
ഗീതാദര്‍ശനം - 725
Posted on: 22 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
സര്‍വാത്മാവാണ് കൃഷ്ണന്‍. അര്‍ജുനന്‍ മഹാത്മാവുമാണ്. ഇത്രയും പ്രധാനപ്പെട്ട രണ്ടുപേര്‍ തമ്മിലുള്ള ചര്‍ച്ച വളരെ വലിയ പ്രാധാന്യം, അഥവാ അദ്ഭുതം ഉള്ളതുതന്നെ. മനുഷ്യരില്‍ മികവുറ്റ ഒരാളുടെ ജീവനും പ്രപഞ്ചത്തിന്റെ ജീവനും തമ്മിലൊരു സംഭാഷണം മുന്‍പൊരിക്കലും ആരും നേരിട്ടു കേട്ടിട്ടില്ല, രേഖപ്പെടുത്തിയിട്ടുമില്ല. സംഭാഷണത്തിന്റെ ഉള്ളടക്കമോ അതിലേറെ അദ്ഭുതകരം. എല്ലാ ദുഃഖങ്ങളും അവസാനിപ്പിക്കാനും ശാശ്വതാനന്ദം അനുഭവിക്കാനുമുള്ള ദിവ്യാമൃതത്തിന്റെ പരമരഹസ്യമായ സൂത്രവാക്യമാണ് (formula) ഈ സംവാദത്തില്‍ വെളിപ്പെടുന്നത്.
കൂരിരുട്ടില്‍ തപ്പിത്തടഞ്ഞും നരകിച്ചും നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിന്റെ പ്രളയം പെട്ടെന്നുണ്ടായാല്‍ അദ്ഭുതവും രോമാഞ്ചവും സ്വാഭാവികം.
വ്യാസപ്രസാദാത് ശ്രുതവാന്‍
ഏതത് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് കൃഷ്ണാത്
സാക്ഷാത് കഥയതഃ സ്വയം
അതിരഹസ്യവും പരമസത്യം കാട്ടിത്തരുന്നതുമായ ഈ യോഗം സ്വയം ഉപദേശിച്ച സാക്ഷാല്‍ യോഗേശ്വരനായ കൃഷ്ണനില്‍നിന്ന് ഞാന്‍, വ്യാസരുടെ അനുഗ്രഹത്താല്‍, (നേരിട്ടുതന്നെ) കേട്ടു.
മഹാരണം തുടങ്ങുംമുമ്പേ വ്യാസര്‍ അന്ധനായ ധൃതരാഷ്ട്രരെ സമീപിച്ച് പറഞ്ഞു, യുദ്ധം നേരിട്ടു കാണണമെന്നുണ്ടെങ്കില്‍ അതിനാവശ്യമായ കാഴ്ച യോഗശക്തികൊണ്ട് താന്‍ നല്‍കാമെന്ന്. കണ്ടിരിക്കാന്‍ കഴിയില്ല എന്നു തോന്നിയിട്ടാവാം, ധൃതരാഷ്ട്രര്‍ ആവശ്യപ്പെട്ടത്, തനിക്കു പകരം ആ ദിവ്യദൃഷ്ടി സഞ്ജയന് കൊടുത്താല്‍, സഞ്ജയന്‍ മുഖേന എല്ലാ വിവരവും അപ്പപ്പോള്‍ അറിഞ്ഞുകൊള്ളാമെന്നാണ്. യുദ്ധക്കളത്തില്‍ നടക്കുന്ന എല്ലാതും കാണാനും കേള്‍ക്കാനുമുള്ള കഴിവ് സഞ്ജയന് കൈവരുന്നത് അങ്ങനെയാണ്. ഭാഗ്യവശാല്‍ വ്യാസരില്‍നിന്ന് വീണുകിട്ടിയ ആ അനുഗ്രഹത്തെ നന്ദിയോടെ സ്മരിക്കുകയാണ് സഞ്ജയന്‍. വിശേഷപ്പെട്ട ആ വരദാനത്താലാണല്ലോ സര്‍വാതിശായിയായ അറിവ് യോഗേശ്വരനായ കൃഷ്ണന്റെ മുഖത്തുനിന്ന് നേരിട്ടു കേള്‍ക്കാന്‍ ഭാഗ്യമുണ്ടായത്.
(തുടരും)
