goodnews head

സ്‌നേഹയ്ക്ക് 'സ്‌നേഹനിധി'യുമായി 'സീഡ്'ക്ലബ്ബിലെ കൂട്ടുകാര്‍

Posted on: 22 Mar 2011


നന്ദിയോട്: വഴങ്ങാത്ത കൈവിരലുകളില്‍ പേന ചേര്‍ത്തുപിടിച്ച് മുഷിഞ്ഞകടലാസില്‍ സ്‌നേഹ കോറിയിട്ട പൂവുകളും പൂമ്പാറ്റകളും അശ്വതിയും രതിനും കൂട്ടുകാരും നെഞ്ചിലേറ്റുവാങ്ങി. എന്‍ഡോസള്‍ഫാനിലൂടെ മനുഷ്യന്റെ ലാഭക്കൊതിയുടെ ജീവിക്കുന്ന ഇരയായി കളിമുറ്റത്തുനിന്ന് ആട്ടിയിറക്കപ്പെട്ട സ്‌നേഹയുടെ ബാല്യത്തിന് ഒരിറ്റുസാന്ത്വനമേകാന്‍ സ്വരൂപിച്ച 'സ്‌നേഹനിധി' അവളുടെ കുരുന്നുകൈളിലേല്പിച്ചപ്പോള്‍ നന്ദിയോട് ജി.യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് കൂട്ടുകാരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഒപ്പം മനസ്സില്‍ നാളുകളായി നെഞ്ചേറ്റിയ ഒരാഗ്രഹത്തിന്റെ സാഫല്യവും...

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച മുതലമടയിലെ കോളനികളില്‍ നവംബര്‍ 27ന് മാതൃഭൂമി സീഡ് പദ്ധതിയുടെ പഠനയാത്രയുടെ ഭാഗമായി എത്തിയപ്പോഴാണ് അശ്വതിയും രതിനും അക്ഷയയും കൂട്ടുകാരും മിനുക്കമ്പാറ കോളനിയിലെ മുരുകന്‍ - സിലോമണി ദമ്പതികളുടെ മകള്‍ ഒന്‍പതുവയസ്സുകാരിയായ സ്‌നേഹയെ കണ്ടെത്തുന്നത്. ബാല്യത്തിന്റെ വര്‍ണങ്ങള്‍കൊഴിഞ്ഞ് ജീവിതസ്വപ്നങ്ങളില്‍നിന്ന് ആട്ടിയകറ്റപ്പെട്ട സ്‌നേഹയുടെ നൊമ്പരം കൂട്ടുകാര്‍ നെഞ്ചിലേറ്റുകയായിരുന്നു.

പഠനയാത്രകഴിഞ്ഞ് തിരിച്ചെത്തിയ കൂട്ടുകാര്‍ സ്‌നേഹയുടെ ജീവിതത്തിന് തണലേകാന്‍ സാന്ത്വനനിധി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. പ്രധാനാധ്യാപകനായ ടി.കെ. രാജാമണി, മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍, രതില, അധ്യാപികമാരായ ബി. ലത, മഞ്ജുള എന്നിവരുടെ നേതൃത്വത്തില്‍ സീഡ്ക്ലബ്ബ് അംഗങ്ങളും ഒപ്പം നന്ദിയോട് ഫീനിക്‌സ്‌ക്ലബ്ബ് പ്രവര്‍ത്തകരായ എം. പ്രമോദ്, എസ്. ശിവകുമാര്‍, സി. ധനൂപ് എന്നിവരും ഒത്തുചേര്‍ന്നപ്പോള്‍ സ്‌നേഹയ്ക്ക് നന്ദിയോട് ഗവ. യു.പി. സ്‌കൂളിന്റെ 'സ്‌നേഹസമ്മാനം' ഒരുങ്ങുകയായിരുന്നു. കഴിഞ്ഞദിവസം മുതലമട മിനുക്കമ്പാറ കോളനിയിലെത്തി സീഡ്ക്ലബ്ബ് അംഗങ്ങള്‍ സ്‌നേഹയ്ക്ക് സ്‌നേഹനിധിയുടെ ആദ്യഗഡു കൈമാറി. പ്രധാനാധ്യാപകന്‍ ടി.കെ. രാജാമണി, നന്ദിയോട് ഫിനിക്‌സ്‌ക്ലബ്ബ് പ്രതിനിധികള്‍ എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

 

 




MathrubhumiMatrimonial