
ഗീതാദര്‍ശനം - 718
Posted on: 15 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
ന ച തസ്മാന്മനുഷ്യേഷു
കശ്ചിന്മേ പ്രിയകൃത്തമഃ
ഭവിതാ ന ച മേ തസ്മാത്
അന്യഃ പ്രിയതരോ ഭുവി
മാത്രമല്ല, അവനേക്കാള്‍ എനിക്ക് പ്രിയങ്കരനായി മനുഷ്യര്‍ക്കിടയില്‍ ആരുംതന്നെ ഇല്ല. എനിക്ക് അവനേക്കാള്‍ പ്രിയപ്പെട്ട മറ്റൊരാള്‍ ഭൂമിയില്‍ ഇനി ഉണ്ടാകാനും പോകുന്നില്ല.
പരംപൊരുളിന് പ്രിയവും അപ്രിയവും രണ്ടുമില്ലെന്നിരിക്കെ ഈ പറയുന്ന പ്രിയത്തിന് എന്താണര്‍ഥം? ബോധശുദ്ധിയാല്‍ ഭക്തന്റെ ഉള്ളില്‍ തെളിയുന്ന ആനന്ദപ്രസാദമാണ് ഈ പ്രിയം. പരംപൊരുളിന് പ്രിയം ചെയ്യുക എന്നാല്‍ ഈ ആനന്ദം സ്വന്തം ഹൃദയത്തില്‍ ഉറവെടുപ്പിക്കുക എന്നുതന്നെ. ഗീതയിലെ അറിവ് മറ്റു ഭക്തര്‍ക്ക് പകര്‍ന്നുകൊടുത്ത്, തന്റെ സംശയങ്ങള്‍ അകന്ന് പരമാത്മസാരൂപ്യം കൈവരിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തേക്കാള്‍ ഒരു ഭക്തന് പ്രിയങ്കരമായി ഈ ലോകത്ത് ഒന്നുമില്ല. ആ അവസ്ഥയില്‍ ഭക്തനും പരംപൊരുളും ഒന്നുതന്നെ ആകയാല്‍ ഈ പ്രിയം പരംപൊരുളിന്റെ പ്രിയംതന്നെ.
ഗീതാരഹസ്യം മുഴുവനായി അറിഞ്ഞിട്ടു മതി, അതേപ്പറ്റി അറിയാന്‍ താത്പര്യമുള്ളവരോടു പറയുക എന്നും ഇല്ല. അപ്രമാദിത്വം ഉറപ്പാകുവോളം കാക്കണമെന്നില്ല. അറിഞ്ഞേടത്തോളം അറിയിക്കാം. അതിലേ വരാന്‍ ഉത്സുകരായവരെ, ആ വഴിയില്‍ എവിടെ വെച്ചും കൂടെ കൂട്ടാം. ആരെയും പിടിച്ചു വലിക്കുകയോ കൈകാലുകള്‍ കെട്ടി ചുമക്കുകയോ അരുതെന്നേ ഉള്ളൂ. ബലം പ്രയോഗിച്ചു കൂടെ കൂട്ടാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷം ഫലം. കെട്ടിയെടുത്തു ചുമന്നാലോ, ചുമക്കപ്പെടുന്നവന് വിരോധവും ചുമക്കുന്നവന് ദേഹക്ഷീണവുമല്ലാതെ ഒരു നേട്ടവും ഉണ്ടാകാനില്ല. നിലത്തിറക്കി കെട്ടഴിച്ചാല്‍ ഉടനെ തിരികെ ഓടും. അതേസമയം, സന്നദ്ധരായി വരുന്നവരെ ഒരു കൈ സഹായിക്കുന്നത് ആനന്ദദായകമായ കടമയാണ്.
ശരിയായ അറിവും മനോഭാവവും മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കലാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ സത്കര്‍മം. സദ്ഗുരു നല്‍കുന്ന ഗ്രന്ഥപാഠം നന്നായി പഠിക്കുന്ന ശിഷ്യന്‍ ഉത്തമന്‍. ഗുരുശിഷ്യസംവാദം സശ്രദ്ധം കേട്ടു (കളരിക്കു) പുറത്തു നില്‍ക്കുന്നവര്‍പോലും പുണ്യവാന്മാര്‍.
(തുടരും)
