vallarpadam head



ഒരു കപ്പല്‍ തുറമുഖത്ത് വന്ന് ചരക്ക് ഇറക്കി മടങ്ങിപ്പോകുന്നതിന് തുറമുഖത്ത് പാലിക്കേണ്ടതായ ഒരുപാട് നടപടിക്രമങ്ങളുണ്ട്. ചരക്ക് കയറ്റുന്നതിനും ഈ നടപടിക്രമങ്ങള്‍ ബാധകമാണ്.

ചരക്കുകള്‍ കയറ്റിറക്കുമതി നടത്തുന്ന വ്യവസായ സമൂഹം ഈ നടപടിക്രമങ്ങള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വ്യവസായികളെ സഹായിക്കുവാന്‍ വിവിധ ഏജന്‍സികള്‍ തുറമുഖത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റീമര്‍ ഏജന്‍റുമാര്‍, സ്റ്റീവ്‌ഡോറിങ് ഏജന്‍റുമാര്‍, കസ്റ്റംഹൗസ് ഏജന്‍റുമാര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണ് പ്രധാനമായും വ്യവസായികളെ സഹായിക്കുന്നത്. ഇവര്‍ക്കെല്ലാം അവരുടേതായ ചുമതലകളുണ്ട്. കസ്റ്റംസിന്റെയും സര്‍ക്കാരിന്റെയും ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവരാണ് ഏജന്‍റുമാര്‍.

വന്‍കിട കമ്പനികള്‍ വരെ തുറമുഖത്ത് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റീമര്‍ ഏജന്‍സികള്‍ പലതും അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്.

സ്റ്റീമര്‍ ഏജന്‍റ്

തുറമുഖത്ത് നങ്കൂരമിടുന്ന കപ്പലുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും സ്റ്റീമര്‍ ഏജന്‍റുമാര്‍ക്കാണ്. കപ്പലുകള്‍ ബുക്ക് ചെയ്യുന്നതും തുറമുഖങ്ങളിലേക്ക് കൊണ്ടുവരുന്നതും അവയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതുമെല്ലാം സ്റ്റീമര്‍ ഏജന്‍റുമാരാണ്. തുറമുഖത്ത് നങ്കൂരമിടുന്ന കപ്പലിന്റെ ചുമതലക്കാര്‍ എന്ന രീതിയിലാണ് സ്റ്റീമര്‍ ഏജന്‍റ്‌സ് പ്രവര്‍ത്തിക്കുന്നത്. കപ്പലിലെ ചരക്ക് ഏറ്റവും വേഗത്തില്‍ തുറമുഖത്ത് ഇറക്കി, കപ്പലുകളെ മടക്കിഅടയ്ക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യേണ്ടതും സ്റ്റീമര്‍ ഏജന്‍റുമാരുടെ ചുമതലയാണ്.

കപ്പലിന് ആവശ്യമായി വന്നാല്‍ സുരക്ഷാസൗകര്യങ്ങള്‍ വരെ ഏര്‍പ്പാടുചെയ്യുന്നതും ഇവരാണ്. കപ്പലിലെ ജീവനക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും വെള്ളം, വെളിച്ചം എന്നിവയുമെല്ലാം സ്റ്റീമര്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ എത്തിച്ചുകൊടുക്കും. കപ്പല്‍ ജീവനക്കാര്‍ക്ക് പുറത്തേക്ക് പോകേണ്ടതുണ്ടെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകളും ഇവര്‍ ചെയ്യണം. ക്രൂയീസ് കപ്പലുകള്‍ വരുമ്പോള്‍ സഞ്ചാരികളുടെ യാത്രാപരിപാടികളെല്ലാം സംഘടിപ്പിക്കുന്നതും ഇവരാണ്. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റീമര്‍ ഏജന്‍റുമാര്‍ക്ക് തൊഴിലാളികളുണ്ട്. കണ്ടെയ്‌നര്‍ ലാഷിങ്, അണ്‍ലാഷിങ് ജോലികള്‍ ഇവരാണ്‌ചെയ്യുന്നത്. സ്റ്റീമര്‍ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് വേണം.

