
ഗീതാദര്‍ശനം - 719
Posted on: 16 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷസംന്യാസയോഗം
അധ്യേഷ്യതേ ച യ ഇമം
ധര്‍മ്യം സംവാദമാവയോഃ
ജ്ഞാനയജ്ഞേന തേനാഹം
ഇഷ്ടഃ സ്യാമിതി മേ മതിഃ
എന്നുമാത്രമല്ല, ഈശ്വരപ്രാപ്തിക്കുപകരിക്കുന്ന, നമ്മുടെ രണ്ടുപേരുടെയും ഈ സംഭാഷണം ആരാണോ പഠിച്ച് മനനം ചെയ്യുന്നത്, അവന്‍ എന്നെ ജ്ഞാനയജ്ഞംകൊണ്ട് ആരാധിക്കുന്നതായി ഞാന്‍ കണക്കാക്കുന്നു.
മന്ത്രശബ്ദത്തിന്റെ അകമ്പടിയോടെ യഥാര്‍ഥ അഗ്‌നിയില്‍ യഥാര്‍ഥദ്രവ്യങ്ങള്‍ ആഹുതി ചെയ്യലാണ് വേദങ്ങളില്‍ പറയുന്ന യജ്ഞം. ജ്ഞാനയജ്ഞം തികച്ചും വ്യത്യസ്തമായ ഒന്നാണ്. അന്തഃകരണമാണ് ഇവിടെ ഹോമകുണ്ഡം. ജ്ഞാനമാണ് അഗ്‌നി. അത് അവനവനിലെ അരണി കടഞ്ഞ് ജ്വലിപ്പിക്കാം. അതിന്റെ കലവറകളായ ഗുരുനാഥരില്‍നിന്ന് ഏറ്റുവാങ്ങുകയും ആകാം. ഒരു പൊരി കിട്ടിയാല്‍ പിന്നെ അതിലേക്ക് ഇന്ധനമായി ആഹുതി ചെയ്യാന്‍ ധാരാളം സാമഗ്രി നമ്മുടെ കൈയില്‍ ഉണ്ട്. കണക്കറ്റ അറിവില്ലായ്മകള്‍തന്നെ! ഹോമകുണ്ഡത്തിലേക്ക് അതില്‍നിന്നെടുത്ത് പകരുന്തോറും ആ പകര്‍ച്ച ഭക്ഷിച്ച് അറിവിന്റെ അഗ്‌നി അഭിവൃദ്ധിപ്പെടും. ഈ യജ്ഞത്തിന്റെ മുറകള്‍ക്ക് പ്രമാണം ഗീതാപാഠംതന്നെ. എപ്പോള്‍ ഏത് അജ്ഞാനം ഏതളവില്‍ എന്തു സങ്കല്പത്തോടെ ഹോമിക്കണം എന്ന് ഗീത പറഞ്ഞു തരുന്നു.
അജ്ഞാനസഞ്ചയം ഒടുങ്ങുമ്പോള്‍ യജ്ഞം അവസാനിക്കുന്നു. അതോടെ അഗ്‌നിശുദ്ധി ആയി. ജ്ഞാനം ശുദ്ധീകരണോപാധി മാത്രമാണ്. വിശുദ്ധി പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെ ജ്ഞാനംപോലും ആവശ്യമില്ല. ആത്മസാരൂപ്യത്തില്‍ യജ്ഞം സമാപിക്കുന്നു.
ഈ യജ്ഞത്തിന് എങ്ങും യാഗശാല പണിയേണ്ടതില്ല. എവിടെയും ചമ്രംപടിഞ്ഞ് ഇരിക്കേണ്ടതുമില്ല. നിത്യജീവിതപ്രാരാബ്ധങ്ങള്‍ക്കു സമാന്തരമായി അവയോടൊപ്പം നടത്താവുന്ന യജ്ഞമാണ് ഇത്.
അറിവില്ലായ്മയില്‍നിന്ന് സന്ദേഹങ്ങള്‍ ഉണ്ടാകുന്നു. അറിവു വളരാനുള്ള കാരണവും ഉപാധിയുമാണ് സന്ദേഹം. സന്ദേഹം വെച്ചുകൊണ്ടിരുന്നാല്‍ ഉപ്പിരുന്ന കലംപോലെ ഉള്ളം നശിക്കും. അത് തീര്‍ക്കണം. അറിവുള്ളവരോടോ തന്നോടുതന്നെയോ ചോദിച്ചുകൊണ്ടേ ഇരിക്കണം. ഗീതാപാഠത്തെ വീണ്ടും വീണ്ടും ആശ്രയിക്കാം. അര്‍ജുനന്‍ ചോദിച്ച സമാനചോദ്യങ്ങള്‍ക്കു നല്‍കപ്പെട്ട ഉത്തരങ്ങളെ ഊന്നാക്കാം.
(തുടരും)
