
തുറക്കുന്നത് വമ്പിച്ച തൊഴിലവസരങ്ങള്‍
Posted on: 10 Feb 2011
സന്ദീപ് സുധാകര്‍

വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമാമാകുന്നതോട് കൂടി മെട്രോ നഗരത്തിലേക്കുള്ള കൊച്ചിയുടെ പുരോഗമനം ത്വരിത ഗതിയിലാവും. അറബിക്കടലിന്റെ റാണിക്ക് ആഗോള ഭൂപടത്തില്‍ ഒരു പുതിയ സ്ഥാനവും കൈവരിക്കാനാകും. രാജ്യത്തിലെ പ്രധാന കണ്ടെയ്‌നര്‍ ടെര്‍മിനലായി മാറുന്ന വല്ലാര്‍പ്പാടം ടെര്‍മിനല്‍ ഇതിന് പുറമെ ഒട്ടനവധി തൊഴിലവസരങ്ങള്‍ കൂടിയാണ് തുറക്കുന്നത്.
തുടക്കത്തില്‍ പത്ത് ലക്ഷം കണ്ടെയിനറുകള്‍ ടെര്‍മിനലിലെത്തുമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ രണ്ട് ലക്ഷം കണ്ടെയിനറുകളുടെ സ്റ്റഫിങ്ങും ഡീസ്റ്റഫിങ്ങും കൊച്ചിയിലും സമീപ പ്രദേശങ്ങളിലും ആയിരിക്കും. ഇത് 2000 തൊഴിലാളികള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുമെന്നാണ് പ്രാഥമിക കണക്ക്.
അതായത് പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘം തൊഴിലാളികളാണ് സ്റ്റ്ഫിങ്ങിന് പോകുന്നതെങ്കില്‍ ദിവസേന ആറ് കണ്ടെയ്‌നറുകളില്‍ ഇവര്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. ഒരു കണ്ടെയിനര്‍ സ്റ്റഫ് ചെയ്യുന്നതിനായി ഒരു ദിവസം രണ്ട് പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ശരാശരി കണക്കെന്ന് വല്ലാര്‍പ്പാടം പ്രത്യേക സാമ്പത്തികമേഖലയുടെ അധിക ചുമതല വഹിക്കുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ട്രാഫിക്ക് മാനേജര്‍ സി.ഉണ്ണികൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാണിക്കുന്നു.
ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റില്‍ ബിരുദ്ധവും എം.ബി.എയുമുള്ള ചെറുപ്പക്കാര്‍ക്കും ടെര്‍മിനലിന്റെ വരവ് പ്രതീക്ഷയേകുന്നതാണ്. സപ്ലൈചെയിന്‍ എക്‌സിക്യൂട്ടിവ് തസ്തികളില്‍ വന്‍ സാധ്യതയാണ് ഇവരെ കാത്തിരിക്കുന്നത്. കമ്പനികളുടെ ആവശ്യ്ത്തിനനുസരിച്ച് ഉത്പന്നങ്ങള്‍ കണ്ടെയിനര്‍ കണക്കിന് കൊണ്ട് വന്ന് കുറഞ്ഞ ചിലവില്‍ ആവശ്യമനുസരിച്ച് വിതരണം ചെയ്യുന്ന മേഖലയാണിത്. ലാഭകരമായി ചെയ്യാവുന്ന ഈ ബിസിനസ്സില്‍ സപ്ലൈ ചെയിന്‍ എക്‌സിക്യൂട്ടീവുകളുടെ പങ്ക് വലുതാണ്.
കപ്പലുകളിലേക്കുള്ള ഭക്ഷണ വിതരണം, കപ്പലുകളുടെ അറ്റകുറ്റപണി, കണ്ടെയിനറുകളുടെ തുടര്‍യാത്രകള്‍, കാര്‍ഗോ സ്‌റ്റോറേജ് എന്നീ മേഖലകളിലെല്ലാം ധാരാളം തൊഴിലവസരങ്ങളുണ്ടാവും. ടെര്‍മിനലില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഇന്ധനം നിറക്കാനുള്ള സൗകര്യം എന്നിവയും പുതിയ തൊഴിലവസരങ്ങള്‍ തുറക്കും.
കപ്പലുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത് ഷിപ്പ് കാന്‍ഡ്‌ലേഴ്‌സ് എന്ന കമ്പനിയ്ക്കാണ്. ഒരു വര്‍ഷം 200 കപ്പലുകളാണ് ടെര്‍മിനലില്‍ എത്തുന്നതെങ്കില്‍ ഒരോ കപ്പലിലേക്കും 5 ലക്ഷം രൂപയ്ക്ക് മുകളില്‍ ഭക്ഷണം എത്തിക്കേണ്ടി വരുമെന്നാണ് നിലവിലെ അനുമാനമെന്നും ഉണ്ണികൃഷ്ണന്‍ നായര്‍ പറയുന്നു. അതായത് വര്‍ഷാവര്‍ഷം പത്ത് കോടി രുപയുടെ ഭക്ഷണം വിറ്റഴിക്കാനാകും.
