്കുള്ള ആറുകിലോമീറ്റര്‍ പൈപ്പ്‌ലൈനും കാണാതായവയില്‍ പെടുന്നു.

ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കുളിക്കാനുള്ളത് എന്നതിനപ്പുറം നഗരമധ്യത്തില്‍ ആശ്വാസകേന്ദ്രംകൂടിയായിരുന്നു പത്മതീര്‍ഥക്കുളം. അധികൃതരുടെ അലംഭാവത്തില്‍ ഈ കുളം നശിക്കുമ്പോള്‍ നഗരവാസികള്‍ക്ക് മുഴുവന്‍ വേദനയാവുകയാണത്.



MathrubhumiMatrimonial