
ഗീതാദര്‍ശനം - 720
Posted on: 17 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ഓരോ സംശയവും എരിയുമ്പോള്‍ ജ്ഞാനാഗ്‌നി അത്രയ്ക്ക് അഭിവൃദ്ധിപ്പെടുന്നു. ലോകത്തെയും ജീവിതത്തെയും തന്നെയും പറ്റി എല്ലാ കാലത്തും ലോകത്തെവിടെയുമുള്ള മനുഷ്യന് ഉണ്ടാകാവുന്ന അടിസ്ഥാനസംശയങ്ങള്‍ എല്ലാംതന്നെ അടുക്കി ക്രോഡീകരിച്ച് യുക്തിസഹമായ ഉത്തരം നല്‍കി ഗീത മാനവരാശിയെ പരമമായ അറിവിലേക്കു നയിച്ച് അനുഗ്രഹിച്ചിരിക്കുന്നു. അറിവിന്റെ വിവിധതലങ്ങളില്‍ ഏതില്‍ എത്തിനില്‍ക്കുന്നവര്‍ക്കും ആ തലങ്ങളില്‍നിന്നുള്ള പുരോഗതിയെപ്പറ്റി ഗീതയില്‍ പറഞ്ഞിട്ടുണ്ട്.
അറിവിന്റെ താഴത്തെ തലങ്ങളിലുള്ള, ഈശ്വരന്‍ വേറെ ഞാന്‍ വേറെ എന്ന ധാരണയെയും, സ്വര്‍ഗനരകങ്ങളെയും, യാഗയജ്ഞാദികളെയും, പുനര്‍ജന്മങ്ങളെയും മറ്റ് ധാരണകളെയും ഒന്നുംതന്നെ ഗീത നിഷേധിക്കുന്നില്ല. അഖിലവും നിറഞ്ഞിരിക്കുന്ന പരമാത്മാവെന്ന സര്‍വാതിശായിയായ മഹാദര്‍ശനത്തിന്റെ മുന്നില്‍ ബാക്കി എല്ലാ അറിവുകളും സ്വാഭാവികമായി നിഷ്പ്രഭമാവുകയാണ്, സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ ചെറുവിളക്കുകളുടെ പ്രകാശം ആവശ്യമില്ലാതാകുന്നപോലെ.
വേറിട്ട സഹജസ്വഭാവമനുസരിച്ച് ഓരോരുത്തര്‍ക്കും സ്വന്തം കൈവഴി തിരഞ്ഞെടുക്കാനുള്ള ഉപായവും ലഭ്യമാണ്. ഉടുപ്പു തരുന്നില്ല, ഉടുപ്പു തീര്‍ക്കാനുള്ള തുണിയും സാമഗ്രികളും നല്‍കി സ്വന്തം വലിപ്പത്തിനും ആകൃതിക്കും ഇഷ്ടത്തിനുമൊത്തത് തീര്‍ത്തോളാനാണ് നിര്‍ദേശം.
പ്രാഥമികതലം മുതല്‍ അങ്ങേയറ്റം വരെ ഉള്ള എല്ലാ അറിവിന്റെയും ഉറവിടം പരമാത്മചൈതന്യമാണ്. അതിനാല്‍, ആത്മസാരൂപ്യത്തിലേക്കുള്ള രാജപാതയായ അറിവും ആ ചൈതന്യത്തിന്റെ പ്രസാദംതന്നെ. അറിവുതന്നെയാണ് അറിവിനെ മറച്ച് നില്‍ക്കുന്നത്. അറിവുതന്നെയാണ് അറിവിലേക്കു നയിക്കുന്നതും. ആ യാത്രയില്‍ അറിവിനെ ആരാധിക്കുന്നതും അറിവുതന്നെയാണ്. ആരാധനാവിഷയവും ആരാധകനും ഒന്നുതന്നെയാകുമ്പോള്‍ യാത്ര അവസാനിക്കുന്നു.
ശ്രദ്ധാവാനനസൂയശ്ച
ശൃണുയാദപിയോ നരഃ
സോ/പി മുക്തഃ ശുഭാന്‍ ലോകാന്‍
പ്രാപ്നുയാത് പുണ്യകര്‍മണാം
ശ്രദ്ധയുള്ളവനും (പാഠത്തിലോ പറഞ്ഞുതരുന്ന ആളിലോ) അസൂയ ഇല്ലാത്തവനുമായ ഏതു മനുഷ്യനാണോ (ഗീതാപാഠം) കേള്‍ക്കുകയെങ്കിലും ചെയ്യുന്നത്, അവനും (ബന്ധനങ്ങളില്‍നിന്നു) മുക്തനായി പുണ്യകര്‍മങ്ങള്‍ ചെയ്തവരുടെ മംഗളകരങ്ങളായ ഇടങ്ങളെ (ലോകങ്ങളെ) പ്രാപിക്കും. (തുടരും)
