goodnews head

കുരുന്നുപൂക്കള്‍ക്കായി ഇവിടെയിതാ കാരുണ്യത്തിന്റെ ഇത്തിരി'വെട്ടം'

Posted on: 07 Mar 2011




വെട്ടം(തിരൂര്‍): കളിചിരികളുടെ കൗമാരം കളഞ്ഞുപോയ കുരുന്നുകള്‍ക്കായി കാരുണ്യത്തിന്റെ കൈകളുമായി ഒരു കൂടാരം. ശാരീരിക മാനസിക അവശതകളുമായി, ജനിച്ച കുഞ്ഞുങ്ങള്‍ക്ക് കളിക്കാനും പഠിക്കാനും കൂട്ടുചേരാനുമായി സുമനസ്സുകള്‍ വെട്ടത്ത് പൊന്നാനിപ്പുഴയുടെ തിരത്ത് തീര്‍ത്ത 'ശാന്തി സ്‌പെഷല്‍ സ്‌കൂള്‍' മനുഷ്യസ്‌നേഹത്തിന്റെ വിലപ്പെട്ട മാതൃകയായിത്തീരുകയാണ്.

ഒരു ഗ്രാമം മുഴുവന്‍ കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കുന്ന കാഴ്ച ഇവിടെ കാണാം. മനോവൈകല്യം ബാധിച്ച മക്കളുടെ ദുര്‍വിധിയോര്‍ത്ത് വിലപിക്കുന്ന അമ്മമാര്‍ക്ക് ഒരു സാന്ത്വനം, ഒപ്പം മക്കളെ സാധാരണജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഒരു കൈ സഹായം; ശാന്തി സ്‌കൂളിന്റെ ലക്ഷ്യം ഇതാണ്. വെട്ടം കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ 2002 സപ്തംബര്‍ രണ്ടിനാണ് ശാന്തി സ്‌പെഷല്‍ സ്‌കൂള്‍ ആരംഭിക്കുന്നത്. വേദിയുടെ സജീവസാന്നിധ്യമായ പി. ബാലകൃഷ്ണന്‍ മാഷിന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു ഈ സംരംഭത്തിനു പിന്നില്‍. അതിലേക്ക് നയിച്ചതാകട്ടെ കരളലിയിപ്പിക്കുന്ന ചില അയല്‍പക്ക കാഴ്ചകളും.

വെട്ടം ആലിശ്ശേരി പുന്നയ്ക്കല്‍ കൃഷ്ണന്‍-പാഞ്ചാലി ദമ്പതിമാരുടെ നാല് മക്കളില്‍ മൂന്നുപേര്‍ക്കും മനോവൈകല്യം ബാധിച്ചപ്പോള്‍, ജീവിതപ്രാരാബ്ധങ്ങള്‍ക്കൊപ്പം ചികിത്സാച്ചെലവും താങ്ങാനാകാതെ കുടുംബം കൂട്ട ആത്മഹത്യയില്‍ അഭയം പ്രാപിക്കുമെന്നറിഞ്ഞപ്പോഴാണ് വെട്ടം സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ആലോചിക്കുന്നത്.

വേദിയുടെ ആലിശ്ശേരിയിലെ ഓഫീസില്‍ തന്നെയായിരുന്നു കുട്ടികള്‍ക്കുള്ള ഈ പകല്‍ സംരക്ഷണകേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ ഏഴ് കുട്ടികളായിരുന്നു; ഇന്നത് 62ല്‍ എത്തിനില്‍ക്കുന്നു. അഞ്ചുമുതല്‍ 19 വയസ്സ് വരെ യുള്ള കുട്ടികള്‍ ഇവിടെയുണ്ട്. ഇവരില്‍ പലരും പ്രാഥമിക കൃത്യങ്ങള്‍പോലും സ്വന്തമായി നിര്‍വഹിക്കാന്‍ കഴിയാത്തവരാണ്.

നാല് അധ്യാപികമാരും രണ്ട് ആയമാരും ഒരു ക്ലര്‍ക്കും ഇവരെക്കൂടാതെ സ്പീച്ച് തെറാപ്പിക്കും ഫിസിയോ തെറാപ്പിക്കും എത്തുന്ന അധ്യാപികമാര്‍, അതിലുപരി ആഴ്ചയില്‍ ഒരുദിനം കുട്ടികളോടൊപ്പം ചെലവഴിക്കാനെത്തുന്ന സമീപ വീടുകളിലെ അമ്മമാര്‍ ഇവരെല്ലാം കുട്ടികളുടെ സംരക്ഷകരായി നില്‍ക്കുകയാണ്. കുട്ടികളുടെ സംരക്ഷണം പൂര്‍ണമായും സൗജന്യമാണ്. ഭക്ഷണവും ചികിത്സയും മറ്റു കാര്യങ്ങളുമായി 50,000 രൂപയിലേറെ ചെലവ് ഓരോ മാസവുമുണ്ടാകുന്നുണ്ടെന്ന് ശാന്തി സ്‌കൂളിന്റെ സേവകന്‍ ബാലകൃഷ്ണന്‍ മാഷ് പറഞ്ഞു.

പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച തുകകൊണ്ടാണ് 2007ല്‍ പുഴക്കരയില്‍ സ്വന്തം കെട്ടിടമുണ്ടാക്കിയത്. 2010 ആഗസ്തില്‍ സ്‌കൂള്‍ ബസ് വാങ്ങിച്ചു. ഇനിയും ഒട്ടേറെ പദ്ധതികള്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്കായി നടപ്പാക്കേണ്ടതുണ്ട്. പുഴക്കരയായതിനാല്‍ അടിയന്തരമായി സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മിക്കേണ്ടതുണ്ട്. കൂടാതെ ഒരുകോടി രൂപ ചെലവില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമായി റെസിഡന്‍ഷ്യല്‍ ഹോം നിര്‍മാണവും സ്വപ്നപദ്ധതിയായി മുന്നിലുണ്ട്. കരുണ വറ്റാത്ത ഹൃദയത്തിന്റെ ഉടമകള്‍ സഹായഹസ്തവുമായി എത്തുമെന്നുതന്നെ 'ശാന്തി'യുടെ സംഘാടകര്‍ പ്രതീക്ഷിക്കുന്നു.



 

 




MathrubhumiMatrimonial