githadharsanam

ഗീതാദര്‍ശനം - 715

Posted on: 10 Feb 2011

സി. രാധാകൃഷ്ണന്‍



മോക്ഷ സംന്യാസയോഗം


പരമ്പരാഗതങ്ങളായ ആചാരങ്ങള്‍ അനുഷ്ഠിക്കാതിരുന്നാല്‍ പാപം ഉണ്ടാവില്ലേ എന്നു ശങ്കിക്കേണ്ടതില്ല. ഉണ്ടാവില്ല. കാരണം, പരമാത്മാവിലേക്കുള്ള തീര്‍ഥയാത്രയില്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇതിന്റെ ഒന്നിന്റെയും ആവശ്യം വരുന്നില്ല.
ഏകവും അദൈ്വതവുമാണ് പരംപൊരുള്‍. സാരൂപ്യം സാധിക്കുന്നതോടെ എല്ലാ ധാരണകളും പോയി, സര്‍വധര്‍മങ്ങളും അപ്രസക്തങ്ങളായി.
മോക്ഷമാര്‍ഗം ലോകത്തിനൊട്ടാകെ ആവശ്യമായതിനാല്‍ ഇത് എല്ലാരെയും അറിയിക്കേണ്ടത് സര്‍വഭൂതഹിതം കാംക്ഷിക്കുന്നവരുടെയെല്ലാം ചുമതലയല്ലേ?
അതെ. പക്ഷേ,
ഇദം തേ നാതപസ്‌കായ
നാഭക്തായ കദാചന
ന ചാശുശ്രൂഷവേ വാച്യം
ന ച മാം യോശഭ്യസൂയതി
ഇത് (ഗീതാശാസ്ത്രം) മനസ്സിന് ഏകാഗ്രതയില്ലാത്തവന് നീ ഒരിക്കലും ഉപദേശിക്കരുത്. ഈശ്വരഭക്തിയില്ലാത്തവനും കേള്‍ക്കാന്‍ താത്പര്യമില്ലാത്തവനും പരംപൊരുളിനെ (അഹങ്കാരം നിമിത്തം) വെറുക്കുന്നവനും ഉപദേശിക്കരുത്.
ഗീതാമൃതം രുചിക്കാനും ഉള്‍ക്കൊള്ളാനും അര്‍ഹരും അധികാരികളും പാകപ്പെട്ടവരും അല്ലാത്തവര്‍ ആരെല്ലാമെന്ന് എണ്ണിപ്പറയുന്നു. മനസ്സിന് ഏകാഗ്രതയില്ലാത്തവരോട് ഗീത ഉപദേശിക്കുന്നത് പാഴ്‌വേലയാണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ക്കിത് ഗ്രഹിക്കാന്‍ കഴിവില്ല. അതുണ്ടെന്നാലും ഈശ്വരപ്രേമമില്ലാത്തവര്‍ ഇതിന് അര്‍ഹരല്ല. കാരണം, ഭക്തിയുടെ ആര്‍ദ്രതയില്ലാത്ത മണ്ണില്‍ ഈ ചെടി വേരുപിടിക്കില്ല. കേള്‍ക്കാന്‍ താത്പര്യമില്ലാത്തവരെ പിടിച്ചു നിര്‍ത്തി പറഞ്ഞു കേള്‍പ്പിക്കരുത്. അഭിരുചിയാണല്ലോ ഏതു വിദ്യ പഠിക്കാനും പ്രാഥമികമായി വേണ്ടത്. 'എന്നേക്കാള്‍ കേമനായി ഏത് പരംപൊരുള്‍!' എന്ന നിലപാടുകാരോടും പറയേണ്ടതില്ല. മുട്ടാപ്പോക്കു പോയി ദുരന്തപ്പാറകളിലിടിച്ച് തലകുത്തിവീണ് പാഠം പഠിയുവോളം അവര്‍ അവരുടെ വഴിക്കു പോകാനുള്ളവരാണ്.
ഇപ്പറഞ്ഞ അയോഗ്യതകള്‍ സ്വപ്രയത്‌നംകൊണ്ടു നീക്കിയാല്‍ ആരും ഗീത പഠിക്കാന്‍ അര്‍ഹരാകും എന്ന സൂചനയും ഈ പദ്യം നല്‍കുന്നു. പരിഹരിക്കാനാവാത്ത അയോഗ്യത ആര്‍ക്കുമില്ലെന്ന് സാരം. ആരെയും എന്നേക്കുമായി എഴുതിത്തള്ളുന്നില്ല. ഏവരുടെയും കാര്യത്തില്‍ ശുഭപ്രതീക്ഷയ്ക്ക് വകയുണ്ട്. പാത്രം വൃത്തിയാവോളം വിളമ്പരുതെന്നു മാത്രം.

(തുടരും)



MathrubhumiMatrimonial