കസ്റ്റം ഹൗസ് ഏജന്‍റുമാര്‍

തുറമുഖത്ത് എത്തുന്ന ചരക്ക് കസ്റ്റംസ് പരിശോധനകള്‍ക്ക് വിധേയമാക്കി രേഖകള്‍ തയ്യാറാക്കിക്കൊടുക്കുന്ന ജോലി ചെയ്യുന്നവരാണ് കസ്റ്റം ഹൗസ് ഏജന്‍റുമാര്‍. കസ്റ്റംസിന്റെ ലൈസന്‍സുള്ളവര്‍ക്ക് ഈ ജോലികള്‍ ചെയ്യുവാന്‍ അധികാരമുണ്ട്. കസ്റ്റംസിന്റെ പരിശോധനകള്‍ക്കുശേഷം ചരക്ക്, ഉടമസ്ഥന്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ജോലികളും ഹൗസ് ഏജന്‍റുമാര്‍ ഏറ്റെടുക്കാറുണ്ട്.
കസ്റ്റംസിന്റെ പരിശോധന പൂര്‍ത്തിയാക്കി ചരക്ക് ഉടമസ്ഥന് കൈമാറുന്നതുവരെയുള്ള ജോലികളുടെ ഉത്തരവാദിത്വമാണ് ഇവര്‍ വഹിക്കുന്നത്.

സ്റ്റീവ് ഡോറിങ് ഏജന്‍റുമാര്‍

ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ജോലികളുടെ ഉത്തരവാദിത്വമാണ് സ്റ്റീവ് ഡോര്‍ ഏജന്‍റുമാര്‍ക്കുള്ളത്. കേടുപാടുകള്‍ കൂടാതെ ചരക്ക് കൈകാര്യം ചെയ്യണം. ഇതിനാവശ്യമായ ജോലിക്കാരെ നിയോഗിക്കണം. പോര്‍ട്ടിലെ ഗ്യാംഗുകളെ ഇവരാണ് ഏര്‍പ്പാടാക്കുന്നത്. ആവശ്യമായി വന്നാല്‍ സ്വകാര്യമേഖലയിലെ ജോലിക്കാരെയും പ്രയോജനപ്പെടുത്തും. ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ വേഗം വളരെ പ്രധാനപ്പെട്ടതാണ്. ചരക്കുകള്‍ക്കുവേണ്ടി കൂടുതല്‍ ദിവസം തുറമുഖത്ത് കിടന്നാല്‍ കപ്പലുകള്‍ക്ക് ഡെമറേജ് നല്‍കേണ്ടിവരും. ഇതൊഴിവാക്കുന്നതിന് വേഗത്തില്‍ ചരക്കുകള്‍ കൈകാര്യം ചെയ്യുന്ന ചുമതലയാണ് സ്റ്റീവ് ഡോറിങ് ഏജന്‍റുമാര്‍ ഏറ്റെടുക്കുന്നത്.

വല്ലാര്‍പാടം ടെര്‍മിനല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ ഏജന്‍സികള്‍ വേണം. ഏജന്‍സി ഓഫീസുകളെല്ലാം ഐലന്‍റിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നുകൊണ്ട് വല്ലാര്‍പാടത്തെ ജോലികള്‍ നിയന്ത്രിക്കുന്നതിന് ഏജന്‍സികള്‍ക്ക് കഴിയും. വല്ലാര്‍പാടത്തെയും ഐലന്‍റിനെയും ബന്ധിപ്പിക്കുന്ന റോ-റോ സര്‍വീസ് ഇവരുടെ ജോലികള്‍ക്ക് സഹായകമാകും. അതേസമയം റോ-റോ സര്‍വീസിന്റെ ചെലവുകള്‍ മേഖലയ്ക്ക് അധികബാധ്യതയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:   center



MathrubhumiMatrimonial