vallarpadam head

പ്രതിസന്ധികള്‍ ഊര്‍ജമായി; പ്രതീക്ഷകള്‍ സഫലമായി

Posted on: 09 Feb 2011


വല്ലാര്‍പാടം ടെര്‍മിനലിന്റെ ഡ്രൈവിങ് ഫോഴ്‌സ്..... തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.രാമചന്ദ്രന്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍. ഒപ്പം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍. - ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
പ്രതിസന്ധിയുടെ പെരുങ്കടലിലായിരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയെ യാഥാര്‍ഥ്യത്തിന്റെ തീരത്തെത്തിച്ചത് തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍. രാമചന്ദ്രനാണ്. അസം കേഡറിലെ ഐപിഎസുകാരന്‍ തുറമുഖ ട്രസ്റ്റ് ചെയര്‍മാനായി വന്നപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. തുറമുഖത്തിന് അത്യാവശ്യമായിരുന്ന അച്ചടക്കത്തിന്റെ പാഠങ്ങള്‍ പകര്‍ന്നതിനൊപ്പം കൊച്ചിയുടെ സ്വപ്നപദ്ധതിയെ നിര്‍വഹണസന്ധിയിലേക്ക് എത്തിച്ചതും രാമചന്ദ്രന്റെ നിശ്ചയദാര്‍ഢ്യവും അക്ഷീണപ്രയത്‌നവുമാണ്. പ്രതിസന്ധികളാണ് പ്രവര്‍ത്തിക്കുവാന്‍ തനിക്ക് ഊര്‍ജമായതെന്ന് അദ്ദേഹം പറയുന്നു.

പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുക എന്നതായിരുന്നു പദ്ധതി നേരിട്ട മുഖ്യവെല്ലുവിളിയെന്ന് രാമചന്ദ്രന്‍ പറഞ്ഞു. 1940-കളിലെ മാപ്പുകളാണ് ഓഫീസുകളില്‍ ഉണ്ടായിരുന്നത്. ഇതുപ്രകാരം പദ്ധതിപ്രദേശവും അനുബന്ധമേഖലകളും കണ്ടല്‍ക്കാടുകളായിരുന്നു. തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഇവിടെ കൊണ്ടുവന്ന് ഓരോ മേഖലയും നേരില്‍ക്കാണിച്ച് ബോധ്യപ്പെടുത്തി. ടെര്‍മിനലിനും റോഡിനും റെയിലിനുമൊക്കെ പ്രത്യേകം അനുമതി വേണ്ടിവന്നു. ക്ലാര്‍ക്കുമുതല്‍ സെക്രട്ടറിവരെയുള്ള തലങ്ങളില്‍ പലവട്ടം കയറിയിറങ്ങിയാണ് അനുമതി സമ്പാദിച്ചത്.

പണമായിരുന്നു അടുത്ത പ്രശ്‌നം. കടത്തില്‍ കഴിയുന്ന തുറമുഖ ട്രസ്റ്റിന് പണംമുടക്കുക അസാധ്യമായിരുന്നു. ഇത് കേന്ദ്രത്തെ ബോധ്യപ്പെടുത്തി. ഒട്ടേറെ തടസ്സവാദങ്ങളെ മറികടന്നാണ് കേന്ദ്രം അടിസ്ഥാന സൗകര്യ വികസനത്തിന് 1600 കോടിയിലധികം മുടക്കിയത്.

2005 ഫിബ്രവരിയില്‍ തറക്കല്ലിട്ട പദ്ധതി കരാര്‍ പ്രകാരം 2013 ഫിബ്രവരിയില്‍ തീര്‍ന്നാല്‍ മതിയായിരുന്നു. എന്നാല്‍, ഇത് 2009 ഡിസംബറില്‍ തീരണമെന്ന് ലക്ഷ്യം വയ്ക്കുകയായിരുന്നു. പിന്നീട് 2010 മാര്‍ച്ചാക്കി. അത് പിന്നീട് സപ്തംബറും ഡിസംബറുമാക്കി. ഒടുവിലിതാ ആറുവര്‍ഷംകൊണ്ട് യാഥാര്‍ഥ്യമായിരിക്കുന്നു. കാലതാമസം ഒഴിവാക്കാനാണ് തീയതികള്‍ നേരത്തെയാണെന്ന് പ്രചരിപ്പിച്ചത്. അതു ഗുണം ചെയ്തതായി രാമചന്ദ്രന്‍ പറഞ്ഞു.

വ്യക്തിപരമായ കഴിവല്ല, ടീംവര്‍ക്കിന്റെ വിജയമാണ് വല്ലാര്‍പാടം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തെ തൊഴിലാളികളും ഉദ്യോഗസ്ഥരും റോഡ്-റെയില്‍ പദ്ധതിയുടെ ചുമതലക്കാരുമെല്ലാം സഹകരിച്ച് പ്രവര്‍ത്തിച്ചു.

തുറമുഖത്തിന് താത്കാലിക പ്രതിസന്ധിയുണ്ടെങ്കിലും 2015 ഓടെ ലാഭത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. വല്ലാര്‍പാടത്തെ വരുമാനവും എല്‍എന്‍ജി ടെര്‍മിനല്‍ വഴി ലഭിക്കുന്ന വരുമാനവും ചേരുമ്പോള്‍ തുറമുഖം മികച്ച ലാഭത്തിലാകും. കൊച്ചിക്കും കേരളത്തിനും മാത്രമല്ല, ഭാരതത്തിന്റെ സാമ്പത്തിക വ്യാവസായിക വളര്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുന്ന പദ്ധതിയായി വല്ലാര്‍പാടം മാറുമെന്നും അദ്ദേഹം പറഞ്ഞു.




MathrubhumiMatrimonial