
ഗീതാദര്‍ശനം - 716
Posted on: 10 Feb 2011
സി. രാധാകൃഷ്ണന്‍
മോക്ഷ സംന്യാസയോഗം
മറ്റു ശാസ്ത്രങ്ങളെ അപേക്ഷിച്ച് അദൈ്വതത്തിലെ അറിവുകള്‍ ഉള്ളില്‍നിന്നു വരുന്നതാണെന്നു പറയപ്പെടുന്നു. ആ അറിവുകളെ ഉണര്‍ത്തുക മാത്രമാണ് നാം ഭഗവദ്ഗീത പഠിക്കുമ്പോള്‍ ചെയ്യുന്നത്. അറിവുകള്‍ സത്യമാണെന്ന ഏറ്റവും വലിയ തെളിവും ഏവര്‍ക്കും അവരവരുടെ ഉള്ളില്‍നിന്ന് ഇതേ രീതിയില്‍ ഉണ്ടായിക്കിട്ടുന്ന സ്ഥിരീകരണങ്ങളാണ്.
ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ ഗോത്രത്തിന്റെയോ പ്രായത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ല അനര്‍ഹത. വിദ്യാദാനം മഹാദാനം. അത് പാത്രം അറിഞ്ഞു മതി എന്നേ താക്കീതുള്ളൂ. പാറപ്പുറത്തു വിതയ്ക്കരുതെന്ന് കൃഷിക്കാരോട് പ്രത്യേകം പറയേണ്ടതില്ലെന്നാലും കൃഷിയുടെ ബാലപാഠത്തില്‍ അതുകൂടി ഉള്‍പ്പെടണമല്ലോ.
ഭീഷണിപ്പെടുത്തിയോ ശിക്ഷിച്ചോ പ്രലോഭിപ്പിച്ചോ അനര്‍ഹരായ ആരെയും പഠിപ്പിക്കേണ്ടതില്ല. ഇത്തരം മുറകളിലൂടെ അവനവന്റെ വിശ്വാസത്തിലേക്ക് ആളെ കൂട്ടാന്‍ ആശ തോന്നുന്നത് അപക്വമതിത്വമാണ്. അരക്ഷിതബോധത്തിന്റെ പ്രകടനം മാത്രമാണത്. ഗീതാസാരം ഗ്രഹിച്ച ആര്‍ക്കും ആ വികാരം ഉണ്ടാവില്ല, ഉണ്ടാകരുത്. അഭിപ്രായസഹിഷ്ണുത എന്ന വാക്കിന്റെ ആത്യന്തികമാനം ഇവിടെ നിര്‍വചിക്കപ്പെടുന്നു.
പക്ഷേ, ഗീതാസാരം അറിവുള്ളവര്‍ അത് അര്‍ഹപാത്രത്തില്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്. കാരണം, യജ്ഞഭാവന അത് ആവശ്യപ്പെടുന്നു.
യ ഇമം പരമം ഗുഹ്യം
മത്ഭക്തേഷ്വഭിധാസ്യതി
ഭക്തിം മയി പരാം കൃത്വാ
മാമേവൈഷ്യത്യസംശയഃ
പരമരഹസ്യമായ ഈ അറിവ് ആരാണോ എന്നില്‍ പരമമായ ഭക്തിനിഷ്ഠയോടെ എന്റെ ഭക്തന്‍മാര്‍ക്ക് നേരിട്ടുപദേശിക്കുന്നത്, അവന്‍ സംശയങ്ങളെല്ലാം നീങ്ങി പരമാത്മാവായ എന്നെത്തന്നെ പ്രാപിക്കും.
(തുടരും)
