githadharsanam

ഗീതാദര്‍ശനം - 726

Posted on: 23 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


പ്രപഞ്ചരഹസ്യമാണ് വെളിപ്പെട്ടു കിട്ടിയത്. അതറിയാനുള്ള അവസരം ദുര്‍ലഭമാണ്. അതറിഞ്ഞാലോ, പിന്നെയൊന്നും അറിയാനില്ല. അതാണ് അതിന്റെ പരമത്വം. യോഗവിദ്യയുടെ പരമോന്നതഗുരുവായ കൃഷ്ണനില്‍നിന്ന് നേരിട്ടുതന്നെ അതു കേട്ടറിയാന്‍ കഴിയുന്നതിലും വലിയ സൗഭാഗ്യം എന്തുണ്ട്.

ഗീത പഠിക്കുന്ന നമ്മുടെയുംകൂടി സൗഭാഗ്യമാണിത്. നമുക്കും ഈ പുണ്യാനുഭവം കൈവന്നത് വ്യാസപ്രസാദംകൊണ്ടുതന്നെ. അദ്ദേഹം നമുക്കു വേണ്ടി മഹാഭാരതം രചിച്ചില്ലായിരുന്നെങ്കില്‍, അതിന്റെ ഹൃദയഭാഗത്ത് ഗീതയെ പ്രതിഷ്ഠിച്ചില്ലായിരുന്നെങ്കില്‍, നമുക്കിത് ഒക്കുമായിരുന്നില്ല.

അറിവില്ലായ്മകൊണ്ട് കണ്ണ് തീരേ കാണാതായവര്‍ക്കും ഈ അനുഭവം നേരിട്ടുതന്നെ ലഭ്യമാണ്. പക്ഷേ, അവര്‍ അതിനെ ഭയപ്പെടുന്നു. അറിവില്ലായ്മ എന്ന തിമിരത്തിന്റെ താത്കാലികസുഖം കൈവെടിയാന്‍ അവര്‍ തയ്യാറല്ല. പക്ഷേ, അവര്‍ക്കിതിനെക്കുറിച്ച് കേള്‍ക്കണമെന്നുണ്ട്. കാരണം, പ്രപഞ്ചഗതി അറിഞ്ഞാലല്ലേ തങ്ങളുടെ അന്ധമോഹങ്ങള്‍ക്ക് സാഫല്യമുണ്ടാകുമോ എന്നു നിരൂപിക്കാനാവൂ? എന്നിട്ടുവേണ്ടേ അടുത്ത അടവുനയമോ ചതിപ്രയോഗമോ ഒക്കെ ആസൂത്രണം ചെയ്ത് ആവിഷ്‌കരിക്കാന്‍?

എന്നാല്‍, സഞ്ജയന്റെ മനഃസ്ഥിതി ഇതല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ അകം നിറയെ പരമാനന്ദമാണ് ഉള്ളത്. സഞ്ജയന്റെ പരമാനന്ദത്തെയും ധൃതരാഷ്ട്രരുടെ പാരവശ്യത്തെയും ഒരേസമയം നാടകീയമായി അഭിവ്യഞ്ജിപ്പിക്കുന്നതിലൂടെ, പ്രത്യക്ഷമായ നേര്‍താരതമ്യത്തിന് കളമൊരുക്കി, വ്യാസര്‍ അറിവിനോടുള്ള സമീപനം പലര്‍ക്കും പല തരത്തിലാകുമെന്ന് നര്‍മമധുരമായി സൂചിപ്പിക്കുന്നു.

രാജന്‍ സംസ്മൃത്യ സംസ്മൃത്യ
സംവാദമിമമദ്ഭുതം
കേശവാര്‍ജുനയോഃ പുണ്യം
ഹൃഷ്യാമി ച മുഹുര്‍മുഹുഃ

ധൃതരാഷ്ട്രമഹാരാജാവേ, കൃഷ്ണാര്‍ജുനന്മാരുടെ ആശ്ചര്യകരവും പുണ്യപ്രദവുമായ ഈ സംഭാഷണം ഓര്‍മിച്ചോര്‍മിച്ച് ഞാന്‍ വീണ്ടും വീണ്ടും ആനന്ദിക്കുന്നു.






MathrubhumiMatrimonial