
ഗീതാദര്‍ശനം - 727
Posted on: 25 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ധൃതരാഷ്ട്രന്‍ മഹാരാജാവാണ്. പക്ഷേ, ഗീതാപാഠമെന്ന പാലുള്ള അകിട്ടിലും ചോര മാത്രമാണ് അദ്ദേഹത്തിന് കൗതുകം. ഗീത അദ്ദേഹത്തിന് ആശ്ചര്യകരമോ പുണ്യപ്രദമോ അല്ലെന്നു മാത്രമല്ല, അത് അദ്ദേഹത്തിന്റെ മനസ്സിനെ ഉമിത്തീപോലെ നീറ്റുകയാണ്. അപ്പോഴാണ് സഞ്ജയന്‍ പറയുന്നത്, രാജാവേ, ഈ സംഭാഷണം വീണ്ടുംവീണ്ടുമോര്‍ത്ത് ഞാന്‍ പിന്നെയും പിന്നെയും ആനന്ദിക്കുന്നു എന്ന്. നര്‍മമധുരവും സാരവത്തുമാണ് ഈ താരതമ്യവും. ഗീതാപാഠം ആരെ കേള്‍പ്പിക്കാം, ആരെ കേള്‍പ്പിക്കരുത് എന്ന് നേരത്തേ പറഞ്ഞതിന് ലക്ഷണമൊത്ത ദൃഷ്ടാന്തങ്ങളാണ് ഇവര്‍.
നല്ല കാര്യം കേള്‍ക്കുമ്പോള്‍ വിവേകിക്കുണ്ടാകുന്നത് ശ്രവണാനന്ദം. അതേപ്പറ്റി മനനം ചെയ്യുമ്പോള്‍ ലഭിക്കുന്നത് സ്മരണാനന്ദം. രണ്ടാമത്തേതിലൂടെയാണ് ആദ്യത്തേത് ഫലവത്താകുന്നത്, ധാരണാനന്ദമാകുന്നത്. ഗീത കേള്‍ക്കുകയോ വായിക്കുകയോ ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ വേണ്ടതെന്തെന്നുകൂടി സൂചിപ്പിക്കുന്നു. വീണ്ടും വീണ്ടും സ്മരിക്കുക. ഓരോ സ്മരണയും ഓരോ അനുഭവമായിരിക്കും. ആ പുതുമ ആനന്ദകരവുമായിരിക്കും.
ഗീതാനുഭവം കുറച്ചെങ്കിലുമുള്ളവര്‍ക്ക് പരിചയമുള്ളതാണ് ഈ അദ്ഭുതകരമായ കാര്യം. ഓരോ തവണ സ്മരിക്കുമ്പോഴും ഓരോ പദ്യവും എന്തെങ്കിലുമൊരു പുതിയ ആശയത്തെ മുളപ്പിക്കാതിരിക്കില്ല. ഒരു മാന്ത്രികച്ചെപ്പുപോലെ അത് നമ്മെ സ്ഥിരമായി അമ്പരപ്പിക്കയും ആഹ്ലാദിപ്പിക്കയും ചെയ്യുന്നു.
തച്ച സംസ്മൃത്യ സംസ്മൃത്യ
രൂപമത്യദ്ഭുതം ഹരേഃ
വിസ്മയോ മേ മഹാന്‍ രാജന്‍
ഹൃഷ്യാമി ച പുനഃ പുനഃ
അല്ലയോ രാജാവേ, കൃഷ്ണന്റെ ആ അത്യാശ്ചര്യകരമായ വിശ്വരൂപം വീണ്ടും വീണ്ടും സ്മരിക്കുമ്പോഴും എനിക്ക് അതിയായ അദ്ഭുതം തോന്നുന്നു. (ഞാന്‍) വീണ്ടും വീണ്ടും ആനന്ദമഗ്‌നനാവുകയും ചെയ്യുന്നു.
