
ഗീതാദര്‍ശനം - 722
Posted on: 19 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
മനസ്സിന്റെ തലത്തില്‍ പറ്റുന്ന അറിവില്ലായ്മ കാരണം പാമ്പിനെ കയറായും മറിച്ചും മനസ്സിലാക്കുന്നു. നിരക്കാത്ത യുക്തികളിലൂടെ എത്തിപ്പെടുന്ന നിഗമനങ്ങള്‍ ബുദ്ധിയുടെ തലത്തിലെ അറിവില്ലായ്മകള്‍. ഞാനാണ് കേമന്‍ എന്നും ഈശ്വരന്‍ ഇല്ല എന്നുമൊക്കെ സ്ഥാപിക്കാന്‍ പലരും പല തരം ന്യായങ്ങള്‍ കണ്ടെത്താറില്ലേ?
ഇത്തരം എല്ലാ അറിവില്ലായ്മകളും ഉളവാക്കുന്ന വിഭ്രാന്തികളുടെ ഫലം സങ്കടമാണ്. ശരിയായ അറിവേ അതിനു പരിഹാരമാകൂ. ആ അറിവ് എല്ലാ പ്രത്യക്ഷങ്ങള്‍ക്കും പിന്നിലെ പരമാര്‍ഥത്തെ ഗ്രഹിക്കാന്‍ ഉതകണം. എന്തറിഞ്ഞാല്‍ പിന്നെ ഒന്നും അറിയാനില്ലയോ ആ തലം വരെ എത്തണം. അപ്പോള്‍ മാത്രമേ ദുഃഖങ്ങളില്ലാത്ത അവസ്ഥ എന്തെന്ന് തിരിച്ചറിയാനാവൂ. ഗീതാപാഠത്തിലൂടെ അത് തിരിച്ചറിഞ്ഞുവോ എന്നാണ് ആരായുന്നത്.
ആ അറിവിലൂടെ പ്രാപ്യമായ പരമപദാവസ്ഥ സ്ഥായിയാക്കാന്‍ കഴിഞ്ഞുവോ എന്നു ചോദിക്കാത്തത് ശ്രദ്ധേയമാണ്. ഒരു പാഠവും കേട്ടു മനസ്സിലാക്കിയതുകൊണ്ടു മാത്രം അതിന്റെ പ്രയോജനം മുഴുവനാകുന്നില്ല. പാഠം സ്ഥിരാഭ്യാസത്തിലൂടെ ജീവിതത്തില്‍ പ്രയോഗിച്ച് സ്വായത്തമാക്കിയാലേ പഠനം പൂര്‍ത്തിയാവൂ.
ഗീത വായിച്ചു കഴിയുമ്പോള്‍ നമ്മോടും നമുക്കു ചോദിക്കാവുന്ന ചോദ്യം ഇതാണ്. പാഠം ശ്രദ്ധയോടെ ഉള്‍ക്കൊണ്ടുവോ? നമുക്കത് ദഹിച്ചുവോ? അതിന്റെ പ്രസക്തിയും പ്രയോജനവും ബോധ്യപ്പെട്ടുവോ? അതിന്റെ വെളിച്ചത്തില്‍ നമ്മുടെ വിഭ്രാന്തികള്‍ നീങ്ങിക്കിട്ടിയോ? അഥവാ, ഈ പരമജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കാന്‍ നാം ഒരുക്കമായോ? പരമപദത്തിലേക്കുള്ള വഴി തെളിഞ്ഞു കാണുന്നുണ്ടോ?
നഷേ്ടാ മോഹഃ സ്മൃതിര്‍ലബ്ധാ
ത്വത്പ്രസാദാത് മയാച്യുത
സ്തിതോ/സ്മി ഗതസന്ദേഹഃ
കരിഷ്യേ വചനം തവ
അല്ലയോ ച്യുതിയില്ലാത്തവനേ, അങ്ങയുടെ അനുഗ്രഹത്താല്‍ എന്റെ വിഭ്രമങ്ങള്‍ ഇല്ലാതായി. എനിക്ക് യഥാര്‍ഥതത്ത്വം മനസ്സിലായി. ഞാന്‍ ശങ്കകളറ്റവനായി ഭവിച്ചിരിക്കുന്നു. അങ്ങയുടെ ഉപദേശപ്രകാരംതന്നെ ഞാന്‍ കര്‍മരംഗത്ത് പ്രവര്‍ത്തിക്കും.
(തുടരും)