കണ്ടെയ്‌നറുകളുടെ ഉപയോഗക്ഷമത പരിശോധിക്കുന്നതാണ് മറ്റൊരു പ്രധാന മേഖല. ഇതിനായുള്ള പരിശോധന കേന്ദ്രങ്ങളും നിലവില്‍ വരും. കണ്ടെയിനറുകളുടെ കേടുപാട് തീര്‍ത്ത് പെയിന്റിങ്ങ് നടത്തുന്ന ഓഫ്‌ഷോര്‍ റിപ്പെയറിങ്ങും പുതിയ തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സെസ് മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ നിരവധി സ്ഥാപനങ്ങളും പുതുതായി പ്രവര്‍ത്തനമാരംഭിക്കും. ഈ സ്ഥാപനങ്ങളിലെല്ലാം അയിരക്കണക്കിന് തൊഴിലവസരങ്ങളുണ്ടാവും.
മലേഷ്യയില്‍ ഒരു ടെര്‍മിനല്‍ തുടങ്ങി മൂന്നു വര്‍ഷത്തിനകം 724 സ്ഥാപനങ്ങളാണ് സമീപ പ്രദേശത്ത് മുളപൊട്ടിയത്. കാര്യക്ഷമമായ പുരോഗമനപ്രവര്‍ത്തനം പ്രാവര്‍ത്തികമായാല്‍ ഇതുപോലൊരു കുതിച്ചു ചാട്ടം കൊച്ചിയിലും പ്രതീക്ഷിക്കാമെന്ന് ഉണ്ണികൃഷ്ണന്‍ നായര്‍ വിലയിരുത്തുന്നു.
കേരളത്തിന്റെ ഉള്‍നാടന്‍ ജലപാതകളില്‍ നിന്നുള്ള കാര്‍ഗൊ ബാര്‍ജുകള്‍ വഴി വല്ലാര്‍പ്പടാത്തെത്തിക്കാമെന്നതും മറ്റൊരു നേട്ടമാണ്. ഈ സാഹചര്യത്തില്‍ ബാര്‍ജ് മേഖലയിലും സംരംഭകര്‍ക്കുള്ള അവസരങ്ങള്‍ നിരവധിയാണ്. കുടാതെ വന്‍തോതില്‍ കണ്ടെയിനറുകളെത്തുന്നതോടെ ഇവ നീക്കുന്നതിനും മറ്റുമായി നിരവധി ട്രെയിലറുകളും ആവശ്യമായി വരും. ഇത് ട്രെയിലര്‍ ഡ്രൈവര്‍മാര്‍ക്കും തൊഴിലവസരങ്ങള്‍ തുറക്കും. കൂടാതെ ഷിപ്പിങ്ങ് ഏജന്‍സികളുടെ വരവും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. അക്കൗണ്ടന്റുകള്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരടക്കമുള്ള തസ്തികകളിലെല്ലാം എജന്‍സികളില്‍ തൊഴിലവസരങ്ങളുണ്ടാവും.
ഏകദേശം 200 കപ്പലുകളിലെ ക്രൂ മെമ്പര്‍മാരാണ് പ്രതിവര്‍ഷം കൊച്ചിയിലെത്തുന്നത്. ഇത് കൊച്ചിയിലെ വിനോദ സഞ്ചാരമേഖലയ്ക്കും പുത്തന്‍ ഉണര്‍വ് പകരും. ടെര്‍മിനല്‍ സന്ദര്‍ശിക്കുന്നവരിലൂടെ വിവരങ്ങള്‍ ശേഖരിച്ച് കൊച്ചിയിലേക്ക് ടൂറസ്റ്റുകള്‍ വരുന്നത് കൂടാനും സാധ്യതയുണ്ട്. ടൂറിസം രംഗത്ത് മാത്രം ഒരു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ തുറക്കുമെന്നാണ് കരുതുന്നത്. വല്ലാര്‍പ്പാടത്തെ വികസനം സമീപ ഗ്രാമങ്ങളിലും വികസനത്തിന് കാരണമാകും. നിര്‍മാണരംഗം സജീവമാകുന്നതോടെ ഈ മേഖലയിലും ധാരാളം തൊഴിലവസരങ്ങളുണ്ടാവും.
വല്ലാര്‍പാടം ദ്വീപില്‍ 110 ഹെക്ടര്‍ പ്രദേശത്താണ് ടെര്‍മിനല്‍ നിര്‍മിച്ചിരിക്കുന്നത്. വല്ലാര്‍പാടം ടെര്‍മിനലിന്റെ വരവ് വമ്പിച്ച വിപണന സാധ്യതകൂടിയാണ് തുറക്കുന്നത്. ഏകദേശം 200 കപ്പലുകളിലെ ക്രൂ മെമ്പര്‍മാര്‍ കൊച്ചിയിലെത്തുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും വമ്പിച്ച കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം. ചരക്കുകടത്തില്‍ സമയലാഭം, ചുരുങ്ങിയ ചിലവിലുള്ള ചരക്കുകടത്ത്, കയറ്റുമതി രംഗത്തെ പുരോഗമനം എന്നിവയൊക്കെയാണ് ടെര്‍മിനലിന്റെ വരവോടെ യാഥാര്‍ത്ഥ്യമാവുന്നത്.
Tags: opening high opportunities